Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 5:56 am

Menu

Published on July 28, 2017 at 5:26 pm

ഡെങ്കിപ്പനി എന്ന് കേട്ടാല്‍ ഇനി പപ്പായ ഇല പറക്കാന്‍ ഓടേണ്ട; വാസ്തവമിതാ

dengue-fever-and-papaya

മഴക്കാലം സാംക്രമിക രോഗങ്ങളുടെ കാലം കൂടിയാണ്. ഇക്കാലത്ത് ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന രോഗമാണ് ഡെങ്കിപ്പനി.

ഇന്ന് ഡെങ്കിപ്പനി എന്ന് കേട്ടാല്‍ തന്നെ പലരും ആദ്യം പപ്പായ ഇല പറിക്കാന്‍ ഓടുന്നത് പതിവാണ്. പലരും ഡോക്ടര്‍ മരോടുപോലും ചോദിക്കാതെയാണ് ഇതെല്ലാം കഴിക്കുന്നത്. മാത്രമല്ല വെറുമൊരു പനിവന്നാല്‍പോലും ഡെങ്കി ആണെന്ന് ഉറപ്പിച്ചു ഒരു ലാബ് ടെസ്റ്റ് പോലും നടത്താതെ പപ്പായ ഇല കഴിക്കുന്നവരും ഉണ്ട്.

ഇത്തരക്കാര്‍ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകളുണ്ട്. പനി വന്നാല്‍ ഡെങ്കി ഭീതി പൂണ്ടു പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാനുള്ള അല്‍ഭുത മരുന്നുകള്‍ കണ്ടെത്താനും പരീക്ഷിക്കാനുമുള്ള ഓട്ടത്തിലാകുമല്ലോ മിക്കവരും. എന്നാല്‍ കേവലം പ്ലേറ്റ്‌ലറ്റ് കൗണ്ട് കൂടിയതുകൊണ്ടു ഡെങ്കി ഭേദമാകില്ലെന്ന് അറിയുക.

മൂന്നു തരം കോശങ്ങള്‍, പ്രോട്ടീന്‍ സമ്പുഷ്ടമായ പ്ലാസ്മ എന്ന ദ്രാവകത്തിലൊഴുകുന്ന മിശ്രിതമാണ് രക്തം. ചുവന്ന രക്താണുക്കള്‍, ശ്വേതരക്താണുക്കള്‍ എന്നിവ കൂടാതെ മൂന്നാമത്തെ രക്തകോശമാണ് പ്ലേറ്റ്‌ലറ്റുകള്‍. മജ്ജയില്‍ നിന്ന് രൂപം കൊള്ളുന്ന ഇവ രക്തത്തിന്റെ ഭാഗമായി മാറുന്നു.

പ്ലേറ്റ്‌ലറ്റ്കളുടെ പ്രധാന ധര്‍മ്മം മുറിവുകള്‍ ഉണ്ടാവുമ്പോള്‍ രക്തം കട്ടപിടിക്കാന്‍ സഹായിക്കുക എന്നതാണ്. മുറിവുണ്ടാകുന്ന ഭാഗത്തു ഇവ പോയി പറ്റിപിടിച്ചു വലപോലെ ഒരു മതില്‍ തീര്‍ക്കും. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്രോട്ടീനുകള്‍ ഈ വലയില്‍ വന്നു അടിയും,അങ്ങനെ പതിയെ ഈ വലയിലെ സുഷിരങ്ങള്‍ അടഞ്ഞു രക്തസ്രാവം നിലയ്ക്കും. ഇപ്രകാരം പ്ലേറ്റ്ലെറ്റുകളോടൊപ്പം മറ്റു ഘടകങ്ങളും ചേര്‍ന്നാലേ രക്തപ്രവാഹം നില്‍ക്കൂ.

പഴക്കം ചെന്ന പ്ലേറ്റ്ലെറ്റുകള്‍ പ്ലീഹയില്‍ നശിപ്പിക്കപ്പെടുകയും അതിനനുസരിച്ചു മജ്ജയില്‍ നിന്ന് പുതിയവ ഉണ്ടാവുകയും ചെയ്യുന്നത് വഴിയാണ് ഇവയുടെ എണ്ണം ക്രമീകരിക്കുന്നത്. ഡെങ്കി ഉള്ളവരില്‍ വൈറസിന്റെ ആന്റിജനുകളുടെ പ്രവര്‍ത്തനഫലമായി ഈ നശീകരണത്തിന്റെ തോത് കൂടുന്നു.

വൈറസിന് നേരിട്ട് മജ്ജയുടെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കാന്‍ കഴിയുന്നതിനാല്‍ ആവശ്യത്തിനുള്ള എണ്ണം പുതിയ പ്ലേറ്റ്ലെറ്റുകള്‍ ഉണ്ടാവുന്നില്ല. കൂടിയ തോതിലെ നശീകരണവും, കുറഞ്ഞ ഉല്‍പാദനവും എണ്ണം കുറയാന്‍ കാരണമാകുന്നു.

മാത്രമല്ല നോര്‍മല്‍ പ്ലേറ്റ്ലെറ്റ് കൗണ്ട് ഉള്ളവരിലും, ഗുരുതരമായ ഡെങ്കി ഉണ്ടാവാം. ഇതിനു കാരണമായി പറയുന്നത് ആരോഗ്യമുള്ള പ്ലേറ്റ്ലെറ്റുകളുടെ പ്രവര്‍ത്തനം താറുമാറാക്കാനുള്ള വൈറസിന്റെ കഴിവാണ്.

ഡെങ്കി എന്ന രോഗത്തിന്റെ തീവ്രതയുടെ ഒരു സൂചകം മാത്രമാണ് പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം. ഇതിനൊപ്പം മറ്റു പല ഘടകങ്ങളെയും ആശ്രയിച്ചാണ് രോഗ തീവ്രത അളക്കുന്നത്. അതുകൊണ്ടു തന്നെ പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം കൂടിയതുകൊണ്ടു മാത്രം രോഗതീവ്രത കുറയണം എന്നില്ല.

കൗണ്ട് നോര്‍മല്‍ ആയിരിക്കെ തന്നെ രക്തസ്രാവം ഉണ്ടാവാനും ഇടയുണ്ട് എന്നതും ഓര്‍ക്കുക. പപ്പായ ഇല ജ്യൂസ്, പപ്പായ എക്‌സ്ട്രാക്റ്റ് എന്നിവ ഡെങ്കിക്ക് മികച്ച ഔഷധം ആണ് എന്ന പ്രചരണം ചിലര്‍ നടത്തുന്നുണ്ട്.

പപ്പായ ഇല ജ്യൂസില്‍ അത്തരം ഒരു ഗുണം ആരോപിക്കുന്നതും, ചിലരുടെ അനുഭവ സാക്ഷ്യങ്ങളും ആണ് പൊതുവില്‍ പ്രചരിക്കുന്നത്. ഇതിനു പിന്നില്‍ പല സ്ഥാപിത താല്‍പ്പര്യങ്ങളും ഉണ്ടെന്നതും ശ്രദ്ധിക്കേണ്ടതാണ്.

പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടുക എന്നതല്ല ചികിത്സയുടെ ഏക പരിഗണനാ വിഷയം, ആയതു കൊണ്ട് മാത്രം രോഗി ഗുരുതരാവസ്ഥയില്‍ നിന്നും കര കയറണം എന്നുമില്ല.

രോഗം ഭേദമായി ആശുപത്രിയില്‍ നിന്ന് വീട്ടിലേക്കു വിടാന്‍ ഉദ്ദേശിച്ചിരിക്കുന്ന രോഗികള്‍ മുതല്‍ ഡെങ്കിപ്പനി അല്ലാത്ത പനി രോഗികള്‍ വരെ ആധികാരികമല്ലാത്ത ഇത്തരം സാരോപദേശങ്ങള്‍ കേട്ട് പപ്പായ ഇല പിഴിഞ്ഞ് കുടിച്ചു വാ പൊള്ളിയും, ഛര്‍ദ്ദി വയറിളക്കം, വയര്‍ എരിച്ചില്‍ എന്നിവ മൂലം കഷ്ടപ്പെട്ട് വീണ്ടും ആശുപത്രി വാസത്തിനു വിധേയമാവുന്ന കാഴ്ച ഇന്ന് കാണാന്‍ കഴിയുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News