Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 1:09 pm

Menu

Published on October 16, 2017 at 2:28 pm

ഒന്നര വയസുകാരനെ സ്വന്തം അച്ഛന്‍ തന്നെ തട്ടിക്കൊണ്ടു പോയി; 21 വര്‍ഷത്തിനു ശേഷം മകന്‍ അമ്മയുടെ അടുത്തെത്തി

1-year-old-is-kidnapped-from-his-mom-truth-reveald-21-years-later

1995 ല്‍ ജോലി കഴിഞ്ഞ് കലിഫോര്‍ണിയയിലെ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് വെറും 18 മാസം പ്രായമായ മകന്‍ സ്റ്റീവിനെ ആരോ തട്ടിക്കൊണ്ടു പോയതായി മരിയ മന്‍സിയ മനസ്സിലാക്കുന്നത്.

കുഞ്ഞിനെ കാണാതായി എന്നു മനസ്സിലാക്കിയയുടന്‍ തന്നെ പൊലീസില്‍ അറിയിച്ചു. പൊലീസ് കാര്യമായിത്തന്നെ അന്വേഷിച്ചെങ്കിലും കുട്ടിയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. എന്നാല്‍ മകന്റെ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റും, ചിത്രങ്ങളും എന്തിന് അള്‍ട്രാസൗണ്ട് സ്‌കാനിന്റെ റിസല്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകളും കാണാതായപ്പോഴാണ് മകനെ കാണാതായതല്ല അവനെ ആരോ തട്ടിക്കൊണ്ടു പോയതാണെന്ന സംശയം മരിയക്കുണ്ടാകുന്നത്.

ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം മാത്രമായിരുന്നു മകനെക്കുറിച്ച് അന്വേഷിക്കാന്‍ ആ അമ്മയുടെ കൈയിലുള്ള ഏകമാര്‍ഗം. അതും അവരുടെ സഹോദരിയുടെ കൈയിലായതുകൊണ്ടു മാത്രം നഷ്ടപ്പെടാതിരുന്ന ഒന്ന്. അന്വേഷണം പുരോഗമിക്കവെ പൊലീസിന് ഒരുകാര്യം വ്യക്തമായി. കുട്ടിയെ തട്ടിക്കൊണ്ടു പോയത് അവന്റെ അച്ഛന്‍ തന്നെയാണെന്ന്.

എന്നാല്‍ സ്റ്റീവിന്റെ അച്ഛനായ വാലെന്റിന്‍ ഹെര്‍നാന്‍ഡസ് മകനെയും കൊണ്ട് എങ്ങോട്ടാണെന്നു പോയതെന്നു പൊലീസിന് കണ്ടുപിടിക്കാനായില്ല. ഒടുവില്‍ മകന് യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് ആ അമ്മയറിഞ്ഞത് 20 വര്‍ഷം കഴിഞ്ഞാണ്.

സ്റ്റീവിനെയും വാലെന്റിനെയും ഏറെ അന്വേഷിച്ചിട്ടും കണ്ടെത്താന്‍ സാധിക്കാതിരുന്നതിനാല്‍ തെളിയാക്കേസായി സ്റ്റീവിന്റെ തിരോധാനത്തെ പൊലീസ് തള്ളി. എന്നാല്‍ ആ അമ്മയുടെ നിര്‍ബന്ധത്തിനൊടുവില്‍ നീണ്ട 21 വര്‍ഷങ്ങള്‍ക്കു ശേഷം പൊലീസ് ആ തിരോധാനക്കേസ് പുനരന്വേഷിക്കാന്‍ ആരംഭിച്ചു.

അന്വേഷണം മെക്‌സിക്കോയില്‍ നിയമ പഠനത്തിനെത്തിയ സ്റ്റീവ് എന്ന വിദ്യാര്‍ഥിലേക്ക് നീണ്ടു. സ്റ്റീവിന്റെ കുടുംബ പശ്ചാത്തലം അന്വേഷിച്ചറിഞ്ഞ പൊലീസ് പഴയ കേസ് പൊടിതട്ടിയെടുത്തു. പണ്ടു കാണാതായ സ്റ്റീവ് തന്നെയാണോ ഈ വിദ്യാര്‍ഥി എന്നു തിരിച്ചറിയാനുള്ള ശ്രമങ്ങളായിരുന്നു പിന്നെ.

ഒടുവില്‍ ഡി.എന്‍.എ ടെസ്റ്റ് കഴിഞ്ഞതോടെ കാര്യങ്ങള്‍ക്ക് ഒരു വ്യക്തത വന്നു. പണ്ടു കാണാതായ ഒരു വയസ്സുകാരന്‍ തന്നെയാണ് ഈ സ്റ്റീവെന്ന് അവര്‍ ഉറപ്പിച്ചു.

അമ്മ തന്നെയും അച്ഛനെയും ഉപേക്ഷിച്ചു പോയതാണെന്നാണ് സ്റ്റീവിന്റെ അച്ഛന്‍ അവനെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. കുറച്ചുനാള്‍ മുമ്പ് അച്ഛന്‍ തന്നെ വിട്ടെങ്ങോ പോയെന്നും സ്റ്റീവ് പറയുന്നു.

പൊലീസില്‍ നിന്നാണ് നീണ്ട 21 വര്‍ഷമായി തന്നെ കാത്തിരിക്കുന്ന അമ്മയെക്കുറിച്ച് സ്റ്റീവ് അറിഞ്ഞത്. ഒടുവില്‍ അയാള്‍ നീണ്ട 21 വര്‍ഷത്തിനു ശേഷം തന്റെ അമ്മയുടെ അടുക്കല്‍ തിരിച്ചെത്തി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News