Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 10:28 am

Menu

Published on April 24, 2013 at 6:29 am

ഐ.പി.എല്ലില്‍ ഗെയിലിന് 30 പന്തില്‍ സെഞ്ചുറി

gales-centuryin-ipl

ബംഗളൂരു: എതിരാളികളുടെ സ്വപ്നങ്ങള്‍ ദയാലേശമന്യേ തകര്‍ത്തെറിയാന്‍ ക്രിക്കറ്റില്‍ ക്രിസ്റ്റഫര്‍ ഹെന്‍റി ഗെയ്ലിനെപ്പോലൊരാള്‍ വേറെയില്ല. നിലയുറപ്പിച്ച് കത്തിക്കയറിയാല്‍ നിര്‍വീര്യമാക്കാന്‍ കഴിയാത്ത വിസ്ഫോടനശേഷിയാണ് ഈ ആറടി മൂന്നിഞ്ചുകാരന്‍െറ മുഖമുദ്ര. ഇന്നലെ ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഒഴുകിയെത്തിയ ക്രിക്കറ്റ് പ്രേമികള്‍ ദൃക്സാക്ഷികളായത് ഗെയ്ലിന്‍െറ താണ്ഡവം തിരുത്തിയെഴുതിയ, ചരിത്രത്തിലെ ഏറ്റവും വലിയ റണ്ണൊഴുക്കിന്. 66 പന്തില്‍ 17 സിക്സറുകളും 13 ഫോറുകളും എയ്തുവിട്ട് ഗെയ്ല്‍ പുറത്താകാതെ 175 റണ്‍സടിച്ചപ്പോള്‍ ഉദ്യാനനഗരിയില്‍ വിരിഞ്ഞത് വിസ്മയങ്ങളുടെ റണ്‍ വസന്തം. ക്രിക്കറ്റിന്‍െറ സംഭവബഹുലമായ ചരിത്രത്താളുകളിലേക്ക് അതിദ്രുതം റണ്ണടിച്ചുകയറ്റിയ ഈ ജമൈക്കക്കാരന്‍, 30 പന്തില്‍ മൂന്നക്കത്തില്‍ തൊട്ട് ഏറ്റവും വേഗമേറിയ സെഞ്ച്വറി തന്‍െറ പേരിലാക്കി. ഒരിക്കലും മറക്കാനാവാത്ത ഇന്നിങ്സിലൂടെ ഗെയ്ല്‍ ബാംഗ്ളൂര്‍ റോയല്‍ ചാലഞ്ചേഴ്സിന് സമ്മാനിച്ചത് 130 റണ്‍സിന്‍െറ പടുകൂറ്റന്‍ ജയം. ഇടക്കു പെയ്ത മഴ മാറിനിന്ന മൈതാനത്ത് റണ്ണുകളുടെ മഹാപ്രവാഹം സൃഷ്ടിച്ച ഗെയ്ലിന്‍െറ മിടുക്കില്‍ നിശ്ചിത 20 ഓവറില്‍ ആതിഥേയര്‍ അഞ്ചു വിക്കറ്റിന് 263 റണ്‍സെടുത്തപ്പോള്‍ പുണെ വാരിയേഴ്സിന്‍െറ മറുപടി ഒമ്പതു വിക്കറ്റിന് 133 റണ്‍സിലൊതുങ്ങി. ഒരോവര്‍ ബൗള്‍ ചെയ്ത് രണ്ടു വിക്കറ്റുമെടുത്ത് പന്തുകൊണ്ടും മിടുക്കു കാട്ടിയ ഗെയ്ല്‍ തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്.
വെടിക്കെട്ട് ബാറ്റിങ്ങിന്‍െറ സമവാക്യങ്ങള്‍ മാറ്റിയെഴുതിയതായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ക്രിസ് ഗെയ്ലിന്‍െറ പെരിയ ഇന്നിങ്സ്. മൂന്നു റണ്‍സ് മാത്രം പിറന്ന ആദ്യ ഓവര്‍ വരാനിരിക്കുന്നതിന്‍െറ സൂചനകളൊന്നും നല്‍കിയില്ല. ആ ഓവറിലെ മൂന്ന് പന്തു നേരിട്ട് ഗെയ്ലിന് നേടാനായത് ഒരു റണ്‍ മാത്രം. ഈ വര്‍ഷം രഞ്ജി ട്രോഫിയിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായ ഈശ്വര്‍ പാണ്ഡെയായിരുന്നു അടുത്ത ഓവറില്‍ പന്തുമായെത്തിയത്. പാണ്ഡെയുടെ ആദ്യ രണ്ടു പന്തും അതിര്‍ത്തി കടത്തി ഗെയ്ല്‍ തുടങ്ങിയപ്പോഴേക്ക് മഴ പെയ്തു. അരമണിക്കൂര്‍ പെയ്ത മഴ നിന്നശേഷം കളി പുനരാരംഭിച്ചപ്പോള്‍ ഗെയ്ല്‍ തിമിര്‍ത്താടുകയായിരുന്നു. പാണ്ഡെയുടെ ശേഷിക്കുന്ന പന്തുകളില്‍ മൂന്നു ബൗണ്ടറികള്‍ കൂടി പിറന്നപ്പോള്‍ ആ ഓവറില്‍ അക്കൗണ്ടിലെത്തിയത് 21 റണ്‍സ്.
മറുവശത്ത് നങ്കൂരമിട്ടു കളിച്ച തിലകരത്നെ ദില്‍ഷന്‍ രണ്ടോവര്‍ പൂര്‍ണമായി ബാറ്റു ചെയ്തശേഷം അഞ്ചാം ഓവറില്‍ ഗെയ്ലിനെതിരെ മിച്ചല്‍ മാര്‍ഷ് പന്തുമായെത്തി. ആദ്യപന്ത് ലോങ് ഓണിലൂടെ സിക്സര്‍. രണ്ടാം പന്ത് എക്സ്ട്രാ കവറിനു മുകളിലൂടെ അതിര്‍ത്തി കടത്തി. അടുത്ത പന്തില്‍ ഫോര്‍. അഞ്ചാം പന്ത് വീണ്ടും സൈറ്റ്സ്ക്രീനിന് മുകളിലൂടെ സിക്സ്. അടുത്ത പന്ത് അതേ രീതിയില്‍ വീണ്ടും സിക്സ്. ആ ഓവറില്‍ പിറന്നത് 28 റണ്‍സ്! 17 പന്തില്‍ ഗെയ്ല്‍ അര്‍ധശതകത്തിലെത്തി. മറുവശത്ത് ഭുവനേശ്വറിന്‍െറ അടുത്ത ഓവറില്‍ ദില്‍ഷന്‍ നേടിയത് ഒരു റണ്‍ മാത്രം. അലി മുര്‍തസയുടെ അടുത്ത ഓവറില്‍ രണ്ടു സിക്സും ഫോറുമടക്കം 18 റണ്‍സ് നേടി ഗെയ്ല്‍ ശൗര്യം കാട്ടി.
മിച്ചലിനെ നാണം കെടുത്തിയ ഗെയ്ല്‍ ഫിഞ്ചിന്‍െറ ആദ്യഓവറില്‍ 29 റണ്‍സ് വാരി രൗദ്രരൂപം പൂണ്ടു. നാലു സിക്സും ഒരു ഫോറും ഈ ഓവറിലും ഗെയ്ലിന്‍െറ ബാറ്റില്‍നിന്നൊഴുകി. 7.5 ഓവറില്‍ ടീം സ്കോര്‍ 100 കടന്നു. രണ്ടാം സ്പെല്‍ എറിയാനെത്തിയ മുര്‍തസയെ 15ാം ഓവറില്‍ മൂന്നു സിക്സും രണ്ടു ഫോറുമടിച്ച് 28 റണ്‍സിന് ശിക്ഷിച്ചു. 36 പന്തില്‍ 33 റണ്‍സെടുത്ത ദില്‍ഷനും ഒമ്പതു പന്തില്‍ 11 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും മടങ്ങിയെങ്കിലും ഗെയ്ലിന് അതൊന്നും പ്രശ്നമായിരുന്നില്ല. ഒന്നാം വിക്കറ്റില്‍ ദില്‍ഷനുമൊത്ത് 13.4 ഓവറിലാണ് 167 റണ്‍സ് ചേര്‍ത്തത്. ഗെയ്ലിന്‍െറ സാന്നിധ്യത്തില്‍ ആവേശമുള്‍ക്കൊണ്ട് അബ്രഹാം ഡിവില്ലിയേഴ്സ് കൂട്ടുകാരനെ വെല്ലുന്ന പ്രഹരശേഷിയില്‍ ബാറ്റേന്തി. എട്ടു പന്തില്‍ മൂന്നു വീതം ഫോറും സിക്സുമടക്കം ഡിവില്ലിയേഴ്സ് നേടിയത് 31 റണ്‍സ്.
ഗെയ്ലിന്‍െറ വെടിക്കെട്ടില്‍ തരിച്ചുപോയ പുണെയുടെ തുടക്കംപോലും ഉണര്‍വില്ലാതെയായിരുന്നു. ഇന്നിങ്സിനുമുമ്പേ തോല്‍വി സമ്മതിച്ചതുപോലെ കളിച്ച അവരുടെ നിരയില്‍ ഓപണര്‍ റോബിന്‍ ഉത്തപ്പ (പൂജ്യം) നേരിട്ട രണ്ടാം പന്തില്‍ മടങ്ങി. ഫിഞ്ച് 15 പന്തില്‍ 18ഉം യുവരാജ് സിങ് 14 പന്തില്‍ 16ഉം റണ്‍സ് നേടി. 31 പന്തില്‍ 41 റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്താണ് ടോപ്സ്കോറര്‍.

Loading...

Leave a Reply

Your email address will not be published.

More News