Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 8, 2024 7:47 am

Menu

Published on May 9, 2013 at 5:09 am

ചെന്നൈ സൂപ്പര്‍ കിങ്സിന് ജയം

ipl-chennai-canter-to-win-against-hyderabad

ഹൈദരാബാദ്: സുരേഷ് റെയ്നയും മൈക് ഹസിയും അടിച്ചുതകര്‍ത്ത ഐ.പി.എല്‍ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് 77 റണ്‍സിന്‍െറ തകര്‍പ്പന്‍ ജയം. ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സ് അടിച്ചുകൂട്ടി. 20 ഓവറില്‍ എതിരാളികള്‍ക്ക് എട്ട് വിക്കറ്റ് നഷ്ട്ടത്തില്‍ 146 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. റെയ്നയാണ് കളിയിലെ കേമന്‍.
റെയ്ന 52 പന്തില്‍ 11 ഫോറും മൂന്നു സിക്സുമടക്കം പുറത്താകാതെ 99 റണ്‍സെടുത്തപ്പോള്‍ ഹസി 42 പന്തില്‍ അഞ്ചു ഫോറും നാലു സിക്സും ഉള്‍പ്പെടെ 67 റണ്‍സ് നേടി. മുരളി വിജയ് 20 പന്തില്‍ 29ഉം രവീന്ദ്ര ജദേജ ആറു പന്തില്‍ പുറത്താകാതെ 14ഉം റണ്‍സെടുത്തു. 44 റണ്‍സെടുത്ത പാര്‍ഥിവ് പട്ടേലാണ് ഹൈദരാബാദ് ടീമിന്‍െറ ടോപ്സ്കോറര്‍. കരണ്‍ ശര്‍മ 39 റണ്‍സുമായി പുറത്താവാതെ നിന്നു.
നേരത്തേ പ്ളേ ഓഫ് ഉറപ്പിച്ച ചെന്നൈ ജയത്തോടെ 13 കളികളില്‍ നിന്ന് 20 പോയന്‍റുമായി പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 12 കളികളില്‍ നിന്ന് 14 പോയന്‍റുള്ള സണ്‍റൈസേഴ്സ് അഞ്ചാം സ്ഥാനത്താണ്. സ്വന്തംമെതാനത്ത് ഹൈദരാബാദിന്‍െറ ആദ്യ തോല്‍വിയാണിത്.
ഡെയ്ല്‍ സ്റ്റെയ്ന്‍ എറിഞ്ഞ ആദ്യ ഓവറിലെ ആറു പന്തും പ്രതിരോധിച്ചാണ് ഹസി തുടങ്ങിയത്. എന്നാല്‍, ഇശാന്തിന്‍െറ അടുത്ത ഓവറില്‍ ഓസീസ് താരം രണ്ടു തവണ പന്ത് അതിര്‍ത്തി കടത്തി. തന്‍െറ രണ്ടാം ഓവറിലും കണിശത പുലര്‍ത്തിയ സ്റ്റെയ്ന്‍ രണ്ടു റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ഇശാന്തിനെ തുടരെ മൂന്നു തവണ സിക്സിന് പറത്തി വിജയ് കരുത്തു കാട്ടി.
പെരേരയുടെ അടുത്ത ഓവറില്‍ വിക്കറ്റിനു പിന്നില്‍ പാര്‍ഥിവ് പട്ടേലിന് പിടികൊടുത്ത് വിജയ് മടങ്ങുമ്പോള്‍ 4.2 ഓവറില്‍ സന്ദര്‍ശകര്‍ 45 ലെത്തിയിരുന്നു.
ഹസിക്കൊപ്പം റെയ്ന ചേര്‍ന്നതോടെ സ്കോറിങ്ങിന് വേഗം കൂടി. 11ാം ഓവറിലെ അവസാന പന്തില്‍ ഡാരന്‍ സമ്മിയെ സിക്സിന് ശിക്ഷിച്ച് ഹസി സ്കോര്‍ 100 കടത്തി. വ്യക്തിഗത സ്കോര്‍ 26ല്‍ നില്‍ക്കെ കരണ്‍ ശര്‍മ പോയന്‍റില്‍ റെയ്നയെ കൈവിട്ടത് സണ്‍റൈസേഴ്സിന് തിരിച്ചടിയായി. സ്റ്റെയ്നിന്‍െറ അടുത്ത ഓവറില്‍ സിംഗ്ളെടുത്ത് ഹസി 32 പന്തില്‍ അര്‍ധശതകം തികച്ചു. ഇശാന്ത് എറിഞ്ഞ 17ാം ഓവറില്‍ നാലു ഫോറും ഒരു സിക്സും ഉള്‍പ്പെടെ 25 റണ്‍സ് വാരിയ റെയ്ന 35 പന്തില്‍ അമ്പത് കടന്നു. നാലോവറില്‍ 66 റണ്‍സാണ് ഇശാന്ത് വഴങ്ങിയത്.
18ാം ഓവറില്‍ ഹസിയെയും മഹേന്ദ്ര സിങ് ധോണിയെയും (മൂന്നു പന്തില്‍ നാല്) പെരേര പുറത്താക്കിയെങ്കിലും റെയ്നയുടെ കൂറ്റനടികള്‍ക്ക് തടയിടാനായില്ല. അവസാന പന്തില്‍ ബൗണ്ടറി ഉള്‍പ്പെടെ സമ്മി എറിഞ്ഞ അവസാന ഓവറില്‍ 20 റണ്‍സ് പിറന്നെങ്കിലും അര്‍ഹിച്ച സെഞ്ച്വറിക്ക് ഒരു റണ്‍സിപ്പുറം റെയ്നയുടെ ഇന്നിങ്സ് അവസാനിച്ചു.
വമ്പന്‍ ലക്ഷ്യത്തിലേക്ക് പാഡ് കെട്ടിയിറങ്ങിയ സണ്‍റൈസേഴ്സിന് രണ്ടാം ഓവറില്‍ ശിഖര്‍ ധവാനെ (മൂന്ന്) റണ്ണൗട്ടിലൂടെ നഷ്ടമായി. നേരിട്ട ആദ്യ പന്ത് തന്നെ അതിര്‍ത്തി കടത്തിയ പാര്‍ഥിവ് പട്ടേല്‍ മുന്നേറുന്നതിനിടെ നായകന്‍ കുമാര്‍ സങ്കക്കാരയെയും ഹൈദരാബാദിന് നഷ്ടമായി. അശ്വിന്‍െറ പന്തില്‍ മോറിസ് പിടിച്ച് പുറത്താവുമ്പോള്‍ സങ്കയുടെ പേരിലുണ്ടായിരുന്നത് മൂന്ന് റണ്‍സ്. എട്ടാംഓവറില്‍ വിഹാരിയേയും (മൂന്ന്) തൊട്ടടുത്ത ഓവറില്‍ ഡാരന്‍ സമ്മിയേയും (ഏഴ്) പിന്നീട് പാര്‍ഥിവിനെയും നഷ്ടമായതോടെ സൂര്യസംഘം എരിഞ്ഞടങ്ങലിന്‍െറ ലക്ഷണം കാട്ടിയിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News