Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 19, 2024 12:40 pm

Menu

Published on January 16, 2018 at 2:57 pm

കഴിഞ്ഞ കാലത്തിലേക്ക് തിരിച്ചുപോകാൻ ഒരു അവസരം ലഭിച്ചാൽ.. അവിടെ നിങ്ങൾ നിങ്ങളെ തന്നെ കണ്ടുമുട്ടുകയും ചെയ്താലോ..

top-fantasy-movies-part-9-will-you-be-there-2016

നിങ്ങളുടെ കഴിഞ്ഞ കാലത്തിലേക്ക് തിരിച്ചുപോകാൻ പത്ത് അവസരങ്ങൾ നിങ്ങൾക്ക് ലഭിച്ചാൽ നിങ്ങൾ എന്ത് ചെയ്യും. അതല്ലെങ്കിൽ ഒരാൾ ഒരു ദിവസം നിങ്ങളുടെ മുമ്പിൽ വന്ന് ഞാൻ നീ തന്നെയാണ്.. മുപ്പത് വർഷങ്ങൾക്ക് ശേഷമുള്ള നീ തന്നെയാണ് ഞാൻ.. ഞാൻ വന്നിരിക്കുന്നത് ഉടൻ തന്നെ മരിക്കാൻ പോകുന്ന നിന്റെ-എന്റെ-നമ്മളുടെ പ്രിയതമയെ ഒരുവട്ടം കൂടെ അവസാനമായി ഒന്നുകാണാൻ വന്നതാണ് എന്നുപറഞ്ഞാൽ എങ്ങനെയുണ്ടാകും..

മികച്ച ഫാന്റസി സിനിമകൾ- ഭാഗം 9
Will You Be There?
Year: 2016
Genre: Fantasy, Drama, Romance

അയാൾ ഒരു മധ്യവയസ്‌ക്കനായിരുന്നെങ്കിലും കൂടെ അസുഖം അയാളെ മരണത്തിലേക്ക് ക്ഷണിച്ചുകൊണ്ടിരിക്കുകയായിരുന്നു. എറിവന്നാൽ ഒരു ആറുമാസം. അതിൽ കൂടുതൽ അയാൾക്ക് ആയുസ്സില്ല. അയാളൊരു പേരെടുത്ത ഡോക്ടർ കൂടിയാണ്. അങ്ങനെയിരിക്കെയാണ് അയാൾക്കൊരു പാരിതോഷികം ലഭിക്കുന്നത്. താൻ ചെയ്ത ഒരു സത്കർമ്മത്തിന്റെ ഭാഗമായി ഒരാൾ നൽകിയ വിലയേറിയ ഒരു സമ്മാനം. ഒരു കുപ്പി. അതിനകത്ത് പത്തു ഗുളികകൾ. ആ ഗുളിക കഴിക്കുന്നതോടെ കാലത്തിന് പിറകിലോട്ട് സഞ്ചരിച്ച് തന്റെ ജീവിതത്തിൽ കഴിഞ്ഞുപോയ ഇതു സമയത്ത് വേണെങ്കിലും എത്താം. ഓരോ ഗുളികയും ഒരു ഇരുപത് മിനിറ്റ് നേരം നീളമുള്ള ടൈം ട്രാവൽ അനുവദിക്കും. ഈ സമ്മാനം കിട്ടിയതോടെ അയാൾക്ക് വേറെ ഒന്നും ആലോചിക്കാനില്ലായിരുന്നു. മുപ്പത് വർഷങ്ങൾക്ക് മുമ്പ് ഒരു അപകടത്തിൽ വെച്ച് കൊല്ലപ്പെട്ടുപോയ താൻ ഇന്നും ഓർത്തുകൊണ്ടിരിക്കുന്ന തന്റെ പ്രിയകാമുകിയെ ഒരുവട്ടം കൂടെ കാണാനായി അയാൾ തീരുമാനിച്ചു. അതിനായി അയാൾ ഗുളിക അകത്താക്കി കാലത്തിന് പിറകിലോട്ട് സഞ്ചരിച്ചു.

കൃത്യം മുപ്പത് വർഷങ്ങൾക്ക് മുമ്പുള്ള അയാളുടെ ചെറുപ്പകാലത്തുള്ള അയാളുടെ അടുത്തു തന്നെ അയാൾ എത്തിച്ചേർന്നു. മുപ്പതു വർഷം മുമ്പുള്ള അയാളും ഇന്നത്തെ അതേ ആളും നേർക്കുനേർ കാണുന്നു. അയാൾ എല്ലാം തന്റെ ചെറുപ്പകാലത്തെ തന്നോട് തുറന്ന് പറയുന്നു. ചെറുപ്പകാലത്തിന് ആദ്യം ഇതൊന്നും ഉൾക്കൊള്ളാൻ പറ്റിയില്ലെങ്കിലും പിന്നീട് അയാൾക്ക് മാത്രമറിയുന്ന രഹസ്യങ്ങൾ പറയുന്നതോടെ വിശ്വാസമാകുന്നു. കാമുകി ഉടൻ കൊല്ലപ്പെടുമെന്ന വിവരം അറിയുന്നതോടെ എന്തു വില കൊടുത്തും പ്രിയതമയെ രക്ഷിക്കണമെന്ന് ചെറുപ്പക്കാരൻ ആവശ്യപ്പെടുന്നു. അവർക്ക് വേണമെങ്കിൽ അവൾക്ക് സംഭവിക്കാൻ പോകുന്ന അപകടത്തിൽ നിന്ന് അവളെ രക്ഷിക്കാം. പക്ഷെ അങ്ങനെ അവളെ രക്ഷിച്ചാൽ ഭാവിയിൽ അതിനനുസരിച്ചുള്ള മാറ്റങ്ങൾ ഉണ്ടാകും. അതിലേറ്റവും പ്രധാനം തനിക്ക് ഇപ്പോഴുള്ള തന്റെ ഏകമകൾ പിന്നീട് ഇല്ലാതാകും എന്നതാണ്. എന്തുചെയ്യണം. മകളെ ഈ ഭൂമുഖത്ത് നിന്നു തന്നെ തുടച്ചുനീക്കി തന്റെ പഴയ കാമുകിയെ വീണ്ടെടുക്കണോ അതോ താൻ ഒരുപാട് സ്നേഹിക്കുന്ന തന്നെ അതിലേറെ സ്നേഹിക്കുന്ന കാമുകിയെ വീണ്ടും മരണത്തിന് വിട്ടുകൊടുക്കണോ.. അതിന് നിലവിലെ അയാളും മുപ്പത് വർഷം മുമ്പുള്ള ആയാളും കൂടെ ഒരു വഴി കണ്ടെത്തി. അത് എത്രത്തോളം ഏതൊക്കെ രീതിയിൽ ആയിടത്തീരും എന്ന് പക്ഷെ അവർക്ക് പോലും വലിയ ധാരണയില്ലായിരുന്നു. ആ കഥയാണ് ഈ ചിത്രത്തിന് പറയാനുള്ളത്.

ഒരു ഫ്രഞ്ച് നോവലിന്റെ ദൃശ്യാവിഷ്കാരമാണ് ഈ ചിത്രം. കൊറിയൻ സിനിമകളുടെ സകല ഗുണങ്ങളും വേണ്ടുവോളം ചിത്രത്തിലുണ്ട്. ആരെയും അതിശയിപ്പിക്കുന്ന വിഷ്വൽസ്, പശ്ചാത്തലസംഗീതം, വികാരനിർഭരമായ രംഗങ്ങൾ, ഒപ്പം ഒരുപിടി മികച്ച കൊറിയൻ അഭിനേതാക്കളുടെ മികച്ച പ്രകടനം എന്നിങ്ങനെ വർണിക്കാൻ ഒരുപാടുണ്ട് ചിത്രത്തെ കുറിച്ച്. പ്രണയവും കുടുംബബന്ധവും സൗഹൃദവും മൂന്നുംകൂടെ ഒരു ഫാന്റസിയുടെ അകമ്പടിയോടെ വളരെ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചിരിക്കുകയാണ് ഈ ചിത്രത്തിലൂടെ. അവസാനം ക്ലൈമാക്സ് രംഗത്തിൽ ചെറുതായൊന്ന് ചിത്രം നമ്മുടെ കണ്ണുകളെ നനയിപ്പിക്കുകയും ചെയ്യും. തീർച്ചയായും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു കൊറിയൻ സിനിമ എന്നേ ഈ ചിത്രത്തെ കുറിച്ച് പറയാനുള്ളു. കാണുക. അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.

Rating: 8/10

ജീവിതത്തിലെ അബദ്ധങ്ങൾ തിരുത്താൻ ടൈം ട്രാവൽ വഴി പറ്റിയെങ്കിൽ..- മികച്ച ഫാന്റസി സിനിമകൾ- ഭാഗം 8 About time (2013) വായിക്കാൻ ക്ലിക്ക് ചെയ്യുക

Loading...

Leave a Reply

Your email address will not be published.

More News