Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തടി കുറച്ചാലേ നിങ്ങള്‍ക്ക് സുന്ദരിപ്പട്ടം ലഭിക്കൂ എന്ന് നിങ്ങളോട് ആരെങ്കിലും പറഞ്ഞാല്‍ എന്തുചെയ്യും ?ഡയറ്റീഷ്യനെ സമീപിക്കുകയോ ജിമ്മില്‍ പോകുകയോ ഭക്ഷണം നിയന്ത്രിക്കുകയോ ഒക്കെയാകും ഭൂരിഭാഗം ആളുകളും ചെയ്യുക. എന്നാല്‍ സുന്ദരിപ്പട്ടം എനിക്ക് പുല്ലാണ് എന്ന് പറഞ്ഞ് ഒരു അന്താരാഷ്ട്ര സൗന്ദര്യമത്സരം ബഹിഷ്കരിക്കാനുള്ള ധൈര്യം നിങ്ങള്‍ കാണിക്കുമോ?തടിച്ചിയെന്ന് വിളിച്ചതിന് മത്സരം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയിരിക്കുകയാണ് മിസ് ഐസ്ലാന്‍ഡ് അര്നജോണ്സ് ഡോട്ടിര്‍. കഴിഞ്ഞയാഴ്ച ലാസ് വേഗാസില്‍ നടന്ന മിസ് ഗ്രന്ഡ് ഇന്റര്‍നാഷണല്‍ മത്സരത്തിനിടെയാണ് സംഭവം. മത്സരം നടക്കുന്നതിന് നാല് ദിവസം മുന്‍പ് നടന്ന ഗ്രൂമിങ് സെക്ഷനിടെയാണ് അധികൃതരുടെ ഭാഗത്തുനിന്ന് അര്നക്ക് മോശം അനുഭവമുണ്ടായത്. `ഈ തടിയും വെച്ച് എങ്ങനെയാണ് മത്സരത്തില്‍ പങ്കെടുക്കുക? ഇങ്ങനെ പോയാല്‍ ഫൈനലിലെത്തുമെന്ന് പ്രതീക്ഷിക്കേണ്ട. ഇനി മുതല്‍ പ്രഭാതഭക്ഷണം വേണ്ടെന്ന് വെച്ച് സാലഡും വെള്ളവും മാത്രം വേണം കഴിക്കാന്‍’ഇതായിരുന്നു മിസ് ഐസ്ലാന്ഡിനോട് ഗ്രൂമേഴ്സ് പറഞ്ഞത്. ഈ പരിഹാസവും കേട്ട് തലകുനിച്ച് നില്ക്കാന് ഡോട്ടിറിനായില്ല. ഗ്രൂമിങ്ങും പരിശീലനവും എന്തിനേറെ, ആ മത്സരം പോലും ബഹിഷ്കരിച്ച് അപ്പോള്‍ത്തന്നെ അവിടം വിട്ടറിങ്ങി അര്‍ന. എന്നാല്‍ ആശങ്കയിലായ അധികൃതര്‍ ഡോട്ടിറിന്റെ പാസ്പോര്‍ട്ട് തടഞ്ഞുവെച്ചു. 3000 ഡോളര്‍ അടച്ചാലേ പാസ്പോര്‍ട്ട് തിരികെ തരൂ എന്നായി അവര്‍. ഒടുവില്‍ ബലപ്രയോഗത്തിലൂടെ പാസ്പോര്‍ട്ട് തിരിച്ചുവാങ്ങി അര്‍ന ഇറങ്ങി. ഉടന്‍ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ ഉള്‍പ്പെടെ അര്നയുടെ പോസ്റ്റ്. `എന്റെ തോളുകള്‍ക്ക് അല്പം വീതി കൂടുതലാണ്. കാരണം ഞാനൊരു അത്ലറ്റാണ്. ഐസ്ലാന്‍ഡ് നാഷണല്‍ അത്ലറ്റിക് ടീമിലംഗമാണ് ഞാന്‍. അതില്‍ എനിക്ക് അഭിമാനം മാത്രമെയുള്ളൂ. എന്റെ സൗന്ദര്യത്തിലും ഫിഗറിലും എനിക്ക് ആത്മവിശ്വാസമുണ്ട, അഭിമാനവും’തിരിച്ചെത്തിയ അര്നക്ക് സ്വന്തം നാട്ടില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. രാജ്യത്തിന്റെ യശസ്സ് ഉയര്ത്തിയവള് എന്നാണ് ഐസ്ലാന്‍ഡ് അര്നയെ വിശേഷിപ്പിച്ചത്. സുന്ദരിപ്പട്ടം നേടിയിട്ട് ചെന്നാല്‍ പോലും ഇത്ര വലിയ പിന്തുണയും സ്വീകാര്യതയും ലഭിക്കില്ലായിരുന്നു എന്നായിരുന്നു എന്നായിരുന്നു 20കാരിയായ അര്നയുടെ മറുപടി.