Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 5:57 pm

Menu

Published on August 16, 2016 at 9:28 am

പൊതു ചടങ്ങില്‍ കുഴിയെടുത്തു വീഴ്ത്തി ചിരിക്കുന്ന ട്രോളര്‍മാര്‍ ഈ അമ്മ മനസ്സ് തിരിച്ചറിയുമോ? മമ്മൂട്ടിയുടെ ഭാര്യയെ വേദിയിലേയ്ക്ക് ക്ഷണിച്ച സംഭവത്തെക്കുറിച്ച്‌ സുഹൃത്തായ മാദ്ധ്യമപ്രവര്‍ത്തകന്‍ പറയുന്നത്…

unni-k-warrier-about-mamooty-gets-angry-in-anand-tv-award-night

യുകെയിലെ മാഞ്ചസ്റ്ററില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ മകന്‍ ദുല്‍ഖര്‍ സല്‍മാന് അവാര്‍ഡ് നല്‍കാന്‍ മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്ത് ദുല്‍ഹറിന് അവാര്‍ഡ് നല്‍കിയപ്പോള്‍ മമ്മൂട്ടി ദേഷ്യപ്പെട്ടെന്ന സംഭവം സോഷ്യൽ മീഡിയകളിൽ വാർത്തയായിരുന്നു.ഈ സംഭവത്തെ തുടര്‍ന്ന അനേകം ട്രോളുകളും സജീവമായിരുന്നു. ഇത്രയേറെ വിവാദം ഉണ്ടായിട്ടും മമ്മൂട്ടി അതേക്കുറിച്ച്‌ ഒരക്ഷരം മിണ്ടിയില്ല. എന്നാല്‍ ഇതിന്റെ മറുവശം വിവരിക്കുകയാണ് പ്രമുഖ പത്ര പ്രവര്‍ത്തകനും മമ്മൂട്ടിയുമായി ഏറെ അടുപ്പം പുലര്‍ത്തുന്നയാളുമായ ഉണ്ണി കെ. വാരിയര്‍.

മനോരമ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂര്‍ണ രൂപം വായിക്കാം…

കുറെ ദിവസമായി പലരും ഷെയര്‍ ചെയ്തു വന്നുകൊണ്ടിരിക്കുന്നൊരു പോസ്റ്റുണ്ട്. വിദേശത്തു നടന്ന ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ മമ്മൂട്ടിയുടെ ഭാര്യയെ ദുല്‍ക്കര്‍ സല്‍മാന് അവാര്‍ഡു നല്‍കാനായി വേദിയിലേക്കു ക്ഷണിച്ചപ്പോള്‍ മമ്മൂട്ടി എതിര്‍പ്പു പ്രകടിപ്പിച്ചു എന്നാണു പോസ്റ്റ്. ഇതു തെളിയിക്കാനായി മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്ത് ആദ്യം മടികാണിക്കുന്നതെന്നു തോന്നിക്കുന്ന വീഡിയോയും ഇട്ടിട്ടുണ്ട്. അവസാനം സുല്‍ഫത്ത് വേദിയില്‍ വരികയും ദുല്‍ക്കറിനു അവാര്‍ഡു കൊടുക്കുകയും ചെയ്യുന്നു.

സുല്‍ഫത്ത് വേദിയില്‍ വന്ന ശേഷമുള്ള രണ്ടു നിമിഷം മലയാളിയുടെ ഓര്‍മ്മയില്‍ എന്നും തങ്ങിനില്‍ക്കേണ്ടതാണ്. ഒട്ടിച്ച കവര്‍ തുറന്നു നോക്കി സുല്‍ഫത്ത് അവാര്‍ഡു ജേതാവിന്റെ പേരു വായിക്കുകയാണ്. സ്വാഭാവികമായും അതില്‍ എഴുതിയിട്ടുള്ളത് ദുല്‍ക്കല്‍ സല്‍മാന്‍ എന്നാണ്. അതു കണ്ട ഉടനെ അവര്‍ വായിക്കുന്നതു ദുല്‍ക്കല്‍ സല്‍മാന്‍ എന്നല്ല. ‘മൈ സണ്‍ ‘ എന്നാണ്. പിന്നീടാണ് പേരു പറയുന്നത്.

ഇവിടെവച്ചാണു നാം മമ്മൂട്ടിയെന്ന നടനെയും മമ്മൂട്ടിയെന്ന കുടുംബനാഥനെയും തിരിച്ചറിയേണ്ടത്. ഒരിക്കല്‍പ്പോലും അവരെ ആരെയും വേദിയുടെ വെളിച്ചത്തിലേക്കു നിര്‍ത്തി മമ്മൂട്ടി പ്രശസ്തിയുടെ പ്രഭ വലുതാക്കാന്‍ നോക്കിയിട്ടില്ല. വ്യക്തി ജീവിതം മമ്മൂട്ടി അപൂര്‍വ്വമായി മാത്രമെ ചര്‍ച്ച ചെയ്യാറുള്ളു. അതില്‍ പലരും എഴുതാന്‍ അവസരം കിട്ടിയ ഒരാളാണു ഞാന്‍. കോളങ്ങള്‍ എഴുതുമ്പോള്‍ പോലും അദ്ദേഹം വ്യക്തി ജീവിതത്തിലേക്കു വല്ലാതെ കടക്കാറില്ല. ദുല്‍ക്കര്‍ സല്‍മാനെ അഭിനയിപ്പിക്കണമെന്നു ചുറ്റുമുള്ള എല്ലാവരും നിര്‍ബന്ധിച്ചപ്പോഴും ഈ മനുഷ്യന്‍ നിശബ്ദനായിരുന്നു. അതു ദുല്‍ക്കര്‍ എടുക്കേണ്ട തീരുമാനമാണെന്നു അദ്ദേഹം വിശ്വസിച്ചു.

അഭിനയിക്കാന്‍ തീരുമാനിച്ചുവെന്നു പറഞ്ഞപ്പോള്‍ അതില്‍ അമിതമായി ആഹ്‌ളാദിക്കുന്നതിനു പകരം അതിലുണ്ടായേക്കാവുന്ന വീഴ്ചകളെക്കുറിച്ചാണു മമ്മൂട്ടി പറഞ്ഞതെന്നു ദുല്‍ക്കല്‍ തന്നെ പറഞ്ഞിട്ടുണ്ട്, ഇതൊരു പിതാവിന്റെ ആകാംഷയാണ്. കൊത്തിപ്പറിക്കാന്‍ ഇടയുള്ള ലോകത്തേക്കു മകന്‍ കടന്നുവരുന്നതിലുള്ള ആകാംഷ. സിനിമയില്‍ വിജയങ്ങളെ നേരിടാന്‍ വലിയ പ്രയാസമില്ല. എന്നാല്‍ പരാജയപ്പെടുമ്പോള്‍ പോസ്റ്ററില്‍ പാലൊഴിച്ചവര്‍വരെ ?ശത്രുക്കളാകും.. സിനിമയുടെ ലോകം അതാണ് . വിജയിച്ചാല്‍ ഇവരെല്ലാം വീണ്ടും തിരികെ വരികയും ചെയ്യും. ഏതു നടന്റെയും ഗതി ഇതുതന്നെയാണ് . അതു മമ്മൂട്ടിക്കറിയാം .

സുല്‍ഫത്ത് എന്ന അമ്മ വേദിയില്‍നിന്നു കാര്‍ഡു നോക്കി വിളിച്ചത് ‘എന്റെ മകന്‍’ എന്നാണ്. അതായതു താര പ്രഭയും ആരാധനകരുടെ പിന്തുണയുമെല്ലാം ഒന്നുമല്ലാതായിപോകുന്ന നിമിഷം. അവര്‍ക്കു മുന്നിലുള്ളത് മകന്‍ മാത്രമാണ്. ജീവിതത്തിന്റെ സ്വകാര്യത എന്നു പറയുന്നത് ഇതാണ്. മമ്മൂട്ടിയുടെ ഭാര്യയെന്ന പേരില്‍ ഒരിടത്തും അവര്‍ കെട്ടുകാഴ്ചയ്ക്കു വന്നിട്ടില്ല. എത്ര സ്‌നേഹത്തോടെയാണു അവര്‍ പെരുമാറുന്നതെന്നു അവരുടെ അതിഥിയായി പോയവര്‍ക്കറിയാം. ദുല്‍ക്കര്‍ പറഞ്ഞിട്ടുണ്ട്, ഞങ്ങളുടെ വീട് ഉമ്മച്ചിയെ ചുറ്റിയാണു കറങ്ങുന്നതെന്ന്. അതായത് അവിടെ താരമോ പ്രഭയോ ഒന്നുമില്ല. മമ്മൂട്ടിയുടെ കുടക്കീഴില്‍നിന്നു വസന്തവും ഹേമന്തവും ശിശിരവുമെല്ലാം അനുഭവിച്ചറിഞ്ഞ അവര്‍ക്കു മുന്നില്‍ അല്ലെങ്കിലും ദുല്‍ക്കര്‍ ആരാണ്. വെറുമൊരു കുട്ടി.

മകനും ഭര്‍ത്താവും അവാര്‍ഡു വാങ്ങുന്നതു അവര്‍ക്കു സന്തോഷമുള്ള കാര്യംതന്നെയാകും. . അവരെ അപ്രതീക്ഷിതമായി വേദിയിലേക്കു വിളിച്ചതു അവരുടെ സ്വകാര്യതയിലേക്കുള്ള നോട്ടമാണ്. അതു മോഹിക്കുന്നവര്‍ക്കു കുഴപ്പമില്ല. എന്നാല്‍ സുല്‍ഫത്ത് അത് ആസ്വദിക്കുന്ന ഒരാളല്ല. മുന്‍കൂട്ടി പറയാതെ ഊണുകഴിക്കാന്‍ നാലു പേരെയും കൂട്ടി വീട്ടിലെത്തുന്ന മലയാളിയുടെ മര്യാദയില്ലായ്മയുടെ തുടര്‍ച്ചമാത്രമാണു വേദിയിലേക്കുള്ള ഈ ക്ഷണവും. വേദിയില്‍ എത്തണമെന്നു മോഹിച്ചിരുന്നുവെങ്കില്‍ അവര്‍ക്ക് എന്നെ അതു ചെയ്യാമായിരുന്നു . അതിനു മമ്മൂട്ടി എതിരു നില്‍ക്കില്ലെന്ന് അദ്ദേഹത്തെ അടുത്തറിയുന്നവര്‍ക്കറിയാം.

സുല്‍ഫത്ത് സ്‌നേഹനിധിയായ ഒരു കുടുംബിനി മാത്രമാണ് . അവരെ അതു മാത്രമായി ജീവിക്കാന്‍ അനുവദിക്കുകയും വേണം. അല്ലാതെ പൊതു ചടങ്ങില്‍ കുഴിയെടുത്തു വീഴ്ത്തി ചിരിക്കുകയല്ല വേണ്ടത്. അവരോടു ചോദിക്കാതെ വേദിയിലേക്കു വിളിച്ചവര്‍ കാണിച്ചതു മര്യാദയില്ലായ്മ . അതിന്റെ വീഡിയോ എടുത്തു പ്രചരിപ്പിച്ചവര്‍ ചെയ്തതു അതിലും വലിയ മര്യാദ കേട്. ഇതൊന്നും മമ്മൂട്ടിയെപ്പോലുള്ള ഒരാളോടു ചെയ്യരുത്. കാരണം, മമ്മൂട്ടിയെന്ന നടന്‍ നമുക്കു ജീവിതത്തില്‍ തന്നതു അത്രയേറെ അഭിമാനകരമായ നിമിഷങ്ങളാണ്. ഇദ്ദേഹത്തെപ്പോലെ ഞാനും ഒരു മലയാളിയാണെന്നു നാം അഭിമാനിച്ച നിമിഷങ്ങള്‍.

പൊതു സ്വത്തായ മമ്മൂട്ടിയെ ട്രോളു ചെയ്യുകയോ വിമര്‍ശിക്കുകയോ എല്ലാം ചെയ്യാം. അതെല്ലാം സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റില്‍ എടുക്കാന്‍ അദ്ദേഹത്തിനറിയാമെന്നു തെളിയിച്ചിട്ടുമുണ്ട്. എന്നാല്‍ അതു മമ്മൂട്ടിയുടെ വീടിന്റെ ഗെയ്റ്റിനു മുന്നില്‍ അവസാനിക്കുന്നതായിരിക്കണം. അതിനകത്തു മമ്മൂട്ടിയെന്നതു അവര്‍ക്കു മാത്രം അവകാശപ്പെട്ട സ്വത്താണ്. അവിടേക്കു ട്രോളുകളോ വീഡിയോകളോ നീളരുത്. എന്റെ മകന്‍ എന്നു സുല്‍ഫത്ത് പറഞ്ഞ ആ നിമിഷം മനസ്സില്‍ സൂക്ഷിക്കുക. അതിനര്‍ഥം ഈ പ്രതിഭാസമ്പന്നനായ നടന്‍ എനിക്കു മകന്‍ മാത്രമാണെന്നാണ്. ദുല്‍ക്കര്‍ എന്ന നടനെല്ലാം അതിനു പുറകെ വരുന്നതാണ് . ഈ അമ്മമനസ്സെങ്കിലും ട്രോളികള്‍ തിരിച്ചറിയണം.

Loading...

Leave a Reply

Your email address will not be published.

More News