Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നമ്മുടെ ഭക്ഷണശീലങ്ങളുമായും ഔഷധക്കൂട്ടുകളുമായും ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണ് കുരുമുളക്. കുരുമുളകിന്റെ ഗുണങ്ങളെ കുറിച്ച് നമ്മള്‍ വളരെ കാലം മുമ്പേ ബോധവാന്മാരായിരുന്നു. വിദേശികളുടെ വരവോടെ ലോകമെമ്പാടും കുരുമുളകിനു പ്രാധാന്യമേറി.
പൗരാണിക കാലം മുതല്‍ക്കു തന്നെ കുരുമുളകിനെ ഔഷധസേവയുടെ ഭാഗമായി ഉപയോഗിച്ചുവരുന്നുണ്ട്. കുരുമുളകിന്റെ പ്രധാന ഔഷധഗുണങ്ങള്‍ ഇവയാണ്. കുരുമുളക് ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ആമാശയത്തിലടങ്ങിയിരിക്കുന്ന വിഷാംശത്തെ ഇല്ലാതാക്കും. മാത്രമല്ല കഫക്കെട്ടിനുള്ള നല്ല ഔഷധമാണ് കുരുമുളക്. കുരുമുളക്, ചുക്ക്, തിപ്പലി ഇവ സമാസമം എടുത്ത് അതിന്റെ എട്ടിരട്ടി വെള്ളത്തില്‍ കഷായമാക്കി നാലില്‍ ഒന്നായി വറ്റിച്ച് 20 മില്ലീ ലിറ്റര്‍ വീതം രാവിലെയും രാത്രിയിലും കഴിച്ചാല്‍ കഫക്കെട്ടും അതോടനുബന്ധിച്ചുള്ള പനിയും മാറികിട്ടും. ഇത് പണ്ടുകാലം മുതല്‍ക്കുതന്നെ പലരും ചെയ്തുപോരുന്ന കാര്യമാണ്.
തൊണ്ട സംബന്ധമായ എല്ലാ രോഗങ്ങള്‍ക്കും കുരുമുളക് നല്ലതാണ്. തൊണ്ട വേദന, ശബ്ദമടപ്പ്, തൊണ്ടയിലെ നീര് എന്നിവ ശമിക്കുവാന്‍ കുരുമുളക് കഷായം ദിനവും മൂന്നുനാല് ആവര്‍ത്തി കഴിച്ചാല്‍ മതി. കുരുമുളകും കല്‍ക്കണ്ടവും ചേര്‍ത്ത് പല ആവര്‍ത്തി ചവച്ചാല്‍ ചുമ മാറിക്കിട്ടും. കുരുമുളകും ചുക്കും ചേര്‍ത്ത് കഷായമാക്കി കഴിച്ചാലും ചുമ മാറാന്‍ നല്ലതാണ്.
പനി, ജലദോഷം, ശരീരവേദന എന്നിവയ്ക്ക് കുരുമുളക് ചേര്‍ത്തു തിളപ്പിച്ച വെള്ളം ചെറുചൂടുള്ള അവസ്ഥയിലാക്കിയശേഷം കുളിക്കുന്നതു നല്ലതാണ്. കുരുമുളകിന്റെ ഇല വെളിച്ചെണ്ണയില്‍ കാച്ചി ദേഹത്തു പുരട്ടിയാല്‍ ചൊറി, ചിരങ്ങ് തുടങ്ങിയവ മാറും. കൂടാതെ നീര്‍താഴ്ചയ്ക്ക് ഏറ്റവും നല്ല ഔഷധമാണ് കുരുമുളക്. വെളിച്ചെണ്ണയില്‍ കുരുമുളക് ചേര്‍ത്ത് കാച്ചി തലയില്‍ തേച്ചശേഷം കുളിച്ചാല്‍ നീര്‍താഴ്ച പൂര്‍ണമായും ഭേദമാകും.
Leave a Reply