Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഉഷ്ണകാലത്തല്ലെങ്കിലും ചിലര്‍ക്ക് ഫാനിടാതെ ഉറക്കം വരില്ല. കൊറിയക്കാരെ പോലെയല്ല നമ്മുടെ നാട്ടുകാര്‍. ചൂടായാലും തണുപ്പായാലും തലയ്ക്കുമുകളില്‍ ഫാന്‍ കറങ്ങിയില്ലെങ്കില്‍ ഉറക്കം വരാത്തവരാണ് അധികവും.
മുറിയില്‍ നല്ല കാറ്റുണ്ടാക്കുക മാത്രമാണ് ഫാന്‍ ചെയ്യുന്നത്. മുറിയിലെ ചൂട് കുറയാന്‍ എയര്‍ കൂളറോ എയര്‍ കണ്ടീഷ്‌നറോ വേണം. ചൂടുകാലത്ത് വിയര്‍പ്പു കൂടും. വിയര്‍പ്പിനുമേല്‍ കാറ്റടിക്കുമ്പോള്‍ ജലാംശം ബാഷ്പീകരിക്കും. അതാണ് നമുക്ക് തണുപ്പ് അനുഭവപ്പെടുന്നത്.
രാത്രി മുഴുവന്‍ ഫാനിട്ടു കിടക്കുന്നവര്‍ കിടപ്പുമുറിയില്‍ നല്ല വെന്റിലേഷന്‍ സൗകര്യങ്ങളുണ്ടെന്ന് ഉറപ്പു വരുത്തണം. ശരീരം മുഴുവന്‍ മൂടുംവിധം വസ്ത്രം ധരിച്ചു വേണം രാത്രി മുഴുവന്‍ ഫാനിട്ട് കിടന്നുറങ്ങുന്ന ശീലമുള്ളവര്‍ കിടക്കാന്‍. നഗ്നശരീരത്തില്‍ കൂടുതല്‍ നേരം കാറ്റടിക്കുമ്പോള്‍ ചര്‍മ്മം വല്ലാതെ വരണ്ടു പോകും.
ഫാനിട്ട് ഉറങ്ങിയാല്‍ ചര്‍മ്മത്തിലെ ജലാംശം ബാഷ്പീകരിച്ച് നിര്‍ജ്ജലീകരണം ഉണ്ടാകാനും സാധ്യതയുണ്ട്. ഇതാണ് ഇങ്ങനെ ഉറങ്ങുന്നവര്‍ ഉണരുമ്പോള്‍ ക്ഷീണിതരായി കാണപ്പെടാന്‍ ഒരു കാരണം. ആസ്ത്മയും അപസ്മാരവും ഉള്ളവര്‍ മുഖത്ത് ശക്തിയായി കാറ്റടിക്കും വിധം കിടക്കരുത്. കുഞ്ഞുങ്ങളുടെ മുഖത്തേക്കും ശക്തമായി കാറ്റടിക്കാതെ ശ്രദ്ധിക്കണം.
മിതമായ വേഗതയില്‍ ഫാനിടുന്നതാണ് എപ്പോഴും നന്ന്. കിടപ്പുമുറിയില്‍ വസ്ത്രങ്ങള്‍, കടലാസുകള്‍, പുസ്തകങ്ങള്‍, ചാക്കുകെട്ടുകള്‍, ബോക്സുകള്‍ എന്നിവയൊന്നും വാരിക്കൂട്ടിയിടരുത്. അതില്‍ നിന്ന് പൊടിപറന്ന് അലര്‍ജിയുണ്ടാക്കിയേക്കും.
കൊതുകിനെ ഓടിക്കാനാണ് ചിലര്‍ അമിതവേഗതയില്‍ ഫാനിടുന്നത്. എന്നാല്‍ ഫാനുകള്‍ കൊണ്ട് കൊതുകിനെ തുരത്താമെന്ന് കരുതേണ്ട. കൊതുകിനെ പ്രതിരോധിക്കാന്‍ കൊതുകുവല തന്നെയാണ് നല്ലത്.
ഫാനിന്റെ ലീഫുകള്‍ പൊടിയും ചിലന്തിവലകളും ഒക്കെ പറ്റിപ്പിടിച്ചിരിക്കാനുള്ള സുരക്ഷിത സ്ഥലമാണ്. അതിനാല്‍ ഫാനിന്റെ ലീഫിന്റെ ഇരു വശവും ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കണം.
മാരകമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കില്ലെങ്കിലും മുതിര്‍ന്നവരും രോഗികളും ശ്വാസ സംബന്ധമായ ബുദ്ധിമുട്ടുള്ളവരും രാത്രി മുഴുവന്‍ ഫാനിന്‍ കീഴില്‍ കിടന്നുറങ്ങുന്നത് നല്ലതല്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
Leave a Reply