Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇറ്റാനഗര്‍: ഒരു കിലോ പഞ്ചസാരയ്ക്ക് 200 രൂപയും ഉപ്പിന് 150 രൂപയും നല്‍കി അത് വാങ്ങാന്‍ ആരെങ്കിലും തയ്യാറാകുമോ? എന്നാല്‍ ഇത്തരത്തില്‍ വന്‍ വില നല്‍കി ഇവ വാങ്ങേണ്ടിവരുന്ന ഒരു ഗ്രാമമുണ്ട് ഇന്ത്യയില്‍. അരുണാചല്‍ പ്രദേശിലെ വിജയനഗര്‍.
ഇന്ത്യ – മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ഹിമാലയന്‍ താഴ്വരയിലാണ് ഈ ഒറ്റപ്പെട്ട ഗ്രാമം സ്ഥിതിചെയ്യുന്നത്. കാടിനുള്ളിലൂടെ 10 ദിവസം സഞ്ചരിച്ചാല്‍ മാത്രമേ 8,000 സ്‌ക്വയര്‍ കിലോമീറ്റര്‍ ചുറ്റളവില്‍ പരന്നു കിടക്കുന്ന ഈ പ്രദേശത്ത് എത്തിച്ചേരാന്‍ സാധിക്കൂ.
1961ല്‍ അര്‍ദ്ധ സൈനിക വിഭാഗമായ അസം റൈഫിള്‍സ് അതിര്‍ത്തി നിര്‍ണയത്തിന്റെ ഭാഗമായുള്ള പര്യവേണത്തിലാണ് ഈ പ്രദേശം കണ്ടെത്തുന്നത്. മേജര്‍ ജനറല്‍ എ.എസ് ഗുരയയുടെ നേതൃത്വത്തില്‍ നടത്തിയ പര്യവേഷണത്തില്‍ കണ്ടെത്തിയ താഴ്വരയ്ക്ക് അദ്ദേഹം മകന്റെ പേരു തന്നെ നല്‍കി.
തുടര്‍ന്ന് ഇരുന്നൂറോളം പട്ടാളക്കാരുടെ കുടുംബങ്ങള്‍ ഇവിടെ താമസമാക്കി. 1972ല്‍ അതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയായപ്പോള്‍ അസം റൈഫിള്‍സ് അംഗങ്ങളടെ ഒരു സെറ്റില്‍മെന്റായി ഈ പ്രദേശം മാറി. വിരമിച്ച സൈനികരില്‍ പലരും ഇവിടെ തന്നെ തുടര്‍ന്നു. അതിര്‍ത്തിയില്‍ ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തി സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുക എന്നതായിരുന്നു ഇതിന്റെ പിന്നിലുള്ള ലക്ഷ്യം.

വനത്തിനുള്ളിലുള്ള ഈ സെറ്റില്‍മെന്റില്‍ റോഡ്, വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍, വൈദ്യുതി, സ്‌കൂള്‍ എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും ലഭ്യമായിരുന്നില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ സ്ഥിതിക്ക് വലിയ മാറ്റം ഉണ്ടായിട്ടില്ല.
ഉപ്പ് ലഭ്യമല്ല എന്നതാണ് പ്രദേശത്തെ മറ്റൊരു പ്രശ്നം. അതിനാല്‍ ഉപ്പ്, പഞ്ചസാര, എണ്ണ തുടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ ലഭ്യമാക്കണമെന്ന് ഇവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പുറത്തുനിന്ന് എത്തിക്കുന്നതിനാല്‍ തന്നെ ഉയര്‍ന്ന വിലയാണ് ഇവയ്ക്ക് ഈടാക്കുന്നത്.
300 കുടുംബങ്ങളാണ് പ്രദേശത്ത് താമസിച്ചുവരുന്നത്. മികച്ച ആരോഗ്യവും പണവും ഇവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നുവെങ്കിലും ഇതൊന്നും സര്‍ക്കാര്‍ ലഭ്യമാക്കിയില്ല. പബ്ലിക്ക് കോയിന്‍ ബൂത്തില്‍ ഒരു ലോക്കല്‍ കോളിന് പോലും 5 രൂപ ഇവര്‍ മുടക്കണം. 200 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മാത്രമേ ഇവര്‍ക്ക് ആശുപത്രി സൗകര്യം പോലും ലഭ്യമാകുകയുള്ളൂ.
Leave a Reply