Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നല്ല ഉറക്കം ഒരാളുടെ ആരോഗ്യത്തെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. ആരോഗ്യത്തിന് ഉറക്കം സുപ്രധാനമായ ഒന്നാണ്. ആരോഗ്യത്തിന് മാത്രമല്ല, ദിവസം മുഴുവന്‍ നല്ലപോലെ ജോലി ചെയ്യാനും മനസ്സമാധാനത്തിനും സന്തോഷത്തിനും നല്ല ഉറക്കം പ്രധാനമാണ്.
രാത്രി ഉറക്കം ശരിയായില്ലെങ്കില്‍ ദിവസം മുഴുവന്‍ ഉറക്കം തൂങ്ങിയിരിക്കുന്ന ഒരു അവസ്ഥയാകും ഫലം. രാത്രി ഉറക്കം വരാത്തതിന് പല കാരണങ്ങളുമുണ്ട്. ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍, പിരിമുറുക്കങ്ങള്‍ എന്നിവയെല്ലാം ഉറക്കത്തെ ബാധിക്കും.
സുഖകരമായ ഉറക്കത്തിന് സഹായിക്കുന്ന ചില കാര്യങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അവ എന്തെല്ലാമെന്നു നോക്കാം.
1. റിലാക്‌സേഷന്‍ നല്‍കുക
മെഡിറ്റേഷന്‍, പ്രാര്‍ത്ഥന, ധ്യാനം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ ശരീരത്തിനും മനസ്സിനും ഉറങ്ങുന്നതിന് അരമണിക്കൂര്‍ മുന്‍പെങ്കിലും സമയം നല്‍കണം. ദീര്‍ഘ ജോലികളില്‍ നിന്ന് നേരെ ഉറങ്ങാന്‍ കിടക്കുകയുമരുത്.
2. കിടക്കയില്‍ മൊബൈല്‍ വേണ്ട
ഇന്ന് മിക്കവാറും പേര്‍ സ്മാര്‍ട്ട് ഫോണ്‍ നോക്കി നോക്കി ഉറങ്ങി പോകുന്നവരാണ്. സ്മാര്‍ട്ട് ഫോണില്‍ നിന്നും പുറത്തേക്കു വരുന്ന നീല വെളിച്ചം തലച്ചോറിനെ പകലാണ് എന്ന സന്ദേശമെത്തിക്കാന്‍ ഇടയാകും. ഇത് നല്ല ഉറക്കം ലഭിക്കുന്നതിന് തടസ്സമാകും. മാത്രമല്ല ഉണര്‍ന്നിരിക്കാനുള്ള ഈ സന്ദേശം സിരകളെ പ്രവര്‍ത്തിപ്പിച്ച് ഉറക്കം വൈകിപ്പിക്കും.
3. കിടക്കയില്‍ തന്നെ കിടക്കണമെന്നില്ല
ഉറങ്ങാന്‍ സ്വസ്ഥമായ വൃത്തിയുള്ള ഇടമുണ്ടായിരിക്കുക എന്നത് പ്രധാനമാണ്. എങ്കിലും നല്ല ഉറക്കത്തിന് കിടക്കയില്‍ തന്നെ കിടക്കണമെന്നില്ല. കിടക്കയില്‍ കിടന്നിട്ടും ഉറക്കം വരുന്നില്ലെങ്കില്‍ ഒരു പുസ്തകവുമായി സെറ്റിയിലോ കസേരയിലോ ഇരിക്കാം. മാനസികോല്ലാസം നല്‍കുന്ന പുസ്തകങ്ങള്‍ രാത്രി നേരത്ത് അലസമായി വായിക്കുന്നത് ഉറങ്ങാന്‍ സഹായകമാണെന്ന് പഠനങ്ങള്‍ പറയുന്നു.
4. കൃത്യമായ സമയം
എല്ലാ ദിവസവും ഉറക്കത്തിന് കൃത്യമായ സമയം നിശ്ചയിക്കുന്നത് എല്ലാ ദിവസവും കൃത്യമായി ഉറങ്ങാന്‍ നിങ്ങളെ പ്രേരിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഉറങ്ങാന്‍ എന്തെങ്കിലും കാരണം കൊണ്ടു വൈകിയാല്‍ അതോര്‍ത്ത് ടെന്‍ഷനാകേണ്ട. ഇത് ശരീരത്തിലെ സ്‌ട്രെസ് ഹോര്‍മോണുകളെ വര്‍ദ്ധിപ്പിച്ച് ഉറക്കം നഷ്ടപ്പെടുത്തുമത്രെ.
5. ഓരോ ഭാഗങ്ങളായി വിശ്രമം
ശരീരത്തിന്റെ ഓരോ ഭാഗങ്ങളായി വിശ്രമം നല്‍കി ഉറക്കത്തിലേക്ക് സ്വയം എത്താം. അതിനായി നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. കട്ടിലില്‍ നിവര്‍ന്ന് കിടന്ന് കാല്‍പാദങ്ങള്‍, നടുഭാഗം, നെഞ്ച് കൈകള്‍ അങ്ങനെ ശ്വാസോച്ഛ്വാസത്തിലൂടെ റിലാക്‌സ് ചെയ്യുക. തലയിലേക്ക് എത്തുന്ന സമയം നിങ്ങള്‍ ഉറങ്ങിയിട്ടുണ്ടാകും. മനസ്സു കൊണ്ട് ഇതുമായി പൊരുത്തപ്പെടാന്‍ ശരീരത്തിന് അനുവാദം നല്‍കണം. അത് പരിശീലനത്തിലൂടെ നേടാം.
Leave a Reply