Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
യുവതലമുറയേക്കാള്‍ പ്രായമായവരാണ് ഫെയ്സ്ബുക്കിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് പഠനം. സയന്‍സ് അഡ്വാന്‍സ് എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ് ഇങ്ങനെ ഒരു നിരീക്ഷണം. പ്രായമായവര്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനുള്ള സാധ്യത യുവാക്കളേക്കാള്‍ നാലിരട്ടിയാണെന്ന് പഠനം പറയുന്നു. വ്യാജവാര്‍ത്ത ഡൊമൈനുകളില്‍ നിന്നുള്ള ഉള്ളടക്കങ്ങള്‍ 18 വയസിനും 29 വയസിനും ഇടയില്‍ പ്രായമുള്ളവരേക്കാള്‍ കൂടുതല്‍ 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ പ്രചരിപ്പിച്ചിട്ടുണ്ട്. എങ്കിലും വ്യാജവാര്‍ത്താ ലിങ്കുകള്‍ പങ്കുവെക്കുന്നത് അപൂര്‍വമായൊരു പ്രവൃത്തിയാണെന്നും ഗവേഷകര്‍ വിലയിരുത്തുന്നു.
പ്രായപൂര്‍ത്തിയായ 1750 അമേരിക്കക്കാരുടെ ഫെയ്സ്ബുക്ക് ഹിസ്റ്ററിയാണ് ന്യൂയോര്‍ക്ക് സര്‍വകലാശാലയിലേയും പ്രിന്‍സ്ടണ്‍ സര്‍വകലാശാലയിലേയും ഗവേഷകര്‍ പരിശോധിച്ചത്. ഉപയോക്താക്കള്‍ പങ്കുവെച്ച വ്യാജവാര്‍ത്താ ലിങ്കുകളും ഗവേഷകര്‍ പരിശോധിച്ചു. ഇതില്‍ നിന്നും 2016 ല്‍ ഭൂരിഭാഗം ഉപയോക്താക്കളും വ്യാജ വാര്‍ത്താ ഡൊമൈനുകളില്‍ നിന്നുള്ള ഉള്ളടക്കങ്ങള്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടില്ല എന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. 8.5 ശതമാനം പേര് മാത്രമാണ് വ്യാജ വാര്‍ത്താ ഡൊമൈനുകളിലേക്കുള്ള ഒരു ലിങ്ക് എങ്കിലും പങ്കുവെച്ചത്.

21 വ്യാജവാര്‍ത്താ ഡൊമൈനുകളും ഗവേഷകര്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഈ വെബ്സൈറ്റുകളില്‍ നിന്നും കൂടുതല്‍ ആളുകളും പങ്കുവെച്ചത് ട്രംപ് അനുകൂല വാര്‍ത്തകളാണെന്നും 2016 ല്‍ പങ്കുവെക്കപ്പെട്ട വ്യാജവാര്‍ത്തകളില്‍ ഭൂരിഭാഗവും ട്രംപ് അനുകൂലമാണെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പബ്ലിക്കന്‍ അനുകൂലികളായ 18 ശതമാനം ഉപയോക്താക്കള്‍ വ്യാജവെബ്സൈറ്റില്‍ നിന്നുള്ള ഒരു ലിങ്ക് എങ്കിലും പങ്കുവെച്ചിട്ടുള്ളവരാണ്. എന്നാല്‍ ഡെമോക്രാറ്റ്സ് നാല് ശതമാനത്തില്‍ താഴെയാണ് വ്യാജവാര്‍ത്തകള്‍ പങ്കുവെച്ചത്.
ഇന്റര്‍നെറ്റ് ഉപയോഗത്തിലേക്ക് വൈകി വന്ന 65 വയസിന് മുകളിലുള്ളവരാണ് കൂടുതല്‍ വ്യാജവാര്‍ത്താ ലിങ്കുകള്‍ പങ്കുവെക്കുന്നത്. ഓണ്‍ലൈന്‍ വഴി കണ്ടെത്തുന്ന വാര്‍ത്തകളുടെ വിശ്വാസ്യത കണ്ടെത്താനും അതിനെ ആശ്രയിക്കാനും ആവശ്യമായ ഡിജിറ്റല്‍ മാധ്യമ സാക്ഷരത ആര്‍ജിച്ചിട്ടില്ലാത്തതാണ് ഇത്തരമൊരു സാഹചര്യത്തിന് കാരണമാവുന്നതെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി.
ഈ ഡിജിറ്റല്‍ വിദ്യാഭ്യാസമില്ലായ്മ മൂലം ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ അവര്‍ വിശ്വാസത്തിലെടുക്കുന്നു. ഈ നിരീക്ഷണം ശരിയാണെങ്കില്‍ ഇത് കൂടുതല്‍ ഗുരുതരമാവുമെന്നും കാരണം അമേരിക്കയില്‍ പ്രായമായ നിരവധിയാളുകള്‍ സോഷ്യല്‍ മീഡിയയിലേക്ക് കടന്നുവരികയാണെന്നും പഠനം പറയുന്നു. അതേസമയം ഓര്‍മ്മക്കുറവും ഇതിനൊരു കാരണമാണെന്ന് ഗവേഷകര്‍ പറയുന്നുണ്ട്. സത്യമെന്ന തോന്നലിനെ മറികടക്കാനാവശ്യമായ ഓര്‍മകള്‍ ഇവര്‍ക്കിടയില്‍ ദുര്ബലമാന്നുവെന്നും നിരീക്ഷണമായി ഗവേഷകര്‍ കുറിക്കുന്നു.
Leave a Reply