Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അതികഠിനമായ ഒരു അതിജീവനത്തിന്റെ കഥയാണ് ഓസ്‌ട്രേലിയന്‍ സ്വദേശിയും ടെക്‌നീഷ്യനുമായ തോമസ് മേസണിന് പറയാനുള്ളത്. വാഹനാപകടത്തില്‍പ്പെട്ട് വിജനമായ പ്രദേശത്ത് ഒറ്റപ്പെട്ട് പോയിട്ടും തിന്നാനും കുടിക്കാനും ഒന്നും കിട്ടാതെ ഒടുവില്‍ സ്വന്തം മൂത്രം തന്നെ കുടിച്ചാണ് മേസണ്‍ ജീവന്‍ നിലനിര്‍ത്തിയത്.
ഓസ്ട്രേലിയയുടെ അതിര്‍ത്തി പ്രദേശത്ത് ഓരാഴ്ചയ്ക്ക് മുമ്പ് ജോലിയ്ക്കെത്തിയതായിരുന്നു 21 കാരനായ മേസണ്‍. ഹൈവേയില്‍ നിന്ന് വളരെ അകലെയുള്ള പ്രദേശമാണിത്. ഇവിടത്തെ പണി തീര്‍ത്ത് മടങ്ങുന്നതിനിടെയാണ് മേസണ്‍ അപകടത്തില്‍ പെടുന്നത്.
തീര്‍ത്തും വിജനമായ റോഡാണ് അതിര്‍ത്തി പ്രദേശ ഭാഗങ്ങളിലേത്. റോഡില്‍ കുറുകെയെത്തിയ ഒട്ടക കൂട്ടത്തെ ഇടിക്കാതെ കാര്‍ വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഭാഗ്യം കൊണ്ട് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും കാര്‍ പിന്നീട് സ്റ്റാര്‍ട്ടായില്ല. മറ്റ് മാര്‍ഗമൊന്നുമില്ലാതെ മേസണ്‍ നടന്നു തുടങ്ങി.
ഏറ്റവും അടുത്ത ടൗണില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയായിരുന്നു മേസനപ്പോള്‍. രണ്ട് ദിവസം നീളുന്ന നടത്തം. ഒടുവില്‍ അടുത്ത പട്ടണത്തിലെത്തുമ്പോള്‍ മേസണ്‍ നടന്നു പിന്നിട്ടത് 140 കിലോമീറ്ററുകളായിരുന്നു.
കാറില്‍ ആകെയുണ്ടായിരുന്ന കുറച്ച് വസ്ത്രങ്ങളും ഒരു ടോര്‍ച്ചും കയ്യിലെടുത്തായിരുന്നു നടത്തം. നടന്നു തുടങ്ങുമ്പോള്‍ ഇത്രയും നടക്കേണ്ടി വരുമെന്ന് കരുതിയില്ലെന്ന് മേസണ്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
ഫോണിന് സിഗ്‌നല്‍ ഇല്ലാതിരുന്നത് മേസണിനെ തീര്‍ത്തും ഒറ്റപ്പെടുത്തി. വീട്ടുകാരുമായി പോലും ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. നടക്കുന്നതിനിടയില്‍ പലപ്പോഴും യാത്ര ഉപേക്ഷിച്ചാലോന്ന് ആലോചിച്ചതായി അയാള്‍ പറഞ്ഞു. വഴിയിലൊരു വാട്ടര്‍ ടാങ്കില്‍ നിന്ന് കുറച്ചു വെള്ളം കിട്ടിയെങ്കിലും അത് അല്‍പാശ്വാസം മാത്രമാണ് നല്‍കിയത്. തുടര്‍ന്നായിരുന്നു മൂത്രത്തെ ആശ്രയിച്ചത്.
യാത്രക്കാര്‍ അധികം സഞ്ചരിക്കാത്ത വഴിയായതു കൊണ്ട് ആരെയെങ്കിലും കണ്ടു മുട്ടുമെന്ന മേസണിന്റെ പ്രതീക്ഷയും നഷ്ടമായി. ഒടുവില്‍ രണ്ട് പൊലീസുകാരാണ് മേസണെ കണ്ടെത്തുന്നത്. നിര്‍ജലീകരണം സംഭവിച്ച് അപകടാവസ്ഥയിലായ മേസണ്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Leave a Reply