Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാന്‍പൂര്‍: നാണയം വിഴുങ്ങുന്ന ആടിനെ പറ്റി പണ്ടേ ബേപ്പൂര്‍ സുല്‍ത്താന്‍ പറഞ്ഞതാണ്. എന്നാല്‍ ആട് ഇത്രയും ഭീകരനാണെന്ന് ചിന്തിച്ചിരിക്കില്ല. കാരണം ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ വിശന്നുവലഞ്ഞ ആട് അകത്താക്കിയത് ഉടമസ്ഥന്റെ 66,000 രൂപ വരുന്ന നോട്ടുകളാണ്.
കാണ്‍പൂരിലെ സിലുവാപൂര്‍ ഗ്രാമത്തിലാണ് കര്‍ഷകനായ സര്‍വ്വേശ് കുമാര്‍ പാലിന് വീട്ടില്‍ വളര്‍ത്തുന്ന ആട് ഭീകര പണി കൊടുത്തത്.
സര്‍വ്വേശ് കുളിക്കാന്‍ പോയ സമയത്ത് ട്രൗസറിന്റെ പോക്കറ്റില്‍ നിന്നാണ് 2000 രൂപ നോട്ടിന്റെ കെട്ട് ആട് അകത്താക്കിയത്. ആടിനെ കെട്ടിയിട്ടിരുന്നതിന് സമീപത്തായിരുന്നു പാന്റ് ഇട്ടിരുന്നത്.
കുളി കഴിഞ്ഞ് തിരിച്ചെത്തിയ സര്‍വേശ് കുമാര്‍ കാണുന്നത് ആട് എന്തോ കാര്യമായി ചവച്ചിറക്കുന്നതാണ്. ആടിന്റെ വായിലുള്ള വസ്തുവിന്റെ പിങ്ക് നിറം ശ്രദ്ധയില്‍ പെട്ടപ്പോഴാണ് ആട് ചവച്ചിറക്കുന്നത് തന്റെ പാന്റിന്റെ കീശയിലുണ്ടായിരുന്ന രണ്ടായിരം രൂപാ നോട്ടുകളാണെന്ന് അദ്ദേഹത്തിന് മനസ്സിലായത്.
നോട്ട് തിരിച്ചെടുക്കാനുള്ള ശ്രമത്തിന് ഒടുവില്‍ ആകെ തിരിച്ച് കിട്ടിയത് രണ്ട് 2000 രൂപ നോട്ടുകളാണ്. ബാക്കി നോട്ടുകളെല്ലാം തന്നെ ഉപയോഗശൂന്യമായ നിലയിലാണ്. 31ഓളം നോട്ട് ആട് അകത്താക്കിയിട്ടുണ്ടെന്നാണ് കരുതുന്നത്. വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കരുതി വെച്ച തുകയായിരുന്നു ഇത്.
പേപ്പറുകള്‍ ചവച്ചരച്ച് അകത്താക്കുന്നതില്‍ ആട് പണ്ടേ വിദഗ്ധനാണെന്ന് സര്‍വ്വേശ് പറയുന്നു. സംഭവം അറിഞ്ഞ് എത്തുന്ന നാട്ടുകാരെല്ലാം ആടിനൊപ്പം സെല്‍ഫിയെടുക്കുന്ന തിരക്കിലാണ്. ഡോക്ടറെ കാണിച്ച് മരുന്ന് നല്‍കി ആടിനെ ഛര്‍ദ്ദിപ്പിച്ച് നോട്ട് വീണ്ടെടുക്കണമെന്ന് ചിലര്‍ ഉപദേശവും നല്‍കുന്നുണ്ടെന്നും സര്‍വ്വേശ് പറഞ്ഞു. എന്നാല്‍ ഇതുകൊണ്ടൊന്നും ആടിനെ ഉപേക്ഷിക്കാന്‍ സര്‍വ്വേശ് തയ്യാറല്ല.
Leave a Reply