Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആഹാരസാധനങ്ങള്‍ മണ്‍പാത്രങ്ങളില്‍ സൂക്ഷിക്കുകയും വാഴയിലയില്‍ പൊതിച്ചോറ് തയാറാക്കുകയും ചെയ്ത കാലമൊക്കെ പോയി. വിഷമയമായ പാത്രങ്ങളിലെ പാചകവും ആഹാരം സൂക്ഷിക്കലും ദൂരവ്യാപകമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഇന്നുണ്ടാക്കുന്നത്.
ഇപ്പോള്‍ നമ്മള്‍ വളരെ ആധുനികമായാണ് പാചകം ചെയ്യുന്നത് പോലും. തീ കത്തിച്ചാല്‍ അടിയില്‍ പിടിക്കാത്ത പാത്രങ്ങള്‍ സുലഭം. മാത്രമല്ല നോണ്‍സ്റ്റിക് ആയതിനാല്‍ എളുപ്പവുമുണ്ട്. പണ്ടുള്ളവര്‍ എത്രമാത്രം കഷ്ടപ്പെട്ടു. മണ്‍പാത്രങ്ങളും കല്‍ച്ചട്ടികളും ഇരുമ്പുപാത്രങ്ങളും ഉരുളികളും ചെമ്പ്, പിച്ചളപ്പാത്രങ്ങളുമായിരുന്നു പാചകത്തിന് ഉപയോഗിച്ചിരുന്നത്. ഇന്ന് സ്റ്റീല്‍ ഉണ്ട്, അലുമിനിയം ഉണ്ട്, നോണ്‍സ്റ്റിക് ഉണ്ട്.
അലുമിനിയമടക്കമുള്ള ഇത്തരം പാത്രങ്ങള്‍ ആരോഗ്യത്തിന് നല്ലതാണെന്ന് നിര്‍മ്മാതാക്കള്‍ പറയുമ്പോള്‍ നമുക്ക് പൂര്‍ണവിശ്വാസമാണ്. ഇപ്പോള്‍ വലിയ സദ്യകള്‍ക്കുപോലും അലൂമിനിയം പാത്രങ്ങളാണ് ഉപയോഗിക്കുന്നത്. ഓടും ചെമ്പുമെല്ലാം കലവറയില്‍ നിന്നും അപ്രത്യക്ഷമായിക്കഴിഞ്ഞു. എന്തിന് ആയുര്‍വേദ ഔഷധ നിര്‍മ്മാണത്തിനുപോലും ചില കമ്പനികള്‍ അലുമിനിയം ഉപയോഗിച്ചു തുടങ്ങി.
എന്നാല്‍ പാചകത്തിന് ഒട്ടും ഉപയോഗിക്കാന്‍ പാടില്ലാത്തതാണ് അലൂമിനിയം പാത്രങ്ങള്‍. ഒരു പഴയ അലുമിനിയം പാത്രം എടുത്ത് അടുപ്പില്‍ വെള്ളമില്ലാതെ കുറെനേരം വയ്ക്കുക. ആ ചെറുചൂടുകൊണ്ടുതന്നെ പാത്രത്തിന് ദ്വാരം വീഴുന്നത് കാണാം.
സ്റ്റീല്‍ പാത്രമായാലും ഓട്ടുപാത്രമായാലും ഇങ്ങനെ സംഭവിക്കുകയില്ല. അലുമിനിയം പാത്രത്തില്‍ പാചകം ചെയ്യുമ്പോഴും ഇതേ പ്രക്രിയ സംഭവിക്കുന്നുണ്ട്. കുറച്ചുനാള്‍ തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ അതിനുള്ളില്‍ കുത്തുകുത്തുപോലെ പാടുകള്‍ ഉണ്ടാകുന്നത് കാണാം. ചൂടു തട്ടുമ്പോള്‍ ഭക്ഷണത്തില്‍ അലിഞ്ഞു ചേരുന്നതിനാലാണിത്.
ഇത്തരത്തില്‍ ആഹാരസാധനങ്ങളില്‍ ചേരുന്ന ഈ അലുമിനിയം നമ്മുടെ ശരീരത്തില്‍ പ്രവേശിക്കും. ഇത് പലതരത്തിലുള്ള ദോഷങ്ങള്‍ ചെയ്യും. ബുദ്ധിയെ വരെ ബാധിക്കപ്പെടും. പാചകത്തില്‍ നിന്നും അലൂമിനിയത്തെ പൂര്‍ണമായും ഒഴിവാക്കണമെന്ന് പറയുന്നത് ഇക്കാരണത്താലാണ്. പകരം സ്റ്റീല്‍ ഉപയോഗിക്കാം.
എരിവ്, ഉപ്പ്, പുളി എന്നിങ്ങനെ രാസപ്രവര്‍ത്തനത്തിന് ഇടയുള്ള പദാര്‍ഥങ്ങള്‍ ചേരുന്ന പാചകത്തിന് മണ്‍പാത്രങ്ങളാണ് ഏറ്റവും നല്ലത്. കല്‍ച്ചട്ടിയും ഉപയോഗിക്കാം. ഓട്ടുപാത്രങ്ങളും നല്ലതാണ്. പുളിയുള്ള വസ്തുക്കള്‍ അലൂമിനിയം പാത്രത്തില്‍ സൂക്ഷിച്ച് ഉപയോഗിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. മിക്ക ഭക്ഷണ ശാലകളിലും അലൂമിനിയത്തിലാണ് തൈര്, മോര് എന്നിവ സൂക്ഷിച്ച് വില്‍ക്കുന്നത്. പാലും അലൂമിനിയം പാത്രത്തില്‍ സൂക്ഷിക്കുന്നതും തിളപ്പിക്കുന്നതും നന്നല്ല.
നോണ്‍സ്റ്റിക് പാത്രങ്ങളാണ് ഇന്ന് പ്രധാനമായും ഉപയോഗത്തിലുള്ളത്. ഇത് നല്ലതാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ അതിന്റെ ടെഫ്‌ലോണ്‍ കോട്ടിങ് പോയ ശേഷം പാത്രം ഉപയോഗിക്കുന്നത് ആരോഗ്യകരമല്ല എന്ന കാര്യം പറയുന്നത് നിര്‍മ്മാതാക്കള്‍ തന്നെയാണ്.
Leave a Reply