Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കര്‍ക്കിടകമാസം വന്നെത്തികഴിഞ്ഞു. ഇനിയുള്ള ഒരു മാസക്കാലം മനസും ശരീരവും ഒരുപോലെ ഉന്മേഷത്തോടെ നിലനിർത്താൻ തയാറെടുക്കേണ്ട സമയമാണ്. ആയുര്‍വേദ ചികിത്സകള്‍ ,ക്ഷേത്രദര്‍ശനം, രാമായണപാരായണം, കര്‍ക്കടക കഞ്ഞി എന്നിവയെല്ലാം ഈ മാസത്തിൻറെ പ്രത്യേകതകളാണ്. ആരോഗ്യ കാര്യത്തിലും ആത്മീയ കാര്യത്തിലും ഒരു പോലെ പ്രാധാന്യം നല്‍കുന്നു എന്നതും ഈ മാസത്തിന്റെ പ്രത്യേകതയാണ്. പൊതുവേ പഞ്ഞമാസം എന്നാണ് കര്‍ക്കടകം അറിയപ്പെടുന്നത്. കർക്കിടമാസത്തിൽ അനുഷ്ടിക്കേണ്ട ആചാരങ്ങളെ കുറിച്ചും അവയുടെ പ്രത്യേകതകളെ കുറിച്ചുമാണിവിടെ പറയുന്നത്. അവയെന്തൊക്കെയാണെന്ന് നോക്കാം….
കര്‍ക്കടക ചികിത്സ
കര്‍ക്കടകം എന്നു പറയുന്നത് മലയാള മാസങ്ങളിലെ അവസാന മാസമാണല്ലോ. അതിനു മുമ്പുള്ള 11 മാസത്തെയും അധ്വാനത്തിന്റെ ഫലമായി ശരീരത്തിനും മനസിനും ഉണ്ടായിട്ടുള്ള ക്ഷീണത്തെ അകറ്റി ആരോഗ്യപൂര്‍ണവും ഉന്മേഷകരവുമായി പുതുവര്‍ഷത്തില്‍ അവരവരുടെ കര്‍മമേഖലയിലേക്കു വീണ്ടും എത്താന്‍വേണ്ടി കേരളീയര്‍ പണ്ടുമുതല്‍ക്കേ അനുഷ്ഠിച്ചു പോന്നിരുന്ന ചര്യകളാണ് കര്‍ക്കടക ചികിത്സയും കര്‍ക്കടകക്കഞ്ഞിയും.വര്‍ഷകാലം എന്നത് രോഗപ്രതിരോധശേഷി ഏറ്റവും കുറയുന്ന ഒന്നായതിനാലും രോഗാതുരതകളും പകര്‍ച്ചവ്യാധികളും ഏറ്റവും പടര്‍ന്നുപിടിക്കുന്ന കാലമായതിനാലും രോഗപ്രതിരോധശേഷി സംരക്ഷണത്തിലും ആരോഗ്യസംരക്ഷണത്തിലും ഏറെ പ്രാമുഖ്യം നല്‍കുന്ന കര്‍ക്കടക ചികിത്സകള്‍ക്കു പ്രാധാന്യം ഏറുന്നു.വേനല്‍ക്കാലത്തെ കടുത്ത ചൂടില്‍ നിന്നു കോരിച്ചൊരിയുന്ന മഴയിലേക്കും മരംകോച്ചുന്ന തണുപ്പിലേക്കും കാലാവസ്ഥ മാറുന്ന വര്‍ഷകാലമായ മിഥുനം, കര്‍ക്കടകം എന്നീ മാസങ്ങളില്‍ ശരീരബലം, രോഗപ്രതിരോധശക്തി , ദഹനരസങ്ങളുടെ പ്രവര്‍ത്തനമാന്ദ്യം എന്നിവ സംഭവിക്കുകയും വാതവും പിത്തവും വര്‍ധിക്കുകയും ചെയ്യുക സാധാരണമാണ്. പൊതുവില്‍ ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനവും ദുര്‍ബലമായിരിക്കുന്ന ഒരു കാലമായി വര്‍ഷകാലത്തെ പരിഗണിക്കാം. അതുകൊണ്ടുതന്നെ ഈ കാലത്തു ചെയ്യുന്ന ചികിത്സാക്രമങ്ങളോടു വളരെ അനുകൂലമായി ശരീരം പ്രതികരിക്കും.
കര്‍ക്കടക ചികിത്സ എന്നത് മനസിനും ശരീരത്തിനും ഉന്മേഷവും പുതുജീവനും പ്രദാനം ചെയ്യുന്ന ഒരു പ്രകിയയാണ്. ദഹനവ്യവസ്ഥയെ കൂടുതല്‍ കാര്യക്ഷമമാക്കുക, രക്തസഞ്ചാരം വര്‍ധിപ്പിച്ച് ശരീരവേദനകളെ അകറ്റുക, നാഡി ഞരമ്പുകള്‍ക്ക് ഊര്‍ജവും ഉത്തേജനവും പ്രദാനം ചെയ്യുക എന്നിവ കൂടാതെ ബാഹ്യസൗന്ദര്യവും ആകാരഭംഗിയും വര്‍ധിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനും വരെ കര്‍ക്കടക ചികിത്സ സഹായിക്കുന്നു. ഭൗതിക ഉന്മേഷം പകരുന്ന ആഷാഢവും ആത്മീയ ഉണര്‍വ് പകരുന്ന ശ്രാവണവും ഒത്തുചേരുന്ന മാസമാണ് കര്‍ക്കടകം. ഭൌതികനേട്ടങ്ങള്‍ക്കായി കര്‍ക്കടക കഞ്ഞി, സുഖചികിത്സ എന്നിവയും ആത്മീയ നേട്ടത്തിനായി രാമായണപാരായണം, ക്ഷേത്രദര്‍ശനം എന്നിവയും പഴമക്കാര്‍ പറയുന്നു.
കര്‍ക്കടകക്കഞ്ഞി
കര്‍ക്കടക ചികിത്സാക്രമങ്ങളില്‍ നിന്നും ആഹാരശീലങ്ങളില്‍ നിന്നും കര്‍ക്കടകക്കഞ്ഞിയെ ഒഴിവാക്കാനാവില്ല. ഇതിന്റെ ഔഷധവീര്യം കൊണ്ടും ദഹനപ്രക്രീയയെ സുഗമമാക്കും എന്നതുകൊണ്ടും ഇതിന്റെ പ്രാധാന്യം കാലം ചെല്ലുന്തോറും ഏറിവരുകയാണ്.
നാട്ടാചാര പ്രകാരം മരുന്നു കഞ്ഞി പല പ്രദേശത്തും പലരീതിയിലാണ്. കുറുന്തോട്ടി വേര്, ജീരകം, പഴുക്കപ്ലാവില ഞെട്ട് എന്നിവ അരച്ച് ആട്ടിന്‍പാലും പശുവിന്‍ പാലും ചേര്‍ത്തതില്‍ കലക്കി വെള്ളവും ചേര്‍ത്ത് അടുപ്പത്ത് വച്ച് തിളപ്പിച്ച് നവരയുടെ പൊടിയരിയിട്ട് വെന്തുപാകമായാല്‍ വാങ്ങി ഉപയോഗിക്കുന്നതാണ് ഒരു രീതി. എന്നാല്‍ പാടത്തിറങ്ങി പണി ചെയ്യുന്നവര്‍ ഇടിഞ്ഞിലിന്‍ തൊലി, പെരുകിന്‍ വേര് മുതലായവ ചതച്ചിട്ട വെള്ളത്തില്‍ കഞ്ഞിയുണ്ടാക്കിയാണ് കഴിക്കാറ്.
–

–
മുക്കുറ്റി, വിഷ്ണുകാന്തി, തിരുതാളി, പൂവാംകുറുന്തല്‍, കൈതോന്നി, മുയല്‍ചെവിയന്‍ എന്നിങ്ങനെ മുപ്പതില്‍പ്പരം ഔഷധങ്ങള്‍ ചേര്‍ത്തും കര്‍ക്കടകകഞ്ഞി തയ്യാറാക്കുന്നു. കഞ്ഞി കുടിക്കുന്നവര്‍ എരിവ്, പുളി, ഉപ്പ് എന്നിവ കുറച്ചേ ഉപയോഗിക്കാവൂ. ലഹരിപാനീയങ്ങളും മത്സ്യമാംസാദികളും വര്‍ജ്ജിക്കണം. ശരീരം ശുദ്ധീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ആയൂര്‍വേദ ചികിത്സ നടത്തുന്നതിനും ഏറ്റവും യോജിച്ച മാസം കൂടിയാണ് കര്‍ക്കടകം. ഈ സമയത്തെ ചികിത്സ ശരീരത്തിന് കൂടുതല്‍ ഫലം ചെയ്യുന്നുവെന്ന് ആയൂര്‍വേദാചാര്യന്മാര്‍ അഭിപ്രായപ്പെടുന്നു.
കര്‍ക്കടക മാസത്തില്‍ മുഴുവനുമോ അല്ലെങ്കില്‍ അവരവരുടെ താല്‍പര്യത്തിനനുസരിച്ച് ഏഴു ദിവസമോ, പതിനാലു ദിവസമോ, ഇരുപത്തൊന്നു ദിവസമോ ഒരു നേരത്തെ പ്രധാന ആഹാരമായി കര്‍ക്കടകക്കഞ്ഞി ഉപയോഗിക്കാം. ഇത് പ്രഭാത ഭക്ഷണമായിട്ടോ രാത്രി ഭക്ഷണമായിട്ടോ ഉപയോഗിക്കുന്നതായിരിക്കും ഏറ്റവും ഉത്തമം.
എണ്ണ തേച്ചു കുളി
–

–
എണ്ണതേച്ചുകുളിയാണ് കര്‍ക്കടക മാസത്തില്‍ നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന സുഖ ചികിത്സ. നമ്മുടെ ശരീരത്തില്‍ സംഭവിക്കുന്ന സ്ഥാനഭ്രംശങ്ങള്‍ക്ക് പരിഹാരം, രക്തയോട്ടം വര്‍ദ്ധിപ്പിക്കുക, മനസ്സിനും ശരീരത്തിനു കുളിര്‍മ്മ നല്‍കുക തുടങ്ങിയവക്കെല്ലാം ഉത്തമ പരിഹാരമാണ് എണ്ണ തേച്ചുകുളി. എന്നാല്‍ നമ്മുടെ ശരീര പ്രകൃതി അറിഞ്ഞു വേണം എണ്ണ തേച്ചു കുളി പരിശീലിക്കാന്‍. ഇതിനായി ആയുര്‍വേദ വിദഗ്ധന്റെ ഉപദേശം തേടാം.
കര്‍ക്കിടക ചികിത്സാ കാലം പഥ്യങ്ങളുടെ കാലം കൂടിയാണ്. മത്സ്യ, മാംസാഹാരങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കുകയും ശരീരത്തിനും മനസ്സിനും ചേരാത്തവയെ തിരിച്ചറിഞ്ഞ് ഉപേക്ഷിക്കല്‍ കൂടിയാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. ചില രോഗങ്ങള്‍ ഉള്ളവര്‍ക്ക് ചില ഭക്ഷണം ചേരില്ല. ഇത് തിരിച്ചറിഞ്ഞ് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ഭക്ഷണക്രമം പിന്തുടരുക.
കര്‍ക്കിടക മാസത്തില്‍ താളും തകരയുമുള്‍പ്പടെ പത്തില തിന്നണമെന്ന് പഴമക്കാര്‍ പറയും. മാംസ്യം, കൊഴുപ്പ്, നാര്, അന്നജം തുടങ്ങിയ പോഷണ മൂല്യങ്ങള്‍ പത്തിലകളിലുണ്ട്. മാത്രമല്ല വറുതിയുടെ കാലമായതിനാല്‍ തൊടിയില്‍ എളുപ്പം ലഭിക്കുന്ന താളിനും തകരയ്ക്കും ഉപയോഗമേറി.
ദഹനശക്തി വര്‍ധിപ്പിക്കുന്ന ആഹാരമാകാം
–

–
വേഗത്തില്‍ ദഹിക്കുന്നവയും ദഹനശക്തിയെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന പച്ചക്കറി സൂപ്പുകള്‍, കഞ്ഞിയും ചെറുപയറും, പഴങ്ങള്‍, പച്ചക്കറികള്‍, കര്‍ക്കടക കഞ്ഞി എന്നറിയപ്പെടുന്ന ഔഷധക്കഞ്ഞി, ചുക്ക്, മല്ലി ഇവ ചേര്‍ത്ത് തിളപ്പിച്ചുണ്ടാക്കുന്ന വെള്ളം എന്നിവയെല്ലാം കര്‍ക്കടക കാലത്ത് ദഹനശക്തി വര്‍ധിപ്പിക്കുന്നതിനും ശരീരത്തിനു പോഷണം ലഭിക്കുന്നതിനും വേണ്ടി ഉപയോഗിക്കാവുന്ന ഉത്തമമായ ഭക്ഷണങ്ങളും.
ഉപേക്ഷിക്കേണ്ടവ
–

–
എളുപ്പത്തില്‍ ദഹിക്കാത്ത ഭക്ഷണങ്ങള്‍ ഉപേക്ഷിക്കണം. ഐസ്‌ക്രീം പോലുള്ള ഭക്ഷണങ്ങള്‍, പൊറോട്ട, ഉഴുന്നു ചേര്‍ത്ത ഭക്ഷണങ്ങള്‍, മത്സ്യ മാംസാഹാരങ്ങള്‍ തുടങ്ങിയവ ഉപേക്ഷിക്കണം.
–
വൃത്തിയും വെടിപ്പും പ്രധാനം
കര്‍ക്കടക മാസം എന്നല്ല ഏതു കാലത്തായാലും വൃത്തിയും വെടിപ്പും അത്യാവശ്യമാണ്. വീടിനുള്ളില്‍ നനഞ്ഞ തുണികള്‍ കൂട്ടിയിടരുത്. വീടിനകത്തും പുറത്തും പുക നല്‍കുന്നതു നല്ലതാണ്. ഇതിനായി കുന്തിരിക്കം, ഗുല്‍ഗുലു, അഷ്ടഗന്ധം തുടങ്ങിയ സുഗന്ധവസ്തുക്കള്‍ ഉപയോഗിക്കാം.
–

–
Leave a Reply