Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 11:54 pm

Menu

Published on May 8, 2013 at 6:01 am

വേനല്‍രോഗങ്ങള്‍ സൂക്ഷിക്കുക

beware-of-summer-diseases

രോഗങ്ങള്‍ വിരുന്നെത്തുന്ന കാലമാണ് വേനല്‍ക്കാലം. ശരീരത്തിന്റെ ഉന്മേഷവും ബലവും കുറഞ്ഞിരിക്കുന്ന വേനല്‍ക്കാലത്ത് ഒരസുഖമെങ്കിലും ഉണ്ടാകാത്തവര്‍ ചുരുക്കമാവും. ചൂടിന്റെ കാഠിന്യം മനുഷ്യനെ രോഗിയാക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ നാം ശരിയായ മുന്‍കരുതലുകള്‍ എടുക്കണം.
വേനല്‍ക്കാലത്ത് ഒരു ദിവസം അഞ്ചു മുതല്‍ ആറു ലിറ്റര്‍ വരെ ജലം ശരീരത്തില്‍ നിന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. പത്ത് മുതല്‍ പന്ത്രണ്ട് ഗ്രാം വരെ ലവണങ്ങളും ജലാംശത്തിന്റെ കൂടെ നഷ്ടപ്പെടുന്നു. ശരീരത്തിലെ ജലാംശം നഷ്ടപ്പെടുമ്പോള്‍ “ഡീഹൈഡ്രേഷന്‍” അഥവാ “നിര്‍ജലീകരണം” എന്ന അവസ്ഥ ഉണ്ടാകുന്നു. ഉന്മേഷക്കുറവ്, ദാഹം, ക്ഷീണം എന്നിവയാണ് നിര്‍ജലീകരണാവസ്ഥയുടെ തുടക്കം. ഇത് തുടക്കത്തില്‍ പരിഹരിച്ചില്ലെങ്കില്‍ ശരീരത്തിന്റെ ഉണര്‍വ് തന്നെ നഷ്ടപ്പെടുകയും മസ്തിഷ്ക സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്യും. മോഹാലസ്യം, അപസ്മാരം തുടങ്ങിയവയിലൂടെ ജീവനുതന്നെ അപകടമുണ്ടാകാം. നിര്‍ജലീകരണം ഉണ്ടാകുന്ന അവസ്ഥയില്‍ ധാരാളം വെള്ളം കുടിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

ടൈഫോയ്ഡ്:-
വേനല്‍ക്കാലത്ത് വെള്ളത്തിലൂടെ പകരുന്ന രോഗങ്ങള്‍ക്ക് സാധ്യത ഏറെയാണ്. ജലത്തിലൂടെയും ആഹാരപദാര്‍ത്ഥങ്ങളിലൂടെയും പകരുന്ന രോഗമാണ് ടൈഫോയ്ഡ്, പനി, വയറിളക്കം, വയറുവേദന, ഛര്‍ദ്ദില്‍, തലവേദന ഇവയാണ് ടൈഫോയ്ഡിന്റെ ആദ്യലക്ഷണങ്ങള്‍. പ്രധാനമായും കുടലിനെ ബാധിക്കുന്ന രോഗമാണിത്. ടൈഫോയ്ഡ് വന്നാല്‍ വിദഗ്ധഡോക്ടറുടെ ചികിത്സ തേടേണ്ടത് ആവശ്യമാണ്. രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു തന്നെ ചികിത്സ നടത്തണം.

മഞ്ഞപ്പിത്തം:-
വെള്ളത്തില്‍ കൂടിയും ആഹാരപദാര്‍ത്ഥങ്ങളില്‍ കൂടിയും പകരുന്ന മറ്റൊരു രോഗമാണ് മഞ്ഞപ്പിത്തം. മൂത്രത്തിന് സ്ഥിരമായുള്ള മഞ്ഞനിറം, കണ്ണിന് മഞ്ഞനിറം, വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദ്ദി, വയറിന് അസ്വസ്ഥത എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍. ഹെപ്പറ്റൈറ്റിസ്-എ, വളരെ അപൂര്‍വമായി ഹെപ്പറ്റൈറ്റിസ്-ഇ എന്നീ വിഭാഗത്തില്‍പെട്ട വൈറസുകളാണ് മഞ്ഞപ്പിത്തമുണ്ടാക്കുന്നത്. പ്രധാനമായും കരളിനെയാണ് ഈ രോഗം ബാധിക്കുന്നത്. യഥാസമയം ചികിത്സിച്ചില്ലെങ്കില്‍ “ഹെപ്പാറ്റിക് കോമ” എന്ന അതീവ ഗുരുതരാവസ്ഥയിലേക്കു പോയി മരണം വരെ സംഭവിക്കാം. മഞ്ഞപ്പിത്തമുള്ള രോഗിക്ക് വിശ്രമം വളരെ ആവശ്യമാണ്. വൃത്തിയായി പാകം ചെയ്ത ആഹാരം മാത്രമേ കഴിക്കാവൂ. അന്നജം അടങ്ങിയ അരിയാഹാരങ്ങള്‍, പഴങ്ങള്‍ എന്നിവ കഴിക്കുകയും കൊഴുപ്പും എണ്ണയും ആഹാരത്തില്‍ നിന്ന് ഒഴിവാക്കുകയും വേണം. രോഗിയുടെ മൂത്രവും രക്തവും പരിശോധിക്കുന്നതിലൂടെ മഞ്ഞപ്പിത്തം സ്ഥിരീകരിക്കാം. രോഗകാരണമായ വൈറസിനെതിരെ ശരീരം നിര്‍മ്മിക്കുന്ന ആന്റിബോഡികള്‍ രക്തത്തിലുണ്ടാവും. ഈ ആന്റിബോഡികളുടെ സാന്നിധ്യം മനസിലാക്കുന്നതിലൂടെയാണ് വൈറസിന്റെ സാന്നിധ്യം തിരിച്ചറിയുന്നത്.

അതിസാരം:-
വേനല്‍ക്കാലത്തുണ്ടാകുന്ന മറ്റൊരു രോഗമാണ് അതിസാരം. “സാല്‍മൊണെല്ല”, “ഷീഗെല്ല” എന്നിങ്ങനെ രണ്ടുതരത്തിലുള്ള ബാക്ടീരിയാകളാണ് ഈ രോഗമുണ്ടാക്കുന്നത്. വയറുവേദനയും തുടരെത്തുടരെയുണ്ടാകുന്ന വയറിളക്കവും പനിയുമാണ് പ്രധാന രോഗലക്ഷണങ്ങള്‍. തക്കസമയത്ത് ചികിത്സ നല്‍കിയില്ലെങ്കില്‍ രോഗിക്ക് നിര്‍ജലീകരണം ഉണ്ടാകാം. തിളപ്പിച്ചാറിയ വെള്ളം, കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം ഇവ ധാരാളം കുടിക്കണം. ശരീരത്തില്‍ നിന്നും നഷ്ടപ്പെടുന്ന ലവണങ്ങളുടെ അളവ് നിലനിര്‍ത്തുന്നതിന് അതിസാര രോഗികള്‍ “ഓറല്‍ റീഹൈഡ്രേഷന്‍ സാള്‍ട്ട്”് വെള്ളത്തില്‍ ലയിപ്പിച്ച് ഇടയ്ക്കിടെ കുടിക്കണം.

കോളറ:-
“വിബ്രിയോ കോളറെ” എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന ഒരു വേനല്‍രോഗമാണ് കോളറ. സാധാരണയായി തീരപ്രദേശങ്ങളിലാണ് ഈ രോഗം കണ്ടുവരുന്നത്. വൃത്തിയും വെടിപ്പുമില്ലായ്മയാണ് ഈ രോഗമുണ്ടാകാനുള്ള പ്രധാന കാരണം. തുടര്‍ച്ചയായ വയറിളക്കം, വയറുവേദന, ഛര്‍ദ്ദി ഇവയാണ് രോഗലക്ഷണങ്ങള്‍. രോഗം തുടങ്ങി അല്പ സമയത്തിനുള്ളില്‍ തന്നെ രോഗി ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നു എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. രക്തസമ്മര്‍ദ്ദം പെട്ടെന്ന് താഴുകയും പള്‍സ് വളരെ കുറയുകയും ചെയ്യും. രോഗി അബോധാവസ്ഥയിലായിരിക്കും. കോളറാ രോഗിയെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിച്ച് വിദഗ്ധ ഡോക്ടറുടെ ചികിത്സ ലഭ്യമാക്കേണ്ടതാണ്.

കൊതുക്ജന്യരോഗങ്ങള്‍:-::
വേനല്‍ കഴിഞ്ഞ് മഴക്കാലമാകുന്നതോടെയാണ് കൊതുകുജന്യരോഗങ്ങള്‍ ഉണ്ടാകുന്നത്. മലമ്പനി, ഫൈലേറിയാസിസ് തുടങ്ങിയ രോഗങ്ങള്‍ കൊതുക് പരത്തുന്നവയാണ്.

അലര്‍ജിയും ത്വക്ക്രോഗങ്ങളും:-
ത്വക്ക് രോഗങ്ങളും വേനലില്‍ പ്രത്യക്ഷപ്പെടുന്നു. വേനല്‍ക്കാലത്ത് ശരീരം കൂടുതല്‍ വിയര്‍ക്കുന്നതുമൂലമാണ് ത്വക്ക്രോഗങ്ങള്‍ കൂടുതലായുണ്ടാകുന്നത്. “ഫോട്ടോഡെര്‍മറ്റൈറ്റിസ്” ആണ് വേനല്‍ക്കാല ത്വക്ക്രോഗങ്ങളില്‍ പ്രധാനം. ഇത്തരക്കാരുടെ ശരീരത്തില്‍ തൊലി പൊട്ടുകയും ത്വക്ക് വിണ്ട് പിളര്‍ന്ന് നിറം മാറുകയും ചെയ്യും.
ശരീരത്തില്‍ ചൂടുകുരു ഉണ്ടാകുന്നതും വേനല്‍ക്കാലത്ത് സാധാരണയാണ്. സൂര്യതാപം ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. “കലാമിന്‍ ലോഷന്‍” ഈ സമയത്ത് ത്വക്കില്‍ പുരട്ടുന്നത് നല്ലതാണ്. ത്വക്കിന് അലര്‍ജിയുണ്ടാക്കാത്ത സോപ്പ് ഉപയോഗിക്കുകയും വേണം. വേനല്‍ക്കാലത്ത് അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രത്യേകിച്ചും അടിവസ്ത്രങ്ങള്‍ കോട്ടണ്‍ ആയിരിക്കണം.
വേനല്‍ക്കാലത്ത് സസ്യങ്ങളില്‍ നിന്നുള്ള പൂമ്പൊടി അന്തരീക്ഷത്തില്‍ കൂടുതലായിരിക്കും. ഇതുകാരണം പലര്‍ക്കും അലര്‍ജിയുണ്ടാകുന്നു. ആസ്തമ രോഗികള്‍ക്ക് ഈ സമയത്ത് അസുഖം കൂടാനും സാധ്യതയുണ്ട്. വേനല്‍ക്കാലത്ത് “ഹീറ്റ് സ്ട്രോക്ക്” അഥവാ “ഉഷ്ണാഘാതം” അപൂര്‍വ്വമായി കണ്ടുവരുന്നു.
വടക്കേയിന്ത്യയിലാണ് ഇത് കണ്ടുവരുന്നത്. അന്തരീക്ഷ ഊഷ്മാവ് 40 ഡിഗ്രിക്കു മുകളിലാകുമ്പോഴാണ് ഇതു സംഭവിക്കുന്നത്. സൂര്യപ്രകാശം കൂടുതലായി ഏല്‍ക്കുന്നവര്‍ക്ക് “നോണ്‍മെലനോമ കാന്‍സര്‍” എന്ന കാന്‍സര്‍ രോഗവും ത്വക്കില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ശരീരത്തിന്റെ രോഗപ്രതിരോധശേഷിക്ക് സൂര്യപ്രകാശം തകരാറുകള്‍ സൃഷ്ടിക്കുന്നു. സൂര്യപ്രകാശത്തില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികളില്‍ 290 മുതല്‍ 320 നാനോമീറ്റര്‍ വരെ തരംഗ ദൈര്‍ഘ്യമുള്ള രശ്മികള്‍ ത്വക്കില്‍ ചുവപ്പുനിറമുണ്ടാക്കുന്നു. നീരിളക്കം പോലെ ത്വക്കില്‍ ചുവന്നു തടിച്ച പാടുകളുണ്ടാകും.

വേനല്‍ രോഗങ്ങളെ പ്രതിരോധിക്കാം
സൂര്യപ്രകാശത്തെ തടയുന്ന സൂര്യസ്ക്രീനുകളും ശരീരത്തില്‍ പുരട്ടാനുള്ള കെമിക്കല്‍ ക്രീമുകളും ഇപ്പോള്‍ ലഭ്യമാണ്. പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്കാണ് ത്വക്ക് രോഗങ്ങള്‍ക്കുള്ള സാധ്യത കൂടുതല്‍. ഇറുകിയ വസ്ത്രധാരണരീതിയാണ് ഇതിനു കാരണം. വേനല്‍ക്കാലത്ത് അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ ധാരാളമുണ്ടാകുന്നതിനാല്‍ കൂടുതല്‍ തവണ കുളിക്കാനും ശ്രദ്ധിക്കണം. വേനല്‍ക്കാലത്ത് ആവശ്യാനുസരണം ശുദ്ധജലം ഉപയോഗിക്കുന്നതിലൂടെ പകര്‍ച്ചവ്യാധികള്‍ തടയാനാവും. പകര്‍ച്ചവ്യാധികള്‍ ഉള്ളവരുമായി ഇടപഴകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ദഹിക്കാന്‍ പ്രയാസമുള്ള വറുത്തതും പൊരിച്ചതുമായ ആഹാരസാധനങ്ങള്‍ ഒഴിവാക്കുകയും വേണം.

Loading...

Leave a Reply

Your email address will not be published.

More News