Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കേരളത്തില്‍ കാലവര്‍ഷം ശക്തിപ്രാപിച്ചു വരികയാണ്. അതോടൊപ്പം ഇരുചക്രവാഹന യാത്രക്കാരെ സംബന്ധിച്ച് തീര്‍ത്തും ബുദ്ധിമുട്ടേറിയ ദിനങ്ങളാണു വരുന്നത്. ഈ സമയത്ത് ഏറെ കരുതലോടെ വാഹനം ഓടിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. മഴക്കാലത്ത് ഇരുചക്രവാഹന യാത്രയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
പലപ്പോഴും മഴയത്തുള്ള അശ്രദ്ധമായ ഡ്രൈവിങ് അപകടം ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്. ഈ സമയത്ത് കൂടുതല്‍ കാഴ്ച നല്‍കുന്ന വൃത്തിയായ പ്ലെയിന്‍ ഗ്ലാസോടുകൂടി കൂടിയ ഗുണനിലവാരമുള്ള ഹെല്‍മറ്റ് നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതാണ്.

മഴക്കാലത്ത് കണ്ണിനു മുകളില്‍ ഒരു കൈ പിടിച്ച് വാഹനം ഓടിക്കുന്നവരുണ്ട്. അതുപോലെ വാഹനത്തിന്റെ പിന്‍സീറ്റില്‍ ഇരുന്ന് കുട നിവര്‍ത്തി ഡ്രൈവിങ്ങിനെ സഹായിക്കുന്നവരുമുണ്ട്. മറ്റുചിലര്‍ ഒരു കുട കയ്യില്‍ പിടിച്ചും മറ്റേ കയ്യില്‍ ആക്‌സിലേറ്ററുമായും വാഹനം ഓടിക്കുന്നു. കാറ്റ് കൊണ്ട് കുട വശങ്ങളിലേക്കും മറ്റും ചെരിയുമ്പോള്‍ ഡ്രൈവറുടെ ശ്രദ്ധ തെറ്റിപ്പോയി അപകടങ്ങള്‍ ഉണ്ടാകുമെന്ന് ഓര്‍ക്കുക.
ഗട്ടറുകളിലും മറ്റും വെള്ളം നിറഞ്ഞ് കിടക്കുന്നതുകൊണ്ട് ഇരുചക്രവാഹന യാത്രക്കാര്‍ രണ്ടു കയ്യും ഹാന്‍ഡിലില്‍ മുറുക്കെ പിടിച്ച് മാത്രം വാഹനം ഓടിക്കുക. ഗട്ടറുകളും ഹംപും മറ്റും അവസാന നിമിഷം വെട്ടിച്ച് ഓടിക്കുന്നതിനേക്കാള്‍ എപ്പോഴും നല്ലത്, സ്പീഡ് കുറച്ച് അതിലൂടെ കയറ്റി ഇറക്കി കൊണ്ടുപോകുന്നതാണ്.
വാഹനത്തിന്റെ ടയര്‍ പരിശോധിക്കുക. തെന്നിക്കിടക്കുന്ന റോഡുകളില്‍ ബ്രേക്ക് ചെയ്താല്‍, നമ്മള്‍ ഉദ്ദേശിക്കുന്ന സ്ഥലത്തു നില്‍ക്കണമെങ്കില്‍ ടയര്‍ മികച്ചതാവണം. മാസങ്ങളായി മാറ്റാന്‍ പറ്റാത്ത ടയറുകള്‍ അപകടം ക്ഷണിച്ചു വരുത്തുമെന്ന് ഓര്‍ക്കുക.

വാഹനത്തിന്റെ ബ്രേക്ക് പരിശോധിക്കുക. ബ്രേക്ക് ലൈനറുകള്‍ മാറാനുണ്ടെങ്കില്‍ മാറ്റിയിടുക. മഴക്കാലത്ത് മുന്നിലെയും പിന്നിലെയും ബ്രേക്ക് ഒരുമിച്ചു പ്രയോഗിക്കുന്ന രീതിയാണ് അവലംബിക്കേണ്ടത്. വാഹനം ‘സ്‌കിഡ്’ ചെയ്യുന്നത് ഒരു പരിധി വരെ ഇതിലൂടെ നിയന്ത്രിക്കാം.
ഹെഡ് ലൈറ്റ് പരിശോധിക്കുക. കണ്ണഞ്ചിപ്പിക്കുന്ന ഹെഡ് ലൈറ്റ് ഒരു കാരണവശാലും ഉപയോഗിക്കരുത്. എതിര്‍വശത്തെ വാഹനത്തിന്റെ ഡ്രൈവറും റോഡ് ശരിയായി കണ്ടാല്‍ മാത്രമേ അപകടങ്ങള്‍ ഒഴിവാകുകയുള്ളൂ. ഹെഡ് ലൈറ്റ് ഇടയ്ക്കിടെ ‘ഡിപ്’ ചെയ്ത് ശ്രദ്ധ കൂട്ടാന്‍ ശ്രമിക്കുന്നത് നല്ലതാണ്.
രാത്രിയില്‍ മറ്റ് വാഹനങ്ങള്‍ ശ്രദ്ധിക്കുവാനായി ഇരുചക്രവാഹന യാത്രക്കാര്‍ ലൈറ്റില്‍ പ്രതിഫലിക്കുന്ന റിഫ്‌ളക്ടീവ് സ്റ്റിക്കറുകള്‍, വാഹനത്തിന്റെ പിറകുവശത്തും ഹെല്‍മറ്റിന്റെ പിറകിലും മറ്റും ഒട്ടിച്ച് സുരക്ഷ വര്‍ദ്ധിപ്പിക്കാവുന്നതാണ്.
Leave a Reply