Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:09 am

Menu

Published on November 29, 2018 at 11:12 am

‘ഫാമിലി ലിങ്ക്’ ; കുട്ടികളുടെ ഫോണ്‍ നിരീക്ഷിക്കാന്‍ ഇന്ത്യയിലും ആപ്പ്…

google-launches-parental-control-software-family-link-in-india

കുട്ടികളുടെ സ്മാര്‍ട് ഫോണ്‍ ഉപയോഗം ലോകത്തെ ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പലയിടങ്ങളിലും കുട്ടികളും മുതിര്‍ന്നവരും തമ്മില്‍ നിലനിന്നിരുന്ന ആരോഗ്യകരമായ സന്തുലിതാവസ്ഥ പാടെ തകര്‍ക്കുന്നതാണ് കുട്ടികളുടെ കൈയിലെത്തുന്ന സ്മാര്‍ട് ഉപകരണങ്ങള്‍. ഇഴയടുപ്പമില്ലാത്ത കുടുംബ, വ്യക്തി ബന്ധങ്ങളുമെല്ലാം ഇതിന്റെ ഫലമായി എല്ലാ സമൂഹത്തിലും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു.

ടെക്‌നോളജി ഭീമന്മാരായ മൈക്രോസോഫ്റ്റിന്റെ മുന്‍ മേധാവി ബില്‍ ഗെയ്റ്റ്‌സിന്റെയും ആപ്പിളിന്റെ മുന്‍ മേധാവി സ്റ്റീവ് ജോബ്‌സിന്റെയും വീടുകളില്‍ കുട്ടികള്‍ക്ക് സ്മാര്‍ട് ഫോണ്‍ ഉപയോഗത്തില്‍ വന്‍ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നതെന്നു മനസിലാക്കുമ്പോഴാണ് സ്മാര്‍ട് ഫോണ്‍ ഉപയോഗം എത്ര വലിയ വിപത്താണ് സാധാരണ കുടുംബങ്ങളില്‍ വരുത്തുന്നതെന്നു മനസിലാകുകയുള്ളൂ. തങ്ങളുടെ മാതാപിതാക്കളുമായി ഏറ്റവും കുറഞ്ഞ ബന്ധം മാത്രമുള്ള ഒരു തലമുറയാണ് ഇപ്പോള്‍ വളര്‍ന്നു വന്നുകൊണ്ടിരിക്കുന്നത്. ഇതിലൂടെ വന്നേക്കാവുന്ന സമൂഹങ്ങള്‍ക്ക് സമൂല പരിവര്‍ത്തനം വരും വര്‍ഷങ്ങളില്‍ വരാമെന്നും വിലയിരുത്തലുകളുണ്ട്.

അമേരിക്കയിലെ നിരവധി രക്ഷിതാക്കൾ ആപ്പിള്‍ കമ്പനിയുടെ മുൻപില്‍ കഴിഞ്ഞ വര്‍ഷം പ്രതിഷേധവുമായി എത്തിയിരുന്നു. അതിനു പിന്നാലെ ആപ്പിള്‍ ഈ വര്‍ഷം കുറച്ച് മാറ്റങ്ങള്‍ ഐഒഎസ് 12ല്‍ കൊണ്ടുവരികയും ചെയ്തിരിക്കുന്നു. നന്നേ ചെറുപ്പകാലത്തു തന്നെ വന്നു ചേരാവുന്ന സ്മാര്‍ട് ഫോണ്‍ ആസക്തിയാണ് സുപ്രധാന പ്രശ്‌നങ്ങളിലൊന്ന്. കുട്ടികള്‍ക്ക് സ്വന്തമായി ഫോണ്‍ വാങ്ങിക്കൊടുക്കുന്നത് പരമാവധി ദീര്‍ഘിപ്പിക്കുക, കംപ്യൂട്ടറും മറ്റും വീട്ടില്‍ പൊതുവായി ഉപയോഗിക്കുന്നിടത്തു വയ്ക്കുക (കുട്ടികളുടെ മുറിയില്‍ സ്വകാര്യമായി ഉപയോഗിക്കാന്‍ അനുവദിക്കാതിരിക്കുക), സ്പീക്കറിന്റെയും മറ്റും സ്വരം താഴ്ത്താനനുവദിക്കാതിരിക്കുക തുടങ്ങിയ ചില ചെറിയ പ്രതിവിധികള്‍ പരീക്ഷിച്ചു നോക്കാനാണ് മാതാപിതാക്കള്‍ക്കു കിട്ടുന്ന ഉപദേശം. ഇനി ഫോണ്‍ വാങ്ങിക്കൊടുത്തു പോയെങ്കിലോ?

കുട്ടികളുടെ സ്മാര്‍ട് ഫോണ്‍ ഉപയോഗം ഒരു ചെറിയ പരിധിവരെ നിരീക്ഷിക്കാന്‍ ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവരെ അനുവദിക്കുന്ന ആപ്പാണ് ഗൂഗിള്‍ ഫാമിലി ലിങ്ക് (Family Link). ഇത് കഴിഞ്ഞവര്‍ഷം ആഗോള തലത്തില്‍ അവതരിപ്പിച്ചിരുന്നു. ഏത് ആപ്പുകളാണ് അവര്‍ ഉപയോഗിക്കുന്നതെന്നും, എത്ര സമയം ഉപയോഗിക്കുന്നുവെന്നും ഒക്കെയെ ഇതിലൂടെ അറിയാന്‍ സാധിക്കൂ. കുട്ടികളുടെ ഫോണിലെ പ്രവര്‍ത്തനം സ്വകാര്യം തന്നെ ആയിരിക്കും. എന്നാല്‍, ആവശ്യമെന്നു കണ്ടാല്‍ ഫോണിന്റെ ഉപയോഗം നിർത്താന്‍ (ഫോണ്‍ ഡിസേബിൾ ചെയ്യാന്‍) അനുവദിക്കുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട നിയന്ത്രണ മാര്‍ഗ്ഗം. എന്നാല്‍ കുട്ടികള്‍ക്ക് ഇത്തരം നിയന്ത്രണം വേണ്ടെന്നുവയ്ക്കാനുമുള്ള അധികാരമുണ്ട്.

കുട്ടികളുടെ സ്വകാര്യതയിലേക്ക് യാതൊരു കടന്നു കയറ്റവും അനുവദിക്കാതെയാണ് ആപ് മാതാപിതാക്കള്‍ക്ക് നിയന്ത്രണാധികാരം നല്‍കുന്നത്. മാതാപിതാക്കള്‍ താന്‍ ചെയ്യുന്നതെല്ലാം കണ്ടുകൊണ്ടിരിക്കുന്നുവെന്ന ഒരു തോന്നല്‍ കുട്ടിക്കുണ്ടാവില്ല. ഇത്തരം മറ്റ് ആപ്പുകളും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇവയില്‍ പലതും ഉപയോഗിക്കാന്‍ പൈസ നല്‍കണമെന്നതാണ് ഫാമിലി ലിങ്ക് ആപ്പിനെ വ്യത്യസ്തമാക്കുന്നത്–ഇതു ഫ്രീയാണ്.

ഫാമിലി ലിങ്ക് ആപ്പിനു രണ്ടു ഭാഗങ്ങളുണ്ട്. ഒന്ന് കുട്ടികള്‍ക്കും അടുത്തത് മാതാപിതാക്കള്‍ക്കുമുള്ളത്. ഒരു രക്ഷകര്‍ത്താവാണു നിങ്ങളെങ്കില്‍ ഗൂഗിള്‍ ഫാമിലി ലിങ്ക് ഫോര്‍ പാരന്റ്‌സ് (Google Family Link for Parents) ഡൗണ്‍ലോഡ് ചെയ്യുക. ഇതിലൂടെ നിങ്ങള്‍ ‘ഫാമിലി മാനേജര്‍’ ആകാം. നിങ്ങളുടെ ജീവിത പങ്കാളിയെയും നിങ്ങള്‍ക്ക് ഈ ഗ്രൂപ്പിലേക്ക് കൊണ്ടുവരാം. തുടര്‍ന്ന് കുട്ടികള്‍ക്ക് ഗൂഗിള്‍ അക്കൗണ്ടുകള്‍ ഇല്ലെങ്കില്‍ അതു സെറ്റ് ചെയ്യുക.

അതിനു ശേഷം ഗൂഗിള്‍ ഫാമിലി ലിങ്ക് ഫോര്‍ ചില്‍ഡ്രണ്‍ ആന്‍ഡ ടീന്‍സ് (Google Family Link for Children & Teens) കുട്ടികളുടെ ഫോണില്‍ ഇന്‍സ്‌റ്റോള്‍ ചെയ്യുക. എന്നാല്‍, ഓര്‍ക്കേണ്ട കാര്യം മാതാപിതാക്കള്‍ ഇതു ചെയ്ത കാര്യം കുട്ടികള്‍ക്കും അറിയാമായിരിക്കുമെന്നതാണ്. ബാക്ഗ്രൗണ്ടില്‍ പതിയിരുന്ന് കുട്ടികളുടെ ചെയ്തികളെക്കുറിച്ച് മാതാപിതാക്കള്‍ക്കു റിപ്പോര്‍ട്ടു ചെയ്യുന്നതല്ല ഈ ആപ്. തങ്ങളുടെ ഏതെല്ലാം ചെയ്തികള്‍ മാതാപിതാക്കള്‍ക്കു കാണാമെന്ന് കുട്ടികളെ അറിയിക്കുകയും ചെയ്യും. കുട്ടികള്‍ക്ക് മാതാപിതാക്കളുടെ നിയന്ത്രണം എടുത്തുകളയുകയും ചെയ്യാം. എന്നാല്‍, അങ്ങനെ ചെയ്യുമ്പോള്‍ ഗൂഗിള്‍ ഇക്കാര്യം മാതാപിതാക്കളെ അറിയിക്കുകയും, കുട്ടികളുടെ ഫോണ്‍ കുറച്ചു സമയത്തേക്ക് ലോക് ആകുകയും ചെയ്യും.

കുട്ടികള്‍ എങ്ങനെയാണ് (ഏത് ആപ് ആണ് ഉപയോഗിക്കുന്നത്) ഫോണില്‍ സമയം ചിലവിടുന്നതെന്ന് രക്ഷകര്‍ത്താവിനു ആപ്പിലൂടെ മനസിലാക്കാനാകുമെങ്കിലും ഫോണിന്റെ നിയന്ത്രണം കുട്ടികളുടെ കൈയ്യില്‍ തന്നെ ആയിരിക്കും. കുട്ടികളുടെ ഫോണ്‍ റിമോട്ടായി ഫോര്‍മാറ്റു ചെയ്യാനോ, പാസ്‌വേഡുകള്‍ മാറ്റാനോ, അവര്‍ സ്‌ക്രീനില്‍ എന്താണ് കണ്ടുകൊണ്ടിരിക്കുന്നത് എന്നറിയാനോ അവര്‍ക്കാവില്ല. ഉദാഹരണത്തിന് കുട്ടികള്‍ വാട്‌സാപ്പാണ് ഉപയോഗിക്കുന്നതെന്ന് മനസിലാകുമെങ്കിലും എന്തു മെസേജാണ് വരുന്നതെന്നും അയക്കുന്നതെന്നും അറിയാനാവില്ല. ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം, ഗൂഗിള്‍ ക്രോം ആണെങ്കിലും മാതാപിതാക്കള്‍ക്ക് ഉപയോഗിക്കുന്ന ആപ് ഏതാണെന്നു മാത്രം അറിയാനൊക്കും. എത്ര സമയം ഓരോ ആപ്പും കുട്ടി ഉപയോഗിച്ചു എന്നറിയാമെങ്കിലും എന്തായിരുന്നു അതില്‍ ചെയ്തുകൊണ്ടിരുന്നത് എന്നറിയാനാവില്ല.

ഈ ആപ് ഉപയോഗിച്ച് ഒന്നിലേറെ ഫോണുകളെ ബന്ധിപ്പിക്കാം. കുട്ടികള്‍ക്ക് ഒന്നിലേറെ ഫോണ്‍ ഉണ്ടെങ്കില്‍ അവയെല്ലാം ഈ രീതിയില്‍ കാണാന്‍ സാധിക്കും. കുടാതെ, പ്രായത്തിനനുസിച്ച് ചില കണ്ടെന്റ് നിയന്ത്രിക്കാനും സാധിക്കും. എന്നാല്‍, ഇതിലൂടെ ഗൂഗിള്‍ തങ്ങളുടെ വല കുടുംബത്തിനു മുകളില്‍ മുഴുവനായും വിരിക്കുകകയാണെന്നും കാണാം. ഇത്രയും കാലം വ്യക്തികളുടെ ബ്രൗസിങും സേര്‍ച്ചും മാപ് ഉപയോഗവും മെയിലുമൊക്കെ പരിശോധിച്ചിരുന്നെന്നായിരുന്നു ആരോപണമെങ്കില്‍ പുതിയ ആപ്പിലൂടെ കുടുംബാംഗങ്ങളെയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ സാധിച്ചേക്കും. അതുകൊണ്ട് പൈസയുണ്ടെങ്കില്‍ പെയ്ഡ് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതായിരിക്കും നല്ലത്. പ്രത്യേകിച്ചും സ്വകാര്യതയെക്കുറിച്ച് ബോധമുള്ളയാളാണെങ്കില്‍. ഇത്തരമൊരു ആപ് വന്നാല്‍ തന്നെ വളരെയധികം രക്ഷകര്‍ത്താക്കള്‍ക്ക് അത് ഉപയോഗിക്കാൻ അറിയണമെന്നില്ലെന്നതും ഇതിന്റെ ഒരു ന്യൂനതയായിരിക്കും.

Loading...

Leave a Reply

Your email address will not be published.

More News