Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 3:48 am

Menu

Published on July 4, 2017 at 5:32 pm

ഈ ഗ്രാമത്തില്‍ ഒരു ശൗചാലയം പോലുമില്ല; ഇല്ലെങ്കിലെന്താ, ജീവന്‍ ബാക്കിയുണ്ടല്ലോ!

ghazipur-village-superstition-stop-villagers-from-building-toilets

നവാഡ: ഇന്ത്യയിലെ നഗര-ഗ്രാമ പ്രദേശങ്ങളില്‍ ശൗചാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനും അതിന്റെ ഉപയോഗം ശീലമാക്കുന്നതിനുമുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. സ്വച്ഛ് ഭാരത് എന്ന പേരില്‍ ഇതിനായി വ്യാപക പ്രചരണങ്ങളും ബോധവല്‍കരണങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ ശൗചാലയങ്ങള്‍ നിര്‍മ്മിക്കാന്‍ മടിക്കുന്ന ഒരു ഗ്രാമവും നമ്മുടെ രാജ്യത്തുനണ്ട്.

ബിഹാറിലെ നവാഡ ജില്ലയിലെ ഗാസിപുര്‍ ഗ്രാമത്തില്‍ ഒരു വീട്ടിലും ശൗചാലയമില്ല. സാമ്പത്തിക പ്രയാസങ്ങളല്ല ഇതിനു കാരണം. ശൗചാലയങ്ങള്‍ നിര്‍മ്മിക്കുന്നത് ദൗര്‍ഭാഗ്യം കൊണ്ടുവരുമെന്നാണ് ഗ്രാമവാസികളുടെ അന്ധവിശ്വാസം.

രണ്ടായിരത്തോളം ആളുകള്‍ താമസിക്കുന്ന ഗ്രാമത്തിലാണ് ഒറ്റ ശൗചാലയം പോലുമില്ലാത്തത്. ശൗചാലയമുണ്ടാക്കിയാല്‍ കുടുംബാംഗങ്ങള്‍ക്ക് രോഗമോ ദുരന്തമോ ഉണ്ടാകുമെന്ന ധാരണയാണ് ഗ്രാമവാസികളെ ഇതില്‍ നിന്ന് തടയുന്നത്.

1984ലാണ് ശൗചാലയം നിര്‍മ്മിച്ചാല്‍ ദുരന്തമുണ്ടാകുമെന്ന അന്ധവിശ്വാസം ഗ്രാമീണര്‍ക്കിടയില്‍ പടര്‍ന്നത്. സിദ്ധേശ്വര്‍ എന്ന കര്‍ഷകന്‍ വീട്ടില്‍ ശൗചാലയം നിര്‍മിക്കുന്നതിനിടെ, മകന്‍ രോഗം ബാധിച്ച് മരിച്ചതോടെയാണ് ഗ്രാമീണര്‍ ശൗചാലയങ്ങള്‍ക്ക് എതിരായത്.

1996ല്‍ രാംപര്‍വേശ് ശര്‍മ എന്നയാളുടെ മകനും ഇതുപോലെ ശൗചാലയ നിര്‍മ്മാണത്തിനിടെ മരിച്ചതോടെ അന്ധവിശ്വാസം ഒന്നുകൂടി ശക്തമായി. 2009ല്‍ ശൗചാലയങ്ങളുടെ അനിവാര്യതയെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ശ്രമിച്ച യുവാവിന്റെ കാലൊടിഞ്ഞ സംഭവവും ഗ്രാമീണര്‍ ചൂണ്ടിക്കാണിക്കുന്നു.

2015ല്‍ സ്‌കൂളിലെ പൊതുശൗചാലയം ഉപയോഗിച്ച മുന്ദ്രിക സിങ് അടുത്ത ദിവസം മരിച്ചതോടെ വീട്ടില്‍ ശൗചാലയമുള്ള ഗ്രാമീണരും ഉപയോഗിക്കാതെയായി.

അടുത്ത കാലത്തെ ഉദാഹരണമായി ഗ്രാമവാസികള്‍ക്ക് ചൂണ്ടിക്കാണിക്കാനുള്ളത് ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ക്കുണ്ടായ ദുരന്തമാണ്. ഗാസിപുരിലെത്തി ശുചിത്വത്തെക്കുറിച്ച് ബോധവല്‍കരണ ക്ലാസെടുത്ത് തിരിച്ചുപോകുമ്പോള്‍ വാഹനം അപകടത്തില്‍പ്പെട്ട് അദ്ദേഹത്തിന് പരിക്കേറ്റതാണ് സംഭവം.

മോദി സര്‍ക്കാര്‍ സ്വച്ഛ് ഭാരത് കാമ്പെയിന്‍ തുടങ്ങിയപ്പോഴും ഗ്രാമീണര്‍ ശൗചാലയങ്ങള്‍ വേണ്ടെന്ന നിലപാടില്‍ ഉറച്ചുനിന്നു. ജീവനാണ് പ്രധാനമെന്നും അതുകഴിഞ്ഞേ ശുചിത്വത്തിന് സ്ഥാനമുള്ളൂ എന്നാണ് ഗ്രാമീണര്‍ പറയുന്നത്.

രാത്രികാലങ്ങളില്‍ പറമ്പുകളിലാണ് അവര്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നത്. ശൗചാലയ വിരോധത്തിന് ഒരു അടിസ്ഥാനവുമില്ലെന്ന് ബോധവല്‍ക്കരിക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഗ്രാമീണരുടെ മനസ്സ് ഇതുവരെ മാറിയിട്ടില്ല.

ശൗചാലയമില്ലാത്തത് ഗ്രാമത്തിലെ പല യുവാക്കളുടെയും വിവാഹാലോചനകള്‍ മുടങ്ങാന്‍ കാരണമായിട്ടുണ്ട്. ശൗചാലയങ്ങളില്ലാത്ത വീട്ടിലേയ്ക്ക് വധുവായി വരാന്‍ അയല്‍ ഗ്രാമങ്ങളിലെ യുവതികള്‍ തയ്യാറാകാത്തതാണ് കാരണം. അതുകൊണ്ടുതന്നെ വിവാഹ പ്രായം കഴിഞ്ഞ പുരുഷന്‍മാര്‍ പലരുണ്ട് ഗ്രാമത്തില്‍. എന്നാല്‍ ഇതൊന്നും ഗ്രാമവാസികള്‍ക്കൊരു കുലുക്കവും ഉണ്ടാക്കിയിട്ടില്ല- കല്യാണം കഴിച്ചില്ലെങ്കിലെന്താ, ജീവന്‍ നഷ്ടപ്പെട്ടില്ലല്ലോ..!

Loading...

Leave a Reply

Your email address will not be published.

More News