Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 24, 2023 12:03 pm

Menu

Published on May 30, 2019 at 5:12 pm

തലയിലെ താരനകറ്റാൻ ഇതാ ഒരു എളുപ്പ മാർഗം..

hair-care-get-rid-of-dandruff

മുടിയുടെ സൗന്ദര്യം നശിപ്പിക്കുന്ന അവസ്ഥയാണ് താരന്‍. മുടിയുടെ ആരോഗ്യം നശിക്കാനും മുടി കൊഴിയാനും താരന്‍ കാരണമാകും. ഇത് ആത്മവിശ്വാസത്തെയും ബാധിക്കും. ജീവിതത്തില്‍ ഒരിക്കലെങ്കിലും താരന്റെ പ്രശ്നം അനുഭവിക്കാത്തവര്‍ കുറവായിരിക്കും.

മിക്കവരിലും തലയില്‍ വെളുത്തപൊടിപോലെ താരന്‍ കാണപ്പെടുന്നു. താരന്‍ ശിരോചര്‍മത്തെ മാത്രമല്ല ബാധിക്കുന്നത്. മൂക്കിന് വശങ്ങളിലും പുരികങ്ങളിലും ചെവിക്ക് പിറകിലുമെല്ലാം ഇത് കാണാം. എങ്കിലും ശിരോചര്‍മത്തിലാണ് ഇത് കൂടുതലായി കാണുന്നത്. ശിരോചര്‍മങ്ങള്‍ ശല്‍ക്കങ്ങളായി പൊഴിയുന്നത് സ്വാഭാവികമാണ്. എന്നാല്‍ ചര്‍മകോശങ്ങളുടെ സ്വഭാവത്തില്‍ വ്യത്യാസമുണ്ടാവുകയും കൊഴിഞ്ഞുപോക്കിന്റെ തോത് കൂടുകയും ചെയ്യുമ്പോള്‍ താരനുണ്ടാവുന്നു.

സെബത്തിന്റെ അളവ് കൂടുന്നതും ഈസ്റ്റിന്റെ ഉത്പാദനം കൂടുന്നതുമെല്ലാം താരന്‍ രൂക്ഷമാക്കുന്നു. കൗമാരം മുതല്‍ 40 വരെ പ്രായമുള്ളവരിലാണ് സാധാരണ താരന്‍ കാണുന്നത്. പ്രായപൂര്‍ത്തിയാകുമ്പോഴേക്കും പുരുഷന്‍മാരിലും സ്ത്രീകളിലും ആന്‍ഡ്രോജന്‍ ഹോര്‍മോണ്‍ ഉത്പാദനം ഉയര്‍ന്നിരിക്കും. ഈ ഹോര്‍മോണിന്റെ സ്വാധീനം മൂലം സെബേഷ്യസ് ഗ്രന്ഥികള്‍ കൂടുതലായി സെബം ഉത്പാദിപ്പിക്കും. ഹോര്‍മോണ്‍ നിലയിലെ അസന്തുലിതാവസ്ഥ താരന്‍ കൂടാന്‍ കാരണമാകാറുണ്ട്. പ്രത്യേകിച്ച് സ്ത്രീകളില്‍. പുരുഷഹോര്‍മോണായ ആന്‍ഡ്രോജന്റെ അളവ് കൂടുമ്പോള്‍ (പി.സി.ഒ.ഡി. ഉള്ളവരില്‍) താരന്‍ കൂടാന്‍ സാധ്യതയുണ്ട്.

കാരണങ്ങള്‍ ;

മാനസിക സമ്മര്‍ദം: ടെന്‍ഷന്‍ കൂടുമ്പോള്‍ ഹോര്‍മോണ്‍നില ക്രമംതെറ്റും. ഇത് താരന്‍ അധികമാക്കും. പരീക്ഷാസമയത്തും മറ്റും താരന്റെ പ്രശ്നം രൂക്ഷമാകാറുണ്ടെന്ന് പറയുന്നത് ഇതുകൊണ്ടാണ്.

മരുന്നുകള്‍: ചില പ്രത്യേക മരുന്നുകള്‍ താരന്‍ അധികമാക്കാം. മാനസിക രോഗത്തിനുപയോഗിക്കുന്ന ക്ലോര്‍പ്രോമസിന്‍, അസിഡിറ്റിക്കുള്ള സിമെറ്റിഡിന്‍, എപിലെപ്‌സി പോലുളള അസുഖത്തിനുള്ള മരുന്നുകള്‍ എന്നിവ കഴിക്കുമ്പോള്‍ താരന്‍ കൂടാറുണ്ട്.

പാരമ്പര്യം: ചിലരില്‍ ജന്‍മനാ സെബേഷ്യസ് ഗ്രന്ഥികളുടെ പ്രവര്‍ത്തനം കൂടുതലായി കാണാറുണ്ട്. ഇത് താരന്‍ അധികമാകാന്‍ ഇടയാക്കും.

മുടി കഴുകുന്നതിലെ പ്രശ്‌നങ്ങള്‍: മുടി കൃത്യമായ ഇടവേളകളില്‍ കഴുകാതിരിക്കുന്നത് താരന് ഇടയാക്കാം. സെബം തലയോട്ടിയില്‍ പറ്റിപ്പിടിച്ച് പൊറ്റയായി മാറി മുടിയുടെ വളര്‍ച്ചയെ തടയും.

അസുഖങ്ങള്‍: ചില അസുഖങ്ങള്‍കൊണ്ടും താരന്‍ വരാം. പാര്‍ക്കിന്‍സോണിസം, എപിലെപ്‌സി തുടങ്ങിയ രോഗങ്ങളുള്ളവരില്‍ താരന്‍ കൂടുതല്‍ കാണാറുണ്ട്.

പോഷകക്കുറവ്: ഭക്ഷണത്തില്‍ പോഷകസമ്പുഷ്ടമായ ഘടകങ്ങളുടെ കുറവ് താരന് ഇടയാക്കിയേക്കാം. റൈബോഫ്‌ളേവിന്‍ മുതലായ വിറ്റാമിനുകളുടെ കുറവ് താരന് കാരണമായി പറയാറുണ്ട്.

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ: തൈറോയ്ഡ് ഗ്രന്ഥികളുടെയും പിറ്റിയൂട്ടറി ഗ്രന്ഥികളുടെയും പ്രവര്‍ത്തനത്തിലുണ്ടാകുന്ന വ്യത്യാസം താരനും മുടികൊഴിച്ചിലിനും ഇടയാക്കും.

താരനും മുടിയും തമ്മില്‍ ;

മുടികൊഴിയുന്നതിന്റെ ഉത്തരവാദിത്വം താരന്റെ തലയില്‍ കെട്ടിവെയ്ക്കാനാണ് പലരും ഇഷ്ടപ്പെടുന്നത്. താരന്‍ ശിരോചര്‍മത്തിലുണ്ടാകുന്ന അസുഖമാണ്. ഇത് മുടിയെയോ അതിന്റെ വേരിനെയോ ബാധിക്കുന്ന ഒന്നല്ല. ചെറിയതോതിലുള്ള താരന്‍ മുടികൊഴിച്ചിലിന് ഇടയാക്കുന്നില്ല. താരന് കൃത്യമായ ചികിത്സ തേടാതിരിക്കുമ്പോഴാണ് അത് മുടികൊഴിച്ചിലിലേക്ക് നയിക്കുന്നത്. ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നും ഷാപൂവും നിശ്ചിതകാലത്തേക്ക് ഉപയോഗിക്കണം. ഇതില്‍ വീഴ്ച്ച വന്നാല്‍ അത് അണുബാധയിലേക്ക് നയിക്കാം. അതിന്റെ ഫലമായി തലയില്‍ ഫംഗസും ബാക്ടീരിയയും നിറഞ്ഞ് താരന്‍ രൂക്ഷമാകും. ഇങ്ങനെ വരുമ്പോഴാണ് വലിയതോതിലുള്ള മുടികൊഴിച്ചിലിന് കാരണമാകുന്നത്.

ചികിത്സ ;

സാലിസിലിക് ആസിഡോ സെലിനിയം സള്‍ഫൈഡോ കലര്‍ന്ന ഷാംപൂ ആണ് താരന്റെ പ്രധാന മരുന്ന്. ശിരോചര്‍മത്തിലെ ഫംഗസുകളെ നശിപ്പിക്കുന്ന സംയുക്തങ്ങള്‍ ഇവയില്‍ അടങ്ങിയിരിക്കും. സാധാരണഗതിയില്‍ ഇത്തരം മരുന്നുകള്‍ദീര്‍ഘകാലത്തേക്ക് ഉപയോഗിക്കേണ്ടവയാണ്. താരന്റെ തീവ്രതയ്ക്കനുസരിച്ച് മരുന്നിന്റെ അളവില്‍ മാറ്റംവരും. സിങ്ക് പൈറിത്തിയോണ്‍, കീറ്റോകൊണോസോള്‍ എന്നിവ അടങ്ങിയ ഷാംപൂ ആണ് താരന്‍ ചികിത്സിക്കാന്‍ പ്രധാനമായി ഉപയോഗിക്കുന്നത്. ആഴ്ച്ചയില്‍ ഒന്നോ രണ്ടോ തവണ ഉപയോഗിക്കാം. താരന്‍ തീവ്രമായി ശിരോചര്‍മത്തില്‍ ചൊറിച്ചിലും നീരൊലിപ്പുമുണ്ടാകുമ്പോള്‍ കോള്‍ടാര്‍, സ്റ്റിറോയ്ഡ് എന്നിവ അടങ്ങിയ ഷാംപൂ ആണ് ഫലപ്രദം. ഇതോടൊപ്പം ഉള്ളില്‍ കഴിക്കുന്ന മരുന്നുകളും ആന്റിബയോട്ടിക്കുകളും നിര്‍ദേശിക്കാറുണ്ട്. ഹോര്‍മോണ്‍ ക്രമപ്പെടുത്താനുള്ള മരുന്നുകളാണ് അവയില്‍ പ്രധാനം.

തലയില്‍ എണ്ണ തേയ്ക്കണോ;

എണ്ണയ്ക്ക് ഒരു കണ്ടീഷനിങ് ഇഫക്ട് നല്‍കാനാവും. അതുവഴി മുടിയുടെ മിനുസം വര്‍ധിക്കും. മുടി പെട്ടെന്ന് പൊട്ടിപ്പോവുകയുമില്ല. എന്നാല്‍ അമിതമായ താരനുള്ളവര്‍ എണ്ണ അധികം തേയ്ക്കാതിരിക്കുകയാണ് നല്ലത്. താരനും എണ്ണയും എല്ലാംകൂടിച്ചേര്‍ന്ന് മുടിയുടെ ആരോഗ്യം നശിപ്പിക്കാം. കുളിക്കുന്നതിന് മുന്‍പ് എണ്ണ ചെറുതായി ചൂടാക്കി മുടിയില്‍ തേച്ചുപിടിപ്പിക്കാം. ശിരോചര്‍മത്തിലെ ശല്‍ക്കങ്ങളെ ഇളക്കിമാറ്റി മൃദുവായി മസ്സാജ് ചെയ്യാം. അതിനുശേഷം ഷാംപൂ ഉപയോഗിച്ച് എണ്ണ കഴുകിക്കളയാന്‍ മറക്കരുത്.

Loading...

Leave a Reply

Your email address will not be published.

More News