Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ പകുതിയോടെ തുടങ്ങുമെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. ജൂണ്‍ ഒന്നിനാണ് ഇപ്പോഴുള്ള ലോക്‌സഭയുടെ കാലാവധി അവസാനിക്കുക. പുതിയ സഭ മെയ് 31ന് മുമ്പ് രൂപീകരിക്കണമെന്നതിനാല്‍ മെയ് ആദ്യം വരെ അഞ്ചു ഘട്ടമായിട്ടായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക.ആന്ധ്രപ്രദേശ്, ഒഡീഷ, സിക്കിം എന്നീ സംസ്ഥാനങ്ങളില്‍ ഇതോടൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടക്കും. ജനുവരി അവസാനത്തോടെ വോട്ടര്‍പ്പട്ടിക തയ്യാറാക്കല്‍ അവസാനിക്കുമെന്നാണു വിലയിരുത്തല്‍. 12 ലക്ഷം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്ത് എട്ടുലക്ഷം പോളിങ്ബൂത്തുകള്‍ വേണ്ടിവരുമെന്നാണു കണക്ക്. ഏകദേശം 1.1 കോടി ഉദ്യോഗസ്ഥരെയാണു തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കുക. ഇതില്‍ പകുതിയും സി.ആര്‍.പി.എഫ്. അടക്കമുള്ള സുരക്ഷാസേനകളായിരിക്കും. സൈനികവിന്യാസവുമായി ബന്ധപ്പെട്ട് ആഭ്യന്തരസെക്രട്ടറിയുമായി ചര്‍ച്ച നടത്താനിരിക്കുകയാണു കമ്മീഷന്‍. കൂടാതെ സംസ്ഥാനങ്ങളിലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ ഡി.ജി.പിമാരുമായും ചര്‍ച്ച നടത്തുന്നുണ്ട്. 55 ലക്ഷം സിവിലിയന്‍ ഉദ്യോഗസ്ഥര്‍ വേണ്ടിവരുമെന്നും കണക്കാക്കിയിട്ടുണ്ട്. പ്രശ്‌നസാധ്യതയുള്ള ജമ്മുകശ്മീര്‍, ചത്തീസ്ഗഡ് എന്നിവിടങ്ങളില്‍ പ്രത്യേക സംവിധാനം ഏർപ്പെടുത്തേണ്ടി വരും.തിരഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ വോട്ട് ഓണ്‍ അക്കൗണ്ട് ബജറ്റ് പാസാക്കാന്‍ ലോക്‌സഭ കൂടിയേക്കും.
Leave a Reply