Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി വേനല്‍ക്കാലത്ത് സാധാരണയിലധികം ചൂട് ഇപ്പോള്‍ അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് കണ്ടുവരുന്നുണ്ട്. വേനല്‍ക്കാലത്ത് അനുഭവപ്പെടുന്ന ആരോഗ്യ പ്രശ്‌നങ്ങളൊന്നും തന്നെ നിസ്സാരമാക്കിയെടുക്കരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത്തരത്തില്‍ വേനല്‍ക്കാലത്ത് ശ്രദ്ധവേണ്ട ചില കാര്യങ്ങളുണ്ട്.
ആദ്യം ശ്രദ്ധ വേണ്ടത് വെള്ളത്തിന്റെ ഉപയോഗത്തിലാണ്. വേനല്‍ക്കാലത്ത് ജലദൗര്‍ലഭ്യത വളരെ കൂടുതലായതിനാല്‍ ലഭ്യമായ ജലം മലിനപ്പെട്ടതാകാനുളള സാധ്യത കൂടുതലാണ്. അതുകൊണ്ടു തന്നെ പുറത്തുപോകുമ്പോള്‍ വീട്ടിലെ വെളളം തന്നെ കുടിക്കാന്‍ കൈയില്‍ കരുതുക. കടകളില്‍ നിന്ന് വെളളം അധികം വാങ്ങാതിരിക്കുന്നതാണ് ഇക്കാലത്ത് നല്ലത്.
ദാഹമേറുമെന്നതിനാല്‍ ധാരാളം വെളളം കുടിക്കേണ്ടതായും വരും. നിര്‍ജലീകരണം വരാതിരിക്കാന്‍ ധാരാളം വെളളം വേണം. കുടിക്കാന്‍ വെളളം തിളപ്പിക്കുമ്പോള്‍ മൂന്നു മുതല്‍ അഞ്ച് മിനിറ്റ് വരെ തിളപ്പിക്കുക. ചൂടാറിയശേഷം കുടിക്കാന്‍ ഉപയോഗിക്കുക. നിറമുളള പാനീയങ്ങള്‍ വേണ്ട. അതുപോലെ തന്നെ ദാഹം തോന്നുമ്പോള്‍ കോള പോലുളള കാര്‍ബണേറ്റഡ് പാനീയങ്ങളും മധുരമേറിയ പാനീയങ്ങളും കുടിക്കുന്നത് നല്ലതല്ല.
മാത്രമല്ല കുഴല്‍കിണറുകളിലെ വെളളത്തില്‍ ചിലപ്പോള്‍ ഫ്‌ളൂറൈഡ് എന്ന ഘടകം കൂടുതലായിരിക്കും. ഇതു തിളപ്പിച്ചാലും പോകില്ല. അതുകൊണ്ട് കുഴല്‍കിണറിലെ വെളളം കഴിവതും ഒഴിവാക്കുന്നതാകും നല്ലത്.
നല്ല ചൂടായതിനാല്‍ എസി, ഫാന്‍, എയര്‍കൂളര്‍ എന്നിവ നാം കൂടുതലായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ എസിയുടെ സ്ഥിരമായ ഉപയോഗം ചര്‍മത്തെ വരണ്ടതാക്കുകയും ശരീരത്തില്‍ നിര്‍ജലീകരണം ഉണ്ടാക്കുകയും ചെയ്യും.
ശ്വാസകോശനാളിയെയും ഇത് വരണ്ടതാക്കും. തുടര്‍ന്ന് ശ്വാസകോശസംബന്ധമായ അണുബാധകള്‍ക്ക് കാരണമാകും. അതു കൊണ്ടുതന്നെ എസി മുറിയില്‍ ഇരിക്കുമ്പോള്‍ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് നല്ലതാണ്.
കൂടാതെ പുറമെ നിന്നു വിയര്‍ത്തൊലിച്ചു വന്നു കയറിയ ഉടന്‍ എസിയില്‍ കയറി ശരീരം തണുപ്പിക്കാന്‍ ശ്രമിക്കരുത്. ആസ്ത്മ, അലര്‍ജി എന്നിവ ഉളളവര്‍ അധികനേരം എസി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
വേനല്‍ക്കാലം വിവിധ രോഗങ്ങള്‍ പിടിപെടുന്ന സമയം കൂടിയാണ്. വേനല്‍ക്കാലത്ത് പടര്‍ന്നു പിടിക്കാന്‍ സാധ്യതയുളള രോഗങ്ങളാണ് വയറിളക്കം, കോളറ, ഹെപ്പറ്റൈറ്റിസ് എ എന്നിവ. അന്തരീക്ഷത്തിലെ ചൂടു കൂടുന്നതു വഴി ശരീരത്തിലെ ജലാംശം പരിധിവിട്ടു കുറയുമ്പോള്‍ മൂത്രത്തില്‍ അണുബാധയും കല്ലും വരാനുളള സാധ്യത കൂടുതലാണ്.
വെയിലത്ത് കൂടുതല്‍ നേരം ജോലി ചെയ്യുന്നവരില്‍ ഉണ്ടാകുന്ന പ്രശ്‌നമാണ് ചൂടു മൂലമുളള പേശീവേദന. ശരീരത്തിലെ സോഡിയത്തിന്റെ അംശം വിയര്‍പ്പിലൂടെ കൂടുതല്‍ നഷ്ടപ്പെടുന്നതു മൂലമാണിത്. ചൂടു മൂലമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നമാണ് സൂര്യാഘാതം. ശരീരം വളരെയധികം ചൂടാകുമെങ്കിലും വിയര്‍പ്പ് ഉണ്ടാകില്ല. ധാരാളം വെള്ളം കുടിക്കുന്നത് വഴി ഇത് ഒരു പരിധിവരെ തടയാനാകും.
Leave a Reply