Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അട്ടിമറി ജയം നേടി എല്ലാവെരയും ഞെട്ടിച്ചയാളാണ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ തന്നെ താന്‍ വ്യത്യസ്താനാണെന്ന് ട്രംപ് തെളിയിച്ചുകഴിഞ്ഞു. പ്രചാരണവേളയില്‍ സംഭാവനയായി ഒരു ഡോളര്‍ പോലും ട്രംപ് പിരിച്ചിട്ടില്ല. ഇപ്പോള്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷവും ഒരു ഡോളര്‍ പോലും ശമ്പളമായി വേണ്ടെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ട്രംപ്.
ഇട്ടുമൂടാനുള്ളത്രയും പണമുള്ള ട്രംപിന് ഇതിന്റെയൊന്നും ആവശ്യമില്ലെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അതൊക്കെ എങ്ങനെയാണ് ട്രംപ് ചെലവഴിക്കുന്നതറിയാമോ? ഒരു വിമാനത്തിന്റെ കാര്യം മാത്രമെടുക്കാം. ട്രംപിന് സ്വകാര്യവിമാനം ഉണ്ടെന്നത് പുതുമയുള്ള കാര്യമല്ല. ഈ വിമാനത്തില്‍ എന്തൊക്കെയാണുള്ളതെന്ന് അറിഞ്ഞാല്‍ ഒന്നമ്പരക്കുമെന്നുറപ്പ്.

ഏകദേശം 680 കോടി രൂപയുടെ ബോയിംഗ് 757-200 വിമാനമാണ് ഡൊണാള്‍ഡ് ട്രംപിന് സ്വന്തമായുള്ളത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ ഫോഴ്‌സ് വണിന്റെ പേര് പരിഷ്‌കരിച്ച് ട്രംപിന്റെ വിമാനത്തെ ചിലര്‍ ട്രംപ് ഫോഴ്‌സ് വണ്‍ എന്നാണ് വിളിക്കുന്നത്. എന്നാല്‍ സാക്ഷാല്‍ ഡൊണാള്‍ഡ് ട്രംപ് തന്റെ പ്രിയവിമാനത്തെ വിളിക്കുന്നത് ടി-ബേഡ് എന്നാണ്. 10 കോടി അമേരിക്കന്‍ ഡോളര്‍ എന്ന വില ബോയിംഗ് 757-200 വിമാനത്തിന്റെ മാര്‍ക്കറ്റ് വിലയേക്കാള്‍ ഉയര്‍ന്നതാണ്. 2011ല്‍ വാങ്ങിയ ഈ വിമാനത്തെ തനിക്ക് ഇഷ്ടപ്പെട്ട വിധത്തില്‍ മാറ്റിയെടുത്തതിനാലാണ് ചെലവ് അല്‍പ്പം കൂടിയത്.

റോള്‍സ്-റോയ്‌സ് എന്‍ജിനാണ് ടി-ബേഡന് കരുത്തേകുന്നത്. സീറ്റ് ബെല്‍റ്റുകളും ഫിനിഷിംഗും 24 കാരറ്റ് സ്വര്‍ണത്തിലാണ് തയ്യാറാക്കിയത്. പ്രധാന സ്വീകരണമുറിയില്‍ സോഫകളും മികച്ച സൗണ്ട് സിസ്റ്റത്തോട് കൂടിയ 57 ഇഞ്ച് ടെലിവിഷനും ഉണ്ട്. ഹോളിവുഡിലെ സ്‌ക്രീനിംഗ് റൂമുകളെ അനുസ്മരിപ്പിക്കുന്നതാണ് ഇത്. 1000 സിനിമകള്‍ സംഭരിക്കാന്‍ കഴിയുന്ന ഡിവിഡി സിസ്റ്റവും എപ്പോള്‍ വേണമെങ്കിലും പ്ലേ ചെയ്യാന്‍ കഴിയുന്ന തരത്തില്‍ 2500 സിഡികളും സജ്ജമാണ്.
ടച്ച് സ്‌ക്രീനില്‍ പ്രത്യേകം ഒരു ടി ബട്ടണ്‍ സംഘടിപ്പിച്ചിട്ടുണ്ട്. ട്രംപിന് തന്റെ പ്രിയപ്പെട്ട ചലച്ചിത്രങ്ങള്‍ ലഭ്യമാക്കാനാണ് ഈ ബട്ടണ്‍. അതിഥികള്‍ക്കായുള്ള മുറി നിര്‍മിച്ചിച്ചിരിക്കുന്നത് മരം കൊണ്ടാണ്. ഇവിടെയുള്ള രണ്ട് സോഫകള്‍ വലിയ കട്ടിലാക്കി മാറ്റാന്‍ പറ്റുന്ന തരത്തിലുള്ളവയാണ്.
ട്രംപിന്റെ സ്വന്തം മുറിയിലാകട്ടെ ചുവരും നിറയെ സ്വര്‍ണപ്പട്ട് കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. കട്ടില്‍ പലകയുടെ ഫിനിഷിംഗ് പോലും സ്വര്‍ണം കൊണ്ടാണ്. പ്രധാന കുളിമുറിയിലെ വിശേഷങ്ങളും ബഹുകേമമാണ്. പൈപ്പുകള്‍ 24 കാരറ്റ് സ്വര്‍ണം കൊണ്ടുള്ളവയാണ്. സ്വയം പ്രവര്‍ത്തിക്കുന്ന ഷവറാണ് കുളിമുറിയിലുള്ളത്.സ്‌പെഷ്യല്‍ ഗസ്റ്റുകള്‍ക്കായി വിമാനത്തില്‍ പ്രത്യേക വിഐപി ഏരിയ ഉണ്ട്. വിമാനത്തില്‍ 43 പേര്‍ക്ക് സഞ്ചരിക്കാം. മണിക്കൂറില്‍ 500 മൈല്‍ വേഗതയുണ്ട് വിമാനത്തിന്.
Leave a Reply