Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:36 pm

Menu

Published on August 18, 2015 at 12:02 pm

പൊന്‍ചിങ്ങം വരവായ്…

chingam

പഞ്ഞക്കര്‍ക്കടകത്തിന്റെ വറുതിയില്‍നിന്ന്‌ വിടുതി നേടുന്നതിന്റെ തുടക്കം, ചിങ്ങ മാസം. കാലഗണനയനുസരിച്ച്‌ ചിങ്ങം (സിംഹം) മാസമാണ്‌ മലയാളികളുടെ ഒരു വര്‍ഷത്തിലെ ആദ്യത്തെ മാസം. മലയാളവര്‍ഷം, കൊല്ലവര്‍ഷം എന്നും അറിയപ്പെടുന്നു.ചിങ്ങം ഒന്ന് മുതല്‍ കൊല്ലവര്‍ഷം 1191നു തുടക്കമാവും. ചിങ്ങമാസം കാര്‍ഷിക വിളവെടുപ്പിന്റെ കാലവുമാണ്‌. സമൃദ്ധമായ ഒരു കാലത്തിന്റെ ഓര്‍മകളെ പുനരാനയിക്കുന്ന ഓണാഘോഷവും ഈ ചിങ്ങത്തില്‍തന്നെ.എന്നാല്‍ വെറും 1190 വര്‍ഷം മാത്രമേ മലയാളികളുടെ സ്വന്തം കലണ്ടറിനായുള്ളൂവെന്നത്‌ ചില സംശയങ്ങള്‍ക്ക്‌ ഇട നല്‍കുന്നുണ്ട്‌.

കലണ്ടര്‍ എന്ന സമ്പ്രദായം നിലവില്‍ വന്നത്‌ ശാസ്‌ത്രത്തിന്റെ വികാസത്തോടുകൂടിയാണ്‌. ലോകമാകെ അംഗീകരിച്ചിട്ടുള്ള റോമന്‍ കലണ്ടര്‍ മതപരമായ വിശ്വാസത്തിന്റെ ഭാഗമെന്നതുപോലെ കച്ചവടതാല്‍പര്യങ്ങളുമായി ബന്ധപ്പെട്ടുമാണ്‌ സ്‌ഥാപിക്കപ്പെട്ടത്‌. അങ്ങനെ നോക്കുമ്പോള്‍ മലയാളിയുടെ സ്വന്തം കൊല്ലവര്‍ഷം ഉടലെടുത്തതും കച്ചവടതാല്‌പര്യവുമായി ബന്ധപ്പെട്ടാവണം. തിരുവിതാംകൂറിലെ കൊല്ലം തുറമുഖനഗരമായി വികസിച്ചിരുന്നതിനാല്‍ വിദേശരാജ്യങ്ങളുമായി കച്ചവടം നടത്തുന്നതിന്‌ ക്ലിപ്‌തമായ ഒരു കാലഗണന വേണ്ടിവന്നിരിക്കാം. ചരിത്രത്തില്‍ ഇങ്ങനെയും ചില രേഖപ്പെടുത്തലുകളുണ്ട്‌. മലബാറിലെ കൊല്ലം എന്ന പ്രദേശവുമായി ബന്ധപ്പെട്ടും കൊല്ലവര്‍ഷത്തിനു ബന്ധമുണ്ട്‌. (തെക്കന്‍ കൊല്ലം വടക്കന്‍ കൊല്ലം എന്ന്‌ സംഘകാലകൃതികളില്‍ പരാമര്‍ശം)

മറ്റൊന്ന്‌ ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്‌ക്കടുത്തുള്ള കണ്ടിയൂരില്‍ രാജാവായ ചേരമാന്‍ പെരുമാള്‍ ശിവക്ഷേത്രം സ്‌ഥാപിച്ചത്‌ എ.ഡി.825ല്‍ ആണെന്നാണ്‌. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ രചനകളില്‍ ഇത്‌ പറയുന്നുണ്ട്‌. പ്രാദേശികമായ വിശ്വാസങ്ങളും ആചാരങ്ങളും ഇതിനു കാരണമാണത്രേ. വേണാട്‌ രാജാവായ ഉടയ മാര്‍ത്താണ്ഡവര്‍മയാണ്‌ കൊല്ലവര്‍ഷം തുടങ്ങിയതെന്ന്‌ മറ്റു ചിലരും പറയുന്നു.എന്നാല്‍ ചില വൈരുദ്ധ്യങ്ങളും ഇതോടൊപ്പം പ്രചരിക്കുന്നു.

തിരുവിതാംകൂറില്‍ ചിങ്ങം ഒന്നിനും മലബാറില്‍ കന്നി ഒന്നിനുമാണ്‌ വര്‍ഷം തുടങ്ങിയിരുന്നത്‌.മറ്റു ചിലര്‍ വിശ്വസിക്കുന്നത്‌ ശങ്കരചാര്യരുടെ സമാധിയുമായി ബന്ധപ്പെട്ടാണ്‌ മലയാളവര്‍ഷത്തിന്റെ തീയതികളും മാസങ്ങളും തിഥികളും മറ്റും നിശ്‌ചയിക്കപ്പെട്ടതാണെന്നാണ്‌. വില്യം ലോഗനാകട്ടെ കോലത്തിരി രാജാക്കന്മാരാണ്‌ കൊല്ലവര്‍ഷം ആരംഭിച്ചതെന്നും അഭിപ്രായപ്പെടുന്നു.ആര്യന്മാരായ ബ്രാഹ്‌മണന്‍മാരുടെ അധിനിവേശവുമായി ബന്ധപ്പെട്ടാണ്‌ പുതിയൊരു വര്‍ഷത്തിനു തുടക്കമായതെന്നും ഒരഭിപ്രായമുണ്ട്‌.

ഡോ.എം.എസ്‌.ജയപ്രകാശിന്റെ അഭിപ്രായത്തില്‍ ബുദ്ധമതത്തിന്റെ കേന്ദ്രമായിരുന്ന കൊല്ലത്തിന്റെ അധീശത്വം ബ്രാഹ്‌മണരുടെ കൈകളിലെത്തിയതും ജാതിവ്യവസ്‌ഥയുടെ സ്‌ഥാപനവുമാണ്‌ കൊല്ലവര്‍ഷത്തിന്റെ ആരംഭത്തിനു കാരണം.ഇക്കാര്യങ്ങളിലെല്ലാം ചരിത്രകാരന്മാരും നരവംശ ശാസ്‌ത്രജ്‌ഞരും ഏകാഭിപ്രായക്കാരല്ല. എന്നാല്‍ ഒരു കാര്യത്തില്‍ അവരുടെ അഭിപ്രായങ്ങള്‍ക്ക്‌ ഏകതയുണ്ട്‌. അത്‌ രാഷ്ര്‌ടീയ, ഭരണവ്യവസ്‌ഥയുമായി, വ്യാപാരവുമായി ബന്ധപ്പെട്ടാണ്‌.ഒരു നാടിന്റെ ശാസ്‌ത്രസാങ്കേതിക സാംസ്‌കാരിക പാരമ്പര്യത്തെയും മികവുകളെയും കുറിക്കുന്നതുമാണ്‌.കാലാവസ്‌ഥയും അതില്‍ പ്രധാനമത്രേ. കേരളം നിലവില്‍വന്നിട്ട്‌ ഏതാനും വര്‍ഷങ്ങളേ ആയിട്ടുള്ളൂ. 1956 നു മുമ്പ്‌ പ്രധാനമായും മൂന്നു രാജ്യങ്ങായിരുന്നു. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍. അതിനു മുമ്പ്‌ ചെറു ചെറു രാജ്യങ്ങള്‍. ഈ കൊച്ചുകൊച്ചു രാജ്യങ്ങള്‍ അപ്രത്യക്ഷമാവുകയും കേരളം ഏകീകൃതമായ ഒരു സംസ്‌കാരത്തിലേക്ക്‌ നടന്നടുക്കുകയും ചെയ്‌തു തുടങ്ങിയ 11-12 നൂറ്റാണ്ടിലാണ്‌ കലണ്ടര്‍ എന്ന സമ്പ്രദായം പ്രചാരത്തിലായത്‌.അതിനു രാഷ്ര്‌ടീയവും മതപരവും വാണിജ്യപരവുമായ ബന്ധങ്ങളുമുണ്ടെന്നും പണ്ഡിതര്‍ പറയുന്നു. എ.ഡി. 824 ആണ്‌ കൊല്ലവര്‍ഷത്തിന്റെ തുടക്കമെന്നാണ്‌ ഒരു വാദം. എന്നാല്‍ നാമിന്ന്‌ എ.ഡി. 825 അടിസ്‌ഥാനമാക്കിയാണ്‌ കൊല്ലവര്‍ഷം കണക്കാക്കുന്നത്‌.

ഭൂമി സൂര്യനെ വലം വയ്‌ക്കുന്നതിന്‌ എടുക്കുന്ന 365 ദിവസത്തെ അടിസ്‌ഥാനമാക്കിയാണ്‌ ലോകമെങ്ങും കലണ്ടര്‍ നിശ്‌ചയിക്കപ്പെട്ടിരിക്കുന്നത്‌. റോമന്‍ ഗ്രിഗോറിയന്‍ കലണ്ടറിനെപ്പോലെ മലയാളവര്‍ഷവും സൂര്യനെ അടിസ്‌ഥാനമാക്കി 12 മാസങ്ങളായി തരിച്ചിട്ടുണ്ട്‌. റോമന്‍ കലണ്ടറില്‍ ജനുവരിയാണ്‌ ആദ്യമാസമെങ്കില്‍ മലയാളത്തില്‍ ചിങ്ങമാണ്‌. അതായത്‌ ഈ വര്‍ഷം 2015 ആഗസ്‌റ്റ് 17 മുതല്‍ സെപ്‌റ്റംബര്‍ 16 വരെയാണ്‌ ചിങ്ങമാസം. തുടര്‍ന്ന്‌ കന്നി, തുലാം…അങ്ങനെയങ്ങനെ കര്‍ക്കടകം വരെ. 1191ലെ കര്‍ക്കടം ജൂലൈ 16ന്‌ അവസാനിക്കും.

മലയാളികളെ സംബന്ധിച്ച്‌ കാര്‍ഷിക വിളവെടുപ്പിന്റെ തുടക്കവും ചിങ്ങമാസമാണ്‌. പാടങ്ങളും തൊടികളും വിത്തിറക്കാനും നടാനും പാകപ്പെടുന്ന കാലം. വറുതിയുടെ നാളുകളെ ദൂരെക്കളയുന്ന കാലം. മലകളും കാലുകളും നദികളും കടലും അനുഗ്രഹിക്കുന്ന മലയാളനാട്ടില്‍ കൃഷി ഒരു സംസ്‌കാരമായിരുന്ന കാലത്തെക്കൂടി ഓര്‍മിപ്പിക്കുന്ന ഓണത്തിന്റെ ദിനങ്ങളും ചിങ്ങത്തിലാണ്‌. സമതയുടെ ഗൃഹാതുരതയാണ്‌ ഓണക്കാലം. ചിങ്ങത്തില്‍ ഓണം വന്നതും കാലാവസ്‌ഥയുടെ സവിശേഷത കൊണ്ടാവും.ഇനി സമൃദ്ധിയുടെ നാളുകള്‍.വറുതിയ്ക്ക് വിടചൊല്ലി പതീക്ഷാ നിര്‍ഭരമായ ഒരു നല്ല നാളെയ്ക്കായി നമുക്കും കാത്തിരിക്കാം.

Loading...

Leave a Reply

Your email address will not be published.

More News