Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദേഹം മുറിഞ്ഞാല്‍ വേഗം മരുന്ന് വെയ്ക്കുന്നവരാണ് നമ്മള്‍. ചില മുറിവുകള്‍ ഉണങ്ങാന്‍ സമയമേറെ എടുക്കുകയും ചെയ്യും. എന്നാലിപ്പോഴിതാ മുറിവ് വളരെ വേഗം ഉണങ്ങാന്‍ വെയിലുകൊണ്ടാല്‍ മതിയെന്നാണ് ബര്‍മിങ് ഹാമിലെ ഗവേഷകര്‍ പറയുന്നത്.
വെയിലു കൊള്ളുന്നത് ശരീരത്തിലെ വൈറ്റമിന്‍ ഡിയുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കും. അണുബാധ തടയുന്ന ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ വൈറ്റമിന്‍ ഡിക്കുണ്ട്. വൈറ്റമിന്‍ ഡിയുടെ ഈ ഗുണമാണ് മുറിവ് വളരെ വേഗം ഉണങ്ങാന്‍ സഹായിക്കുന്നത്.
സാധാരണ പൊള്ളലേറ്റാല്‍ ആ മുറിവ് ഉണങ്ങാന്‍ കാലതാമസം എടുക്കും. സുഖപ്പെടാന്‍ വൈകുന്തോറും അണുബാധയ്ക്കുള്ള സാധ്യതയുമേറും. ബര്‍മിങ്ഹാമിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്‌ളമേഷന്‍ ആന്റ് ഏജിങ്ങിലെ പ്രൊഫസര്‍മാരായ ജാനെറ്റ് ലോര്‍ഡ്, ഡോ. ഖാലിദ് അല്‍ തരാ എന്നിവര്‍ പൊള്ളല്‍ വളരെ വേഗം ഉണങ്ങാന്‍ ജീവകം ഡി എത്രമാത്രം സഹായകമാണ് എന്നു പരിശോധിച്ചു. ജീവകം ഡി കൂടുതല്‍ ലഭിച്ചവരില്‍ പൊള്ളല്‍ വളരെ വേഗം സുഖമാകുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുകയും പൊള്ളലിന്റെ പാടുകള്‍ കുറയുകയും ചെയ്തു.
പൊള്ളലേറ്റാലുടന്‍ ജീവകം ഡി സപ്ലിമെന്റ് രോഗിക്ക് ലഭിക്കുകയാണെങ്കില്‍ ഇത് അണുബാധ തടഞ്ഞ് വളരെ പെട്ടെന്ന് സുഖമാവുകയും ആന്റിമൈക്രോബിയല്‍ ആക്റ്റിവിറ്റി മെച്ചപ്പെടുകയും ചെയ്യുമെന്നും പരിശോധനയില്‍ കണ്ടെത്തി.
പൊള്ളല്‍ മൂലം പരുക്ക് പറ്റുമ്പോള്‍ ജീവകം ഡിയുടെ അളവ് ശരീരത്തില്‍ കുറയുന്നു. ഈ ജീവകം തിരിച്ച് ശരീരത്തിലെത്തുകയാണെങ്കില്‍ ലളിതവും ചെലവു കുറഞ്ഞതുമായ മാര്‍ഗത്തിലൂടെ വളരെ വേഗം സുഖപ്പെടുമെന്നാണ് ഇവരുടെ കണ്ടെത്തല്‍.
എന്തുകൊണ്ടാണ് പൊള്ളല്‍ മൂലം പരുക്ക് പറ്റിയവരില്‍ ജീവകം ഡി നഷ്ടപ്പെടുന്നത് എന്നതിന്റെ അന്വേഷണത്തിലാണ് ലോര്‍ഡും കൂട്ടരും ഇത് മനസിലാക്കിയാല്‍ ഭാവിയില്‍ ഇത് തടയാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
Leave a Reply