Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഭുവനേശ്വര്‍: ഒഡീഷയിയിൽ സ്ത്രീകളുടെ പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയ സൈക്കിള്‍ പമ്പ് ഉപയോഗിച്ച് നടത്തിയതായി റിപ്പോർട്ട്. പ്രസവംനിര്‍ത്തല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് പതിമൂന്ന് സ്ത്രീകള്‍ ഛത്തീസ്ഗഡില്‍ മരിച്ചതിന് തൊട്ടുപിന്നാലെയാണ് അയല്‍സംസ്ഥാനമായ ഒഡീഷയില്‍ നിന്ന് ഞെട്ടിക്കുന്ന ഈ വിവരം പുറത്തുവന്നിരിക്കുന്നത്.അംഗുല്‍ ജില്ലയിലെ ബാനാര്പാല് ഗ്രാമത്തിലെ മഹേഷ് പ്രസാദ് റൗട്ട് എന്ന ഡോക്ടറാണ് ഒരു ക്യാമ്പില്‍വെച്ച് 56 സ്ത്രീകളെ ഇത്തരത്തില്‍ ശസ്ത്രക്രിയക്ക് വിധേയരാക്കിയത്.സാധാരണനിലയില്‍ ശസ്ത്രക്രിയക്ക് വിധേയരാകുന്ന സ്ത്രീകളുടെ അടിവയര്‍ വികസിക്കാന്‍ ഇന്‍സഫ്ലേറ്ററുകള്‍ ഉപയോഗിച്ച് കാര്‍ബണ്‍ ഡയോക്സൈഡ് നിറയ്ക്കുകയാണ് പതിവ്. ഇതിന് പകരമാണ് ഈ ഡോക്ടര്‍ സാധാരണ സൈക്കിള്‍ പമ്പ് ഉപയോഗിച്ച് സ്ത്രീകളുടെ അടിവയറ്റിലേയ്ക്ക് വായു അടിച്ചുകയറ്റുന്നത്.എന്നാല്‍, സംഭവം വിവാദമാക്കേണ്ടതില്ലെന്നും സാധാരണ രീതിയാണ് താന്‍ പരീക്ഷിച്ചതെന്നുമാണ് ഡോക്ടര്‍ പറയുന്നത്.ഓപ്പറേഷന് തിയേറ്ററോ മറ്റ് ആധുനിക സൗകര്യങ്ങളോ ഇല്ലാത്ത ഗ്രാമീണ ആശുപത്രികളില്‍ ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് സാധാരണമാണ്. താന്‍ പത്ത് വര്‍ഷക്കാലത്തിനിടെ 60,000 വന്ധ്യംകരണ ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്. ആരും ഇതുവരെ പരാതി പറഞ്ഞിട്ടില്ല. അതേസമയം സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട് എന്നും ഡോക്ടര്‍ പറഞ്ഞു.ഇന്സഫ്ളേറ്ററുകള് ഉപയോഗിക്കുമ്പോള്‍ വയറിലേക്കുളള വായുവിന്റെ ഒഴുക്കും സമ്മര്‍ദവും നിയന്ത്രിക്കാന്‍ ഓട്ടോമാറ്റിക് സംവിധാനമുണ്ട്. എന്നാല്‍ പ്രാകൃത രീതിയില്‍ സൈക്കിള്‍ പമ്പ് ഉപയോഗിക്കുന്നത് ഒട്ടും സുരക്ഷിതമല്ല.സംഭവം വിവാദമായതോടെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഒരാഴ്ചയ്ക്കുളളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് പ്രാദേശിക ഭരണകൂടത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവം പുറത്തുവന്നതോടെ ബി.ജെ.പി. പ്രവര്‍ത്തകര്‍ ക്യാമ്പ് നടന്ന ആസ്പത്രി അടിച്ചുതകര്‍ത്തു. പ്രദേശത്ത് ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.
Leave a Reply