Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോയമ്പത്തൂര്‍: ജയലളിതയുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ ആരാണ് കൈകാര്യം ചെയ്യുകയെന്നതാണ് ഇപ്പോള്‍ ഉയരുന്ന മറ്റൊരു ചോദ്യം. കുടുംബത്തില്‍ പിന്തുടര്‍ച്ചാവകാശികളില്ലാത്തതിനാല്‍ ഉറ്റ തോഴി ശശികലക്ക് മാത്രമേ ഇതുസംബന്ധിച്ച വിവരങ്ങള്‍ അറിയുകയുള്ളൂ. സ്വത്തുക്കള്‍ തന്റെ പിന്‍കാലം ശശികല ഉള്‍പ്പെടെയുള്ള വ്യക്തികള്‍ക്കും ചില ട്രസ്റ്റുകള്‍ക്കും എഴുതിവെച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തമിഴ്‌നാട്ടിലും പുറം സംസ്ഥാനങ്ങളിലുമായി ജയലളിതയുടെയും ബിനാമികളുടെയും പേരില്‍ നിരവധി സ്വത്തുക്കളുണ്ട്. നീലഗിരി ജില്ലയിലെ കോടനാട് എസ്റ്റേറ്റില്‍ ബംഗ്‌ളാവുകളോടുകൂടിയ 898 ഏക്കര്‍ തേയിലത്തോട്ടമാണിതില്‍ പ്രധാനം. ഒരു ഏക്കറിന് സുമാര്‍ അഞ്ച് കോടി മതിപ്പുള്ളതിനാല്‍ ഈ സ്വത്തിന് മാത്രം 4000 കോടി രൂപ വരും. തിരുനല്‍വേലിയില്‍ 1,197 ഏക്കര്‍, വാലാജപേട്ടയില്‍ 200 ഏക്കര്‍, ഊത്തുക്കോട്ടയില്‍ 100 ഏക്കര്‍, ശിറുതാവൂരില്‍ 25 ഏക്കര്‍, കാഞ്ചിപുരത്തില്‍ 200 ഏക്കര്‍, തൂത്തുക്കുടി തിരുവൈകുണ്ഠത്ത് 200 ഏക്കര്‍, സ്വകാര്യ ആഗ്രോ ഫാമിന്റെ പേരില്‍ 100 ഏക്കര്‍, ഹൈദരാബാദിലെ 14.50 ഏക്കര്‍ മുന്തിരി തോട്ടം എന്നിങ്ങനെ വേറെയും. അവിഹിത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് ജയലളിതയുടെ പോയസ് ഗാര്‍ഡന്‍ തോട്ടത്തില്‍നിന്ന് 21.283 കിലോ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തിരുന്നു.
ചെന്നൈയിലെ പോയസ് ഗാര്‍ഡനിലുള്ള 24,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള ‘വേദനിലയം’ വസതിക്കുമാത്രം 100 കോടിയിലധികം മതിപ്പുണ്ട്. 1967 ജൂലൈയില്‍ ജയലളിതയും അമ്മയും ചേര്‍ന്ന് 1.32 ലക്ഷം രൂപക്കാണ് പോയസ്ഗാര്‍ഡനിലെ വസതി വാങ്ങിയത്. 2015ല്‍ ചെന്നൈ ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച ജയലളിത തന്റെ പേരില്‍ മൊത്തം 117.13 കോടി രൂപയുടെ സ്വത്തുക്കളുണ്ടെന്ന് ഇലക്ഷന്‍ കമ്മീഷനെ ബോധിപ്പിച്ചിരുന്നു.
Leave a Reply