Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 3:39 am

Menu

Published on September 12, 2018 at 4:28 pm

മഴ കുറഞ്ഞു .. താപനില കൂടി !!

sunburn-after-flood-kerala-temperature-rise

കാലവർഷം കഴിഞ്ഞതോടുകൂടി ചൂട് ക്രമാതീതമായി വർധിക്കുകയാണ്. മഴ നിന്നതിനുശേഷം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി 8 ഡിഗ്രി സെൽഷ്യസ് വരെ താപനില വർധിച്ചു. ചൂട് കുടിയതോടുകൂടി സൂര്യതാപം മൂലമുള്ള അപകടങ്ങളും കൂടി. തൃശൂർ വയനാട് എന്നീ ജില്ലകളിലെ 2 പേർക്ക് സൂര്യതാപം മൂലം പൊള്ളലേറ്റു. തൃശൂർ കുമരനെല്ലൂർ ഒന്നാംകല്ലിൽ വീട്ടുമുറ്റത്ത് പണിയെടുക്കുന്നതിനിടെ അരങ്ങത്തുപറമ്പിൽ സുഹാസ് (31) വയനാട് കോട്ടത്തറ മൈലാടിയിൽ വോളിബോൾ മൈതാനം നന്നാക്കുന്നതിനിടെ കമ്മനാട് ഇസ്മായിൽ (30) എന്നിവർക്കാണ് സൂര്യതാപമേറ്റത്.

ഇപ്പോഴത്തെ കാലാവസ്ഥാ പകൽ നല്ല ചൂടും രാത്രി തണുപ്പും ഇത് എല്ലാവരിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വയനാട് ഇടുക്കി ജില്ലകളിൽ ഇതാണ് അവസ്ഥാ. ഇടുക്കിയിലെ മുന്നാറിൽ ഇന്നലെ കൂടിയ താപനില 22 ഡിഗ്രിയും കുറഞ്ഞ താപനില 10 ഡിഗ്രി സെൽഷ്യസുമാണ്. അതേസമയം ഇടുക്കി ജില്ലയിലെ മറ്റ് സ്ഥലങ്ങളിലെ പകൽ താപനില 35 ഡിഗ്രിയാണ്. പാലക്കാട് ഇന്നലെ 34 ഡിഗ്രി സെൽഷ്യസായിരുന്നു. വയനാട് 31 ഡിഗ്രി സെൽഷ്യസും. കഴിഞ്ഞ വർഷം ഈ സമയം കൂടിയ താപനില 32 ഡിഗ്രി ആയിരുന്നു.

കനത്ത ചൂടിന് കാരണം മഴമേഘങ്ങളില്ലാത്തത് കൊണ്ടാണ് എന്ന് അസി. പ്രഫസർ, കാലാവസ്ഥാ പഠന വിഭാഗം, കുസാറ്റ് ഡോ. എസ്.അഭിലാഷ് പറയുന്നു. അദ്ദേഹം പറയുന്നത് ഇങ്ങനെ ;

‘പതിവായി ലഭിക്കുന്ന മഴ മാറിനിന്നതോടെയാണു കേരളത്തിൽ ചൂട് കൂടിയതും സൂര്യാതപം ഉൾപ്പെടെയുള്ളവ സംഭവിക്കുന്നതും. കേരളത്തിൽ ശക്തമായ മഴ ലഭിക്കുന്ന സമയമായിരുന്നു ഇത്. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ മഴ ലഭിച്ചത് സെപ്റ്റംബറിലാണ്. എന്നാൽ, ഇത്തവണ മഴ പൂർണമായി മാറിയിട്ടു രണ്ടാഴ്ചയോളമായി. മഴമേഘങ്ങളും തീരെയില്ല. അതുകൊണ്ട് സൂര്യപ്രകാശം നേരിട്ടു ഭൂമിയിലെത്തുന്നു. ഇതോടെ, ചൂടും കൂടി. സൂര്യൻ ഇപ്പോൾ ഉത്തരാർധ ഗോളത്തിലാണ്. കേരളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നേരിട്ട് സൂര്യരശ്മികൾ പതിക്കുന്ന സമയമാണിത്. ഇതിനെ എല്ലാക്കാലവും തടഞ്ഞുനിർത്തിയിരുന്നത് മഴമേഘങ്ങളായിരുന്നു. ‘

അടുത്ത മാസത്തോടെ തുലാവർഷം തുടങ്ങും. തുലാവർഷത്തിന്റെ ശക്തി എത്രത്തോളമായിരിക്കുമെന്ന കാലാവസ്ഥാവകുപ്പിന്റെ പ്രവചനം ഇതുവരെ വന്നിട്ടില്ല. പതിവുപോലെ തുലാവർഷം ലഭിക്കുകയാണെങ്കിൽ ചൂട് സാധാരണ നിലയിലേക്ക് എത്തും.

സൂര്യാതപമേറ്റുള്ള പൊള്ളലും പ്രയാസങ്ങളും പലയിടങ്ങളിലും ഉണ്ട്. അൽപം ശ്രദ്ധ വച്ചാൽ ഈ ആരോഗ്യപ്രശ്നത്തെ നേരിടാം. അന്തരീക്ഷതാപം ക്രമാതീതമായി വർധിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളിൽ സൂര്യാഘാതവും സൂര്യാതപമേറ്റുള്ള താപശരീര ശോഷണവുമാണ് പ്രധാനപ്പെട്ടവ.

-സൂര്യാഘാതവും ലക്ഷണങ്ങളും

അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യശരീരത്തിലെ താപനില സംവിധാനങ്ങൾ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യുന്നു. ഇതിനെ തുടർന്ന് ശരീരത്തിന്റെ പല നിർണായകമായ പ്രവർത്തനങ്ങളും തകരാറിലായേക്കാം. ഈ അവസ്ഥയാണ് സൂര്യാഘാതം.

വളരെ ഉയർന്ന ശരീരതാപം, വറ്റി വരണ്ട് ചുവന്ന് ചൂടായ ശരീരം, നേർത്ത വേഗത്തിലുള്ള നാഡിയിടിപ്പ്, ശക്തിയായ തലവേദന, തല കറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ തുടങ്ങിയവയും ഇതേ തുടർന്നുള്ള അബോധാവസ്ഥയും സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണ്. സൂര്യാഘാതം മാരകമായേക്കാം. ഉടൻ തന്നെ ഡോക്ടറെ കാണിക്കുകയും ചികിത്സ തേടേണ്ടതുമാണ്.

-സൂര്യാതപമേറ്റുള്ള താപശരീര ശോഷണം

സൂര്യാഘാതത്തേക്കാൾ കുറച്ചുകൂടി കാഠിന്യം കുറ‍ഞ്ഞ അവസ്ഥയാണിത്. കനത്ത ചൂടിനെ തുടർന്ന് ശരീരത്തിൽനിന്ന് ധാരാളം ജലവും ലവണങ്ങളും വിയർപ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടർന്നുള്ള അവസ്ഥ.

ചൂടുകാലാവസ്ഥയിൽ ശക്തിയായ വെയിലത്ത് ജോലി ചെയ്യുന്നവരിലും പ്രായാധിക്യമുള്ളവരിലും, രക്തസമ്മർദ്ദം അടക്കമുള്ള രോഗങ്ങൾ ഉള്ളവരിലുമാണ് ഇത് കൂടുതലായി കണ്ടുവരുന്നത്.

താപശരീര ശോഷണത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ ശക്തിയായ വിയർപ്പ്, വിളർത്ത ശരീരം, പേശി വലിവ്, ശക്തിയായ ക്ഷീണം, തല കറക്കം, തല വേദന, ഓക്കാനവും ഛർദ്ദിയും ബോധംകെട്ടു വീഴുക തുടങ്ങിയവയാണ്. ശരീരം തണുത്ത അവസ്ഥയിലും നാഡിമിടിപ്പ് ശക്തി കുറഞ്ഞ് വേഗത്തിലുള്ളതും ശ്വസന നിരക്ക് വർധിച്ച തോതിലുമായിരിക്കും. ശരിയായ രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ താപശരീര ശോഷണം സൂര്യാഘാതത്തിന്റെ അവസ്ഥയിലേക്ക് മാറിയേക്കാം.

Loading...

Leave a Reply

Your email address will not be published.

More News