Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അഹമ്മദാബാദ്: ആശുപത്രിയിലെത്തിക്കും മുന്‍പ് വാഹനത്തിലും മറ്റുമായി പ്രസവം നടന്ന സംഭവങ്ങള്‍ നമ്മള്‍ ധാരാളം കേട്ടിട്ടുണ്ട്. എന്നാല്‍ 32കാരിയായ മങ്കുബെന്‍ മക്വാനയുടെ അനുഭവം ഞെട്ടിക്കുന്നതായിരുന്നു.
കാരണം ഈ യുവതി തന്റെ മകനെ പ്രസവിച്ചത് 12 സിംഹങ്ങളുടെ കാവലില്‍, കൊടുങ്കാട്ടില്‍, പാതിരാത്രിയിലായിരുന്നു. ഗുജറാത്തിലെ ഗിര്‍ വനത്തില്‍ ജൂണ്‍ 29നാണ് അവിശ്വനീയമായ പ്രസവം നടന്നത്.
പേറ്റുനോവടുത്താല്‍ കാടെന്നോ കടലെന്നോ നോക്കിയിട്ട് കാര്യമില്ലല്ലോ, പ്രസവിക്കുക തന്നെ. വനത്തിനുള്ളിലെ ആംബുലന്‍സില്‍ വെച്ച് മാങ്കുബെന്‍ പ്രസവിക്കുമ്പോള്‍ മനുഷ്യ മണമേറ്റെത്തിയ സിംഹക്കൂട്ടങ്ങളായിരുന്നു വാഹനത്തിന് ചുറ്റും.
പ്രസവ വേദനയെത്തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലേക്കു പോവുകയായിരുന്നു ലുനാസ്പുര്‍ സ്വദേശിയായ മങ്കുബെന്‍ മക്വാന. കാടിനു നടുവിലൂടെ ജാഫര്‍ബാദിലെ ആശുപത്രിയിലേക്കായിരുന്നു യാത്ര. പുലര്‍ച്ചെ രണ്ടരയോടെ പ്രസവവേദന കൂടി. ഈ സമയമാണ് ആംബുലന്‍സിന് അരികിലേക്കു സിംഹങ്ങള്‍ കൂട്ടമായെത്തിയത്.
എമര്‍ജന്‍സി മാനേജ്‌മെന്റ് ടെകിനീഷ്യന്‍ (ഇഎംടി) അശോക് മക്വാനയാണ് ആംബുലന്‍സില്‍ ഒപ്പമുണ്ടായിരുന്നത്. യാത്രക്കിടെ പ്രസവ വേദന കടുത്തതോടെ അശോകിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഡ്രൈവര്‍ രാജു ജാദവ് ആംബുലന്‍സ് കൊടുംകാട്ടില്‍ നിര്‍ത്തുകയായിരുന്നു.
ഫോണിലൂടെ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് പ്രസവമെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അശോക്. എന്നാല്‍ മനുഷ്യ സാന്നിധ്യമറിഞ്ഞെത്തിയ 12ഓളം സിംഹങ്ങള്‍ ആംബുലന്‍സിന് അടുത്തേക്കു വരികയായിരുന്നു.
ഇവ ആംബുലന്‍സിന് മുന്നില്‍ നിലയുറപ്പിച്ചതോടെ എല്ലാവരും പരിഭ്രാന്തിയിലായി. സിംഹങ്ങളുടെ ചലനങ്ങള്‍ നിരീക്ഷിച്ച് രാജു ഡ്രൈവര്‍ സീറ്റിലിരുന്ന് അശോകിനും മാങ്കുബെന്നിനും ധൈര്യം നല്‍കി. ഇതിനിടെ, അശോക് ഡോക്ടറെ ഫോണില്‍ വിളിച്ചു കാര്യങ്ങള്‍ വിശദീകരിച്ചു. ഡോക്ടറുടെ നിര്‍ദേശമനുസരിച്ചാണു ധൈര്യത്തോടെ പ്രസവം കൈകാര്യം ചെയ്തതെന്നു അശോക് പറഞ്ഞു.
20 മിനുട്ടോളം പ്രസവം നീണ്ടു .ആ സമയമത്രയും ആംബുലന്‍സിനോട് ചേര്‍ന്ന് വലിയ സിംഹക്കൂട്ടം തന്നെയുണ്ടായിരുന്നു.
പ്രദേശവാസിയായ ഡ്രൈവര്‍ രാജു ജാദവിനു സിംഹങ്ങളുടെ പെരുമാറ്റങ്ങള്‍ മനസിലാവും. സിംഹങ്ങളെ പ്രകോപിപ്പിക്കാതിരിക്കാന്‍ ജാദവ് ശ്രദ്ധിച്ചു. 20 മിനിറ്റോളമാണ് വാഹനം നിറുത്തിയിട്ടത്. ആംബുലന്‍സിനു സമീപത്തും ചുറ്റുവട്ടത്തെ കാട്ടിലുമായി 12 സിംഹങ്ങള്‍ ഈ സമയം ഞങ്ങളെ വീക്ഷിച്ചുകൊണ്ടു നിന്നു. പ്രസവശേഷം ആംബുലന്‍സ് സ്റ്റാര്‍ട്ട് ആക്കിയപ്പോള്‍ സിംഹങ്ങള്‍ വഴിമാറി തന്നുവെന്നും പ്രകാശ് പറയുന്നു. അമ്മയെയും കുഞ്ഞിനെയും ജാഫര്‍ബാദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Leave a Reply