Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 11:42 am

Menu

Published on April 14, 2019 at 9:00 am

നിങ്ങളുടെ ഫോൺ അമിതമായ ചൂടാകാറുണ്ടോ??

smartphone-battery-heat

സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കള്‍ നേരിടുന്ന, ഒഴിവാക്കാന്‍ കഴിയാത്ത ഒരു പ്രശ്നമാണ് ഫോണിന്റെ അമിതമായ ചൂടാകലും തുടർന്നുണ്ടാകുന്ന പൊട്ടിത്തെറിയും‍. എല്ലാ ഫോണുകളും ഗെയിമുകള്‍ കളിക്കുമ്പോഴോ, ചാര്‍ജ് ചെയ്യുമ്പോഴോ, മള്‍ട്ടി ടാസ്കിംഗ് ചെയ്യുമ്പോഴോ എല്ലാം അമിതമായി ചൂടാകാറുണ്ട്. ചിലപ്പോള്‍ പാരിസ്ഥിതികമായ വ്യതിയാനവും ഓവര്‍ ഹീറ്റിങ്ങിന് കാരണമാകാറുണ്ട്. അത് ഏത് സാഹചര്യത്തിലായാലും നിങ്ങളുടെ ഫോണിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ നന്നേ പണിപ്പെടാറുമുണ്ടാകും.ഫോണ്‍ അമിതമായി ചൂടാകുന്നതിനുള്ള പ്രധാന കാരണങ്ങളും പരിഹാരങ്ങളും ഇതാ ;

ഉയര്‍ന്ന ബ്രൈറ്റ്നസ് ;

സ്മാര്‍ട് ഫോണിന്റെ ബ്രൈറ്റ്നസ് പൂര്‍ണമായും കൂട്ടി വച്ചിരിക്കുകയാണെങ്കില്‍, ഫോണ്‍ ഉപയോഗിച്ച് തുടങ്ങി ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഓവര്‍ ഹീറ്റ് ആകാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇത് മാത്രമാകില്ല കാരണം. ഈ പ്രശ്നം ഒഴിവാക്കാന്‍, സ്ക്രീനിന്റെ ബ്രൈറ്റ്നസ് ഏറെ സമയവും അനുയോജ്യമായ രീതില്‍ താഴ്ത്തി വയ്ക്കാം.

ഉയര്‍ന്ന ക്യാമറ ഉപയോഗം ;

ക്യാമറകള്‍ ദീര്‍ഘനേരം തുറന്ന് വച്ചിരിക്കുകയാണെങ്കില്‍ ഭൂരിപക്ഷം സ്മാര്‍ട് ഫോണുകളും അമിതമായി ചൂടാകാന്‍ തുടങ്ങും. ക്യാമറ തുറക്കുമ്പോള്‍ തന്നെ മികച്ച ചിത്രങ്ങള്‍ ലഭ്യമാക്കുന്നതിനായി ഫോണിനുള്ളിലെ നിരവധി ഫീച്ചറുകൾ ഒന്നിച്ച്‌ പ്രവര്‍ത്തിച്ചു തുടങ്ങും. ഇതു കൊണ്ടാണ് ക്യാമറ കുറെനേരം തുറന്ന് വച്ചിരുന്നാല്‍ ഫോണ്‍ ചൂടാകാന്‍ തുടങ്ങുന്നത്. ഇനി മുതല്‍ ഉപയോഗം കഴിഞ്ഞാല്‍ ക്യാമറ ക്ലോസ് ചെയ്തുവെന്ന് ഉറപ്പുവരുത്തണം. അങ്ങനെ ഇത്തരത്തിലുണ്ടാകുന്ന ഓവര്‍ ഹീറ്റിങ് ഒരു പരിധിവരെ ഒഴിവാക്കാം.

‘ശ്വാസം മുട്ടിക്കുന്ന’ മൊബൈല്‍ കെയ്സ് ;

ഫോണിന്റെ പുറത്തുള്ള മൊബൈല്‍ കെയ്സുകള്‍ ഓവര്‍ ഹീറ്റിങ്ങിന് കാരണമാകുമെന്നത് നിങ്ങളെ അദ്ഭുതപ്പെടുത്തുന്നുണ്ടാകാം. മൊബൈല്‍ കെയ്സുകള്‍ സ്വന്തമായി ചൂട് ഉത്പാദിപ്പിക്കുന്നില്ല. എന്നാല്‍, ഇത് റേഡിയേറ്റ് ചെയ്യുന്നതില്‍ നിന്നും ഫോണിനെ തടയുന്നു. ഇത് ഫോണിനെ അമിതമായി ചൂടാകുന്നത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഫോണിന് ‘ശ്വസിക്കാന്‍’ കഴിയുന്ന തരത്തിലുള്ള മൊബൈല്‍ കെയ്സുകള്‍ ഉപയോഗിക്കുന്നതാണ് ഇതൊഴിവാക്കാനുള്ള മാര്‍ഗം.

വൈറസുകള്‍ ;

സ്മാര്‍ട് ഫോണില്‍ ഒളിച്ചിരിക്കുന്ന മാല്‍വെയറുകള്‍, സ്പൈവെയറുകള്‍, റാന്‍സംവെയറുകള്‍ തുടങ്ങിയവ ഫോണ്‍ ഓവര്‍ഹീറ്റിങ്ങിന് കാരണമായേക്കാം. ഇത് ഒഴിവാക്കാന്‍ വൈറസ്, മറ്റു പ്രശ്നങ്ങളുള്ള വെബ്‌സൈറ്റുകൾ സന്ദർശിക്കുന്നതും ആപ്പ് സ്റ്റോറുകളില്‍ നിന്നു അഞ്ജാതമായ ആപ്പുകൾ ഡൗണ്‍ലോഡ് ചെയ്യുന്നതും ഒഴിവാക്കുക. ആന്റി വൈറസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് നല്ലതാണ്.

പഴയ ബാറ്ററി, യോജിക്കാത്ത ചാര്‍ജർ ;

ഭൂരിപക്ഷം ആളുകള്‍ക്കും അറിയില്ല, ഹാന്‍ഡ്‌ സെറ്റിനൊപ്പം ലഭിക്കുന്നതല്ലാത്ത ചാര്‍ജറുകള്‍ ബാറ്ററിയെ ബാധിക്കുമെന്ന കാര്യം. ഇക്കാരണത്താലാണ് സ്മാര്‍ട് ഫോണിനൊപ്പം ലഭിക്കുന്ന ചാര്‍ജര്‍ തന്നെ ഉപയോഗിക്കണമെന്ന് നിര്‍മാതാക്കള്‍ നിര്‍ദ്ദേശിക്കുന്നത്. ബാറ്ററി അതിന്റെ ആയുസിന്റെ അവസാന ഘടത്തില്‍ എത്തുന്ന വേളയില്‍ ഈ പ്രശ്നം കൂടുതല്‍ വഷളായേക്കം. 100 ശതമാനം വരെ ബാറ്ററി ഓവര്‍ ചാര്‍ജ് ചെയ്യുന്നത് ബാറ്ററിയുടെ ആയുസ് കുറയ്ക്കുകയും ഫോണ്‍ ഓവര്‍ ഹീറ്റ് ആകുന്നതിന് ഇടയാക്കുകയും ചെയ്യും. എപ്പോഴും ഫോണിനൊപ്പം വരുന്ന ചാര്‍ജര്‍ മാത്രം ഉപയോഗിക്കുകയും ബാറ്ററി മാറ്റേണ്ടി വന്നാല്‍ എത്രയും വേഗം മാറ്റുകയും ചെയ്യുക.

മദർബോർഡിനെ പ്രകോപിപ്പിക്കരുത് ;

ബാറ്ററി റീചാർജ് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് ഉപയോഗിക്കുന്ന ഫോൺ പൊട്ടിത്തെറിക്കുന്നതും ഇതുപോലെയാണ്. ചാർജ് ചെയ്യുമ്പോൾ ഫോൺ വെറുതെ ഇരിക്കുകയാണ് എന്ന ധാരണ തെറ്റാണ്. ചാർജർ കൊണ്ടുവരുന്ന വൈദ്യുതി ബാറ്ററിയിലേക്കു കടത്തിവിടുന്ന സങ്കീർണമായ ജോലി ചെയ്യുന്ന ഫോണിനെ മറ്റു ജോലികൾ ചെയ്യാൻ പ്രേരിപ്പിക്കുമ്പോൾ മദർബോർഡിന്മേലുള്ള സമ്മർദ്ദം വർധിക്കുകയാണ്. ഈ സമ്മർദ്ദം ഫോണിന്റെ സർക്യൂട്ടിനെ ചൂടുപിടിപ്പിക്കും. ചാർജ് ചെയ്യുന്ന ഫോണിൽ സംസാരിക്കുമ്പോളോ മറ്റെന്തെങ്കിലും ജോലികൾ ചെയ്യുമ്പോഴോ ഫോൺ ചൂടാവുന്നത് ഇതുകൊണ്ടാണ്. സർക്യൂട്ടിൽ എന്തെങ്കിലും തകരാറുകളുണ്ടെങ്കിൽ ഈ ചൂടു മൂലം ഷോർട് സർക്യൂട്ട് ഉണ്ടാവുകയും അതു ഫോണിലെ ലിഥിയം അയൺ ബാറ്ററിയുടെ സ്ഫോടനത്തിലേക്കും നയിക്കുകയും ചെയ്യാം.

ഓവർഡോസ് അപകടം ;

രാത്രിയിൽ ഫോൺ ചാർജിങ്ങിന് ഇട്ട് ഉറങ്ങാൻ കിടക്കുമ്പോൾ പലരും കരുതുന്നതു ബാറ്ററി 100 % ആയിക്കഴിഞ്ഞാൽ പിന്നെ വൈദ്യുതി അതിലേക്കു പ്രവഹിക്കുന്നത് നിൽക്കുമെന്നാണ്. എല്ലാ ബാറ്ററിയിലും ഇതു സാധ്യമാകണമെന്നില്ല. ബാറ്ററി നിറഞ്ഞു കഴിഞ്ഞു പിന്നെയും പ്രവഹിക്കുന്ന വൈദ്യുതി കൈകാര്യം ചെയ്യാനാവാതെ വരുമ്പോൾ ബാറ്ററി ചൂടാവും. ഇതും ഷോർട് സർക്യൂട്ടിലേക്ക് നയിച്ചേക്കാം.

ഇങ്ങനെ തുടർച്ചയായി രാത്രിയിൽ ഫോൺ ചാർജിങ്ങിനു കുത്തിയിട്ടാൽ ബാറ്ററി തകരാറായി വീർത്തുവരും (ബൾജിങ്). ഇങ്ങനെ വീർത്തിരിക്കുന്ന ബാറ്ററികൾക്കു തീപിടിക്കാനോ പൊട്ടിത്തെറിക്കാനോ ഉള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ബാറ്ററി വീർത്തിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം അതു മാറ്റി പുതിയതു വാങ്ങിയിടുക.

മൊബൈല്‍ ഇടരുത് ;

മൊബൈൽ ഫോൺ ഒരു ഇലക്ട്രോണിക് ഉപകരണമാണ് എന്നതു മറന്നുകൊണ്ടാണു പലരും ഉപയോഗിക്കുന്നത്. ഇറുകിയ ജീൻസിന്റെ പോക്കറ്റിൽ ശ്വാസംമുട്ടിക്കിടക്കുന്ന ഫോൺ ചൂടാവുന്നുണ്ടെങ്കിൽ കാരണം ഫോണിന്റെ ബാറ്ററിയിൽ ഏൽക്കുന്ന സമ്മർദ്ദമാണെന്നു മനസ്സിലാക്കുക. ഫോൺ പോക്കറ്റിലിടുമ്പോൾ ചൂടാവുന്നത് ഒരു തകരാറല്ല, മറിച്ചു പോക്കറ്റ് ഭീകര ടൈറ്റായതുകൊണ്ടാണെന്നു തിരിച്ചറിയുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News