Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:09 am

Menu

Published on February 18, 2019 at 12:41 pm

ചൂട് കൂടുമ്പോൾ തണുത്തത് കഴിക്കും മുന്നേ ഇതൊന്ന് വായിക്കൂ..

does-drinking-ice-cold-water-on-a-hot-day-cool-you-down

ചൂട് കൂടുമ്പോള്‍ അല്‍പം തണുത്തത് എന്തെങ്കിലും കഴിച്ച് ആശ്വാസം തേടുന്നവരാണ് നമ്മളില്‍ പലരും. ഐസ്‌ക്രീം, ജ്യൂസ്, സോഫ്റ്റ് ഡ്രിങ്ക്‌സ്, തണുത്ത വെള്ളം തുടങ്ങിയവ ആവും ചൂടിനെ തണുപ്പിക്കാനുള്ള നമ്മുടെ വഴികളും. എന്നാല്‍ ഇവ യഥാര്‍ത്ഥത്തില്‍ ചൂട് കുറയ്ക്കുന്നുണ്ടോ? ശരീരത്തിന് യോജിച്ച താപനില നിലനിര്‍ത്തുന്ന പ്രക്രിയ (തെര്‍മോ റെഗുലേഷന്‍)യെക്കുറിച്ച് അറിഞ്ഞാലേ തണുത്ത പാനീയങ്ങള്‍ ശരീരത്തില്‍ ചെയ്യുന്നതെന്തെന്ന് മനസ്സിലാകൂ. ഉഷ്ണരക്തജീവിയായ മനുഷ്യന് പരിസരത്തെ ചൂടില്‍നിന്ന് വ്യത്യസ്തമായി സ്വന്തം ശരീരത്തിന്റെ താപനില നിയന്ത്രിക്കാന്‍ കഴിയുമെന്നതാണ് തെര്‍മോ റെഗുലേഷന്റെ അടിസ്ഥാനം. പുറത്തു ചൂടുകൂടാത്ത സമയത്തും ശരീരത്തില്‍ നടക്കുന്ന ചയാപചയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശരീരം ചൂട് ഉത്പാദിപ്പിക്കുന്നുണ്ട് എന്നതും ശ്രദ്ധിക്കേണ്ടതാണ്.

ഭക്ഷണത്തിലെ പോഷകങ്ങള്‍ വിഘടിപ്പിച്ച് കോശങ്ങളിലേക്ക് ആഗിരണം ചെയ്യുന്ന സമയത്ത് ചൂട് ഉണ്ടാകുന്നുണ്ട്. തണുപ്പുള്ള വേളയില്‍ ഇത് നമുക്ക് ആശ്വാസകരമാണ്. എന്നാല്‍ ചൂടുകാലത്ത് ഇത് കൂടുതല്‍ ചൂടുണ്ടാക്കുന്ന അവസ്ഥയിലേക്ക് നീങ്ങും. ഇവിടെയാണ് തണുപ്പിനായി ഐസ്‌ക്രീം കഴിക്കുമ്പോള്‍ സംഭവിക്കുന്നത് എന്താണെന്ന് പരിശോധിക്കേണ്ടത്. താത്കാലികമായി തോന്നുന്ന തണുപ്പ് ഐസ്‌ക്രീമിലെ പോഷകങ്ങള്‍ ഊര്‍ജ്ജമായി മാറുന്ന പ്രക്രിയയില്‍ ഇല്ലാതാകുന്നു. കൂടുതല്‍ കലോറിയുള്ള ഐസ്‌ക്രീം ദഹിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ശരീരത്തില്‍ ചൂട് കൂടുകയാണ് ചെയ്യുന്നത്.

ഇനി തണുത്ത പാനീയങ്ങളുടെ കാര്യമെടുക്കാം. ഇവിടെയും പാനീയങ്ങളുടെ കലോറിയനുസരിച്ചായിരിക്കും താത്കാലികമായ തണുപ്പ് അതുണ്ടാക്കുന്ന ചൂടിനെ അതിജീവിക്കുമോ എന്നകാര്യം നിശ്ചയിക്കുക. കൂടിയ കലോറിയുള്ളവ ചൂടുകൂട്ടുമെന്ന് ചുരുക്കം. കുറഞ്ഞ അളവില്‍ വയറിലെത്തുന്ന പാനീയത്തിന്റെ തണുപ്പ് പെട്ടെന്ന് തന്നെ ശരീരത്തിലെ ചൂട് കൊണ്ട് നഷ്ടപ്പെടും. എന്നാല്‍ കൂടിയ അളവില്‍ തണുത്ത ശുദ്ധജലം കുടിക്കുമ്പോള്‍ കുറച്ച് മെച്ചമുണ്ട്. കാരണം, അത് രക്തചംക്രമണത്തെ മന്ദഗതിയിലാക്കുന്നു. അതുവഴി ചൂട് മറ്റിടത്തേക്ക് പകരുന്നത് സാവധാനമാക്കുന്നു.

ശരീരത്തിലെ താപനിയന്ത്രണം പുനര്‍ജലീകരണ(rehydration) പ്രക്രിയയുമായി ബന്ധപ്പെട്ടുകിടക്കുന്നു. ചൂട് കൂടുമ്പോള്‍ അത് പ്രധാന അവയവങ്ങളെ ബാധിക്കാതിരിക്കാന്‍ ശരീരം ശ്രദ്ധിക്കും. ത്വക്ക് വഴിയാണ് അധികതാപം കളയുന്നത്. വിയര്‍ക്കുന്നത് ഇതിനുവേണ്ടിയാണ്. ശരീരതാപനില ഉയരന്നുവെന്ന് മസ്തിഷ്‌കം തിരിച്ചറിയുമ്പോഴാണ് വിയര്‍ക്കാനുള്ള നിര്‍ദ്ദേശം കൊടുക്കുന്നത്. ശരീരത്തിലാകമാനുള്ള വിയര്‍പ്പുഗ്രന്ധികള്‍ ഈ നിര്‍ദ്ദേശം പ്രാവര്‍ത്തികമാക്കുന്നു. പ്രായപൂര്‍ത്തിയായ ഒരാളുടെ ശരീരത്തില്‍നിന്ന് ചൂടുകാലത്ത് അര ലിറ്റര്‍മുതല്‍ ഒരു ലിറ്റര്‍വരെ ജലം വിയര്‍ത്തുപോകുന്നുണ്ട്. ഇതുകൊണ്ടാണ് ശരീര താപനില നിയന്ത്രിക്കാന്‍ ധാരാളം വെള്ളം കുടിക്കണമെന്ന് പറയുന്നത്.

ചൂടുകുറയ്ക്കാന്‍ തണുത്ത ബിയര്‍ കുടിക്കുന്നവരുണ്ട്. എന്നാല്‍ അത് അശാസ്ത്രീയമാണ്. ബിയര്‍ കൂടുതല്‍ മൂത്രംപോകാന്‍ കാരണമാകും. ഇത് ശരീരത്തിലെ ജലാംശം കുറയ്ക്കുന്നു. ചുരുക്കത്തില്‍ ചൂട് കൂടാന്‍ കാരണമാകുന്നു. “ഉഷ്ണം ഉഷ്ണേന ശാന്തി” എന്നൊരു ചൊല്ലുണ്ട്. ഇത് കുറേയൊക്കെ ശാസ്ത്രീയമാണ്. കാരണം, വായയില്‍ ചൂടുള്ള പാനീയം എത്തുമ്പോള്‍ മസ്തിഷ്‌കം ചൂട് കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. ഇത് വിയര്‍പ്പുണ്ടാക്കുകയും അതുവഴി ശരീരം തണുക്കുകയും ചെയ്യും.

Loading...

Leave a Reply

Your email address will not be published.

More News