Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 3:45 pm

Menu

Published on May 8, 2013 at 6:18 am

ചര്‍ച്ചിലിന് ഐ ലീഗ് കിരീടം

i-leage-crown-for-chuarchil

പനാജി: ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഗോളില്‍ മോഹന്‍ ബഗാനെ സമനിലയില്‍ തളച്ച് ചര്‍ച്ചില്‍ ബ്രദേഴ്സ് ഐ ലീഗ് ഫുട്ബോള്‍ കിരീടത്തില്‍ മുത്തമിട്ടു. ഒരു റൗണ്ട് ശേഷിക്കെ 52 പോയിന്റുമായാണ് ചര്‍ച്ചിലിന്റെ കിരീടധാരണം. 2008-09 സീസണിലും ഗോവന്‍ ടീം ഐ ലീഗ് കിരീടം സ്വന്തമാക്കിയിട്ടുണ്ട്. സമനിലപോലും മതിയായിരുന്നു ചര്‍ച്ചിലിന്. എന്നാല്‍ മോഹന്‍ ബഗാന്‍ അവരെ ഞെട്ടിച്ചുകളഞ്ഞു. 27-ാം മിനിറ്റില്‍ മലയാളി താരം സി എസ് സബീത്തിലൂടെ ബഗാന്‍ ലീഡ് നേടിയപ്പോള്‍ ചര്‍ച്ചില്‍ ആരാധകര്‍ നെഞ്ചില്‍ കൈവച്ചു. ആദ്യപകുതിയുംകഴിഞ്ഞ് ചര്‍ച്ചിലിന്റെ ആശങ്ക കയറവേ 72-ാം മിനിറ്റില്‍ ഛേത്രി ബഗാന്‍ വലപൊട്ടിച്ചു. ആറാം ഐ ലീഗ് കിരീടം ഇതോടെ ഗോവക്കാരുടെ കയ്യിലെത്തുകയും ചെയ്തു.

ഗോവന്‍ കരുത്തുമായി 1988ലാണ് ചര്‍ച്ചിലിന്റെ ആരംഭം. വാര്‍ക ക്ലബ്ബെന്ന പേരായിരുന്നു തുടക്കത്തില്‍. പിന്നീട് ബ്രദേഴ്സ് സ്പോര്‍ടിങ് ക്ലബ്ബായി. പിന്നീട് ചര്‍ച്ചില്‍ ബ്രദേഴ്സായും മാറി. 2007ലെ ഡ്യുറാന്‍ഡ് കപ്പില്‍ ചാമ്പ്യന്‍മാരായതോടെ ചര്‍ച്ചിലിന്റെ ഗതി മാറി. ഇതേ ആവേശത്തില്‍ 2008-09ലെ ഐ ലീഗ് കിരീടം സ്വന്തമാക്കി. 2009ല്‍ വീണ്ടും ഡ്യുറാന്‍ഡ് കപ്പ്. അതേവര്‍ഷം ഐഎഫ്എ ഷീല്‍ഡ്. 2010ല്‍ എഎഫ്സി കപ്പിലും കളിച്ചു. ഗോവയിലെ ഒന്നാംനിര ക്ലബ്ബായ ചര്‍ച്ചിലിന് 2004-05 സീസണില്‍ തരംതാഴ്ത്തല്‍ നേരിടേണ്ടിവന്നു. രണ്ടാം ഡിവിഷനില്‍ കളിച്ച് തൊട്ടടുത്തവര്‍ഷം അവര്‍ മുന്നേറി. സുഭാഷ് ഭൗമിക്കാണ് ടീമിന്റെ ഇപ്പോഴത്തെ കോച്ച്. ഗോവയിലെ തിലക് മൈതാനത്ത് മുന്നേറ്റത്തില്‍ ഛേത്രിക്കൊപ്പം മലയാളി താരം ബിനീഷ് ബാലനെ രംഗത്തിറക്കിയായിരുന്നു ചര്‍ച്ചില്‍ തുടങ്ങിയത്. മറുവശത്ത് നൈജീരിയക്കാരന്‍ ഗോളടി യന്ത്രം ഒഡാഫ ഒകോലിയായിരുന്നു ബഗാന്റെ തുറുപ്പുചീട്ട്. പരിക്കേറ്റ ഓസ്ട്രേലിയക്കാരന്‍ ടോള്‍ഗെ ഒസ്ബെക്കു പകരം സബീത്തായിരുന്നു ഒകോലിക്ക് മുന്നേറ്റത്തില്‍ കൂട്ട്. തുടക്കത്തില്‍ ബഗാനായിരുന്നു മുന്‍തൂക്കം. ചര്‍ച്ചില്‍ ബോക്സില്‍ അവര്‍ സമ്മര്‍ദം ചെലുത്തി.

27-ാം മിനിറ്റില്‍ ചര്‍ച്ചില്‍ പ്രതിരോധത്തെ കബളിപ്പിച്ച് ഒറ്റയ്ക്കു മുന്നേറിയ സബീത്ത് ആരാധകരെ ഞെട്ടിച്ചു. മനോഹരമായി കുതിച്ച സബീത്ത് ക്ലോസ് റേഞ്ചില്‍വച്ച് ഗോളി സന്ദീപ് നന്ദിയെ മറികടന്നു. രണ്ടാം പകുതിയില്‍ ചര്‍ച്ചില്‍ ആധിപത്യം നേടി. ബഗാന്‍ ഗോളി ഷില്‍ട്ടന്‍ പാലിന്റെ തകര്‍പ്പന്‍ നീക്കങ്ങള്‍ അവരുടെ മോഹത്തെ ഇടയ്ക്കിടെ നുള്ളിയകറ്റി. എന്നാല്‍ കിരീടം മനസ്സില്‍കണ്ട ചര്‍ച്ചില്‍ വിട്ടുകൊടുത്തില്ല. നിരന്തര ആക്രമണത്തിനൊടുവില്‍ ചര്‍ച്ചില്‍ സമനില പിടിച്ചു. ഛേത്രിയുടെ ഒന്നാന്തരമൊരു ഗോള്‍. ചുക്കാന്‍ പിടിച്ചത് സുന്ദരമായ ക്രോസിലൂടെ ബിനീഷ് ബാലനും. അവസാനഘട്ടത്തില്‍ ജയത്തിനായി ബഗാന്‍ ആഞ്ഞുശ്രമിച്ചെങ്കിലും ചര്‍ച്ചില്‍ സമനിലയില്‍ സന്തുഷ്ടരായിരുന്നു. കഴിഞ്ഞവര്‍ഷം ഡെമ്പോ ഗോവയായിരുന്നു ചാമ്പ്യന്‍മാര്‍. ഇക്കുറി അവര്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 49 പോയിന്റുള്ള പുണെ എഫ്സിയാണ് രണ്ടാം സ്ഥാനത്ത്. ചര്‍ച്ചില്‍ ബഗാനോട് തോറ്റിരുന്നെങ്കില്‍ പുണെയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News