Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 12:06 am

Menu

Published on September 20, 2018 at 5:38 pm

അബോര്‍ഷനു ശേഷമുള്ള ഗര്‍ഭധാരണം ഇവ ശ്രദ്ധിക്കുക

fertility-after-miscarriage

ഗര്‍ഭം അലസി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വീണ്ടും ഗര്‍ഭധാരണം നടക്കാനുള്ള സാധ്യത കൂടുതലായിരിക്കുമെന്ന്‌ ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്‌. ഈ നിശ്ചിത കാലയളവിന്‌ ശേഷം ഗര്‍ഭധാരണ സാധ്യത സാധാരണനിലയിലാകും.

ഗര്‍ഭധാരണം നടന്ന്‌ ആദ്യമാസങ്ങളില്‍ ഗര്‍ഭം അലസുന്നതിന്റെ കാരണം പലപ്പോഴും കണ്ടെത്താന്‍ കഴിയാറില്ല. ആദ്യത്തെ 12 ആഴ്‌ചയ്‌ക്കുള്ളില്‍ ഉണ്ടാകുന്ന ഗര്‍ഭം അലസലിന്‌ കാരണമാകാറുള്ളത്‌ ക്രോമസോമുമായി ബന്ധപ്പെട്ട താളപ്പിഴകളാണ്‌. ഗര്‍ഭം അലസുന്നതിന്‌ മറ്റെന്തങ്കിലും പ്രത്യേക കാരണങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ അത്‌ കൃത്യമായി കണ്ടെത്തുക എളുപ്പമല്ല. ഒരു സ്‌ത്രീയുടെ അമ്മയാകാനുള്ള ശേഷി ഇതുമൂലം കുറയുന്നുമില്ല. പ്രത്യുത്‌പാദന വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളാലും ചില അവസരങ്ങളില്‍ ഗര്‍ഭം അലസാറുണ്ട്‌.

ഗര്‍ഭം അലസാനുള്ള സാധ്യത

ഒരുതവണ ഗര്‍ഭം അലസിയെന്ന്‌ കരുതി വീണ്ടും ഗര്‍ഭം അലസണമെന്നില്ലെന്ന്‌ വിദഗ്‌ദ്ധര്‍ പറയുന്നു. ഗര്‍ഭം അലസിയ ആരോഗ്യവതികളായ സ്‌ത്രീകളില്‍ 85 ശതമാനവും അടുത്ത തവണ ഒരു സങ്കീര്‍ണ്ണതകളുമില്ലാതെ അമ്മമാരാകുന്നു. 35 വയസ്സിന്‌ മുകളില്‍ പ്രായമുണ്ടായിരിക്കുകയും രണ്ടില്‍ കൂടുതല്‍ തവണ ഗര്‍ഭം അലസുകയും ചെയ്‌തിട്ടുണ്ടെങ്കില്‍ മാത്രമേ വീണ്ടും ഗര്‍ഭം അലസാനുള്ള സാധ്യത വര്‍ദ്ധിക്കൂ.

അമ്മയാകാനുള്ള സമയം

ഗര്‍ഭം അലസിയതിന്‌ ശേഷം ഡോക്ടര്‍ പരിശോധിച്ച്‌ ഗര്‍ഭധാരണത്തിന്‌ വേണ്ട ആരോഗ്യം ഉണ്ടോയെന്ന്‌ തീരുമാനിക്കും. ചില സ്‌ത്രീകള്‍ ഗര്‍ഭമലസി നാലു മുതല്‍ ആറ്‌ ആഴ്‌ചകള്‍ക്കുള്ളില്‍ അമ്മമാരാകാന്‍ വീണ്ടും പൂര്‍ണ്ണ സജ്ജരാകും. എന്നാല്‍ ചിലര്‍ക്ക്‌ ഇതിന്‌ ആറുമാസം വരെ വേണ്ടിവരും.

ഗര്‍ഭധാരണ സാധ്യത കൂട്ടാം

ഒരു കുഞ്ഞ്‌ തങ്ങളുടെ ജീവിതത്തിലേക്ക്‌ കടന്നുവരാന്‍ സമയമായെന്ന്‌ ദമ്പതിമാര്‍ക്ക്‌ തോന്നിയാല്‍, സ്‌ത്രീകള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇത്‌ ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കും. അനാരോഗ്യകരമായ ശീലങ്ങള്‍ ഉപേക്ഷിക്കുകയാണ്‌ ആദ്യം ചെയ്യേണ്ടത്‌. പുകവലി, മയക്കുമരുന്ന്‌- മദ്യം എന്നിവയുടെ ഉപയോഗം മുതലായവ ആനാരോഗ്യകരമായ ശീലങ്ങളില്‍ ഉള്‍പ്പെടും. കോഫി വളരെയധികം ഉപയോഗിക്കുന്നത്‌ ഗര്‍ഭധാരണ സാധ്യത കുറയ്‌ക്കുമെന്ന്‌ പറയപ്പെടുന്നു. അതിനാല്‍ കോഫി അധികം കുടിക്കുന്നതും ഒഴിവാക്കുക.

ആരോഗ്യകരവും പോഷകസമൃദ്ധവുമായ ആഹാരം ശീലമാക്കുക. ഗര്‍ഭം അലസിയതിന്റെ ദു:ഖം അലട്ടുന്നുണ്ടെങ്കില്‍ ആഹാരത്തിന്റെ കാര്യത്തില്‍ വലിയ ശ്രദ്ധയുണ്ടാകില്ല. ഗര്‍ഭം അലസിയ സ്‌ത്രീകള്‍ക്ക്‌ വിശപ്പ്‌ ഇല്ലാതാകുന്നതും എപ്പോഴും ദു:ഖിച്ചിരിക്കുന്നതും സാധാരണയാണ്‌. ചിലര്‍ വളരെയധികം കഴിക്കുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്‌. ആഹാര കാര്യത്തില്‍ ശ്രദ്ധിക്കുകയും ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ചെയ്യുക.

ഡോക്ടറോട്‌ സംസാരിക്കുക

വളരെ നേരത്തേ ഗര്‍ഭം അലസിയ ദമ്പതിമാര്‍ക്ക്‌ ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ ഉറപ്പായും ഡോക്ടറുടെ ഉപദേശം തേടുക. ആദ്യഘട്ടത്തില്‍ ഭര്‍ത്താവിന്റെയും ഭാര്യയുടെയും ഉത്‌പാദനക്ഷമത പരിശോധിക്കും. ഇതിനായി ഡോക്ടറെ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കാത്തവര്‍ക്ക്‌ ഇത്തരം പരിശോധനകള്‍ വീട്ടില്‍ ചെയ്യാനുള്ള സൗകര്യം ഇപ്പോള്‍ ലഭ്യമാണ്‌. ഗര്‍ഭം അലസിയതിന്‌ ശേഷം ഉത്‌പാദനക്ഷമതയില്‍ കുറവ്‌ വന്നിട്ടുണ്ടെങ്കില്‍ അത്‌ പരിഹരിക്കുന്നതിനുള്ള മരുന്നുകളോ ചികിത്സാ രീതികളോ ഡോക്ടര്‍ നിര്‍ദ്ദേശിക്കും.

ഗര്‍ഭം അലസുന്നത്‌ മൂലം സാധാരണ ഗതിയില്‍ ഗര്‍ഭധാരണ സാധ്യത കുറയാറില്ല. ആര്‍ത്തവം പുന:രാരംഭിക്കുന്നതോടെ ഗര്‍ഭധാരണം നടക്കാനുള്ള സാധ്യത സാധാരണ നിലയിലാകും. എന്നാല്‍ വൈകാരിക പ്രശ്‌നങ്ങള്‍ ചിലപ്പോള്‍ ഗര്‍ഭധാരണത്തെ ബാധിക്കാറുണ്ട്‌. പ്രസവത്തിന്‌ മാനസികമായും ശാരീരികമായും ദമ്പതിമാര്‍ സജ്ജരാണെങ്കില്‍ മറ്റു പ്രശ്‌നങ്ങള്‍ നിങ്ങളെ അധികം അലട്ടില്ല.

Loading...

Leave a Reply

Your email address will not be published.

More News