Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സൂറിക്: കടലില്‍ മൂത്രശങ്ക തീര്‍ത്തതിന് യുവാക്കള്‍ക്ക് കിട്ടിയത് നല്ല മുട്ടന്‍ പണി. വടക്കന്‍ ഇറ്റലിയിലെ സിന്‍കെ തേരെയിലെ തീരദേശ നഗരമായ മോണ്ടെറോസ്സോയില്‍ കടലില്‍ മൂത്രശങ്ക തീര്‍ത്തതിന് രണ്ട് യുവാക്കള്‍ക്ക് പൊലീസ് പിഴയിട്ടത് 6600 യൂറോ അതായത് 4.97 ലക്ഷം രൂപയാണ്.
പൊതുസ്ഥലത്തെ അപമര്യാദയ്ക്കാണ് ശിക്ഷ. പിഴ രണ്ട് മാസത്തിനുള്ളില്‍ അടയ്ക്കുന്നില്ലെങ്കില്‍, ഇത് ആള്‍ക്കൊന്നിന് 10000 യൂറോയിലേക്ക് ഉയരും.
ബോട്ടിലെ രാത്രി പാര്‍ട്ടി കഴിഞ്ഞു കരയിലേക്ക് മടങ്ങിയ 20, 23 വയസ്സുള്ള യുവാക്കളാണ് കുടുങ്ങിയത്. അത്യാവശ്യമായിപ്പോയതുകൊണ്ടും, രാത്രിയായി ആരും കാണില്ലെന്ന വിശ്വാസത്തിലുമാണ് ഇരുട്ടിന്റെ മറപറ്റി ഇവര്‍ കടലില്‍ കാര്യം സാധിച്ചത്.
ടൂറിസ്റ്റുകളുടേത് അല്ലാത്ത, മത്സ്യബന്ധനത്തിന് മാത്രം ഉപയോഗിക്കുന്ന ബീച്ചിന്റെ ഭാഗം ആണെന്നതും ‘കാര്യം സാധിക്കുന്നതിന്’ ധൈര്യമായി. എന്നാല്‍ കഷ്ടകാലത്തിന് ശങ്ക തീര്‍ക്കുന്നതിനിടയില്‍ പൊലീസ് കൈയോടെ പൊക്കി 3300 യൂറോ വീതം പിഴ നല്‍കുകയായിരുന്നു.
മൂത്രമൊഴിക്കാന്‍ ഒരിടവും ബീച്ചില്‍ ഇല്ലായിരുന്നെന്നും ബാറുകളെല്ലാം അടച്ചുപോയതുകൊണ്ട് എവിടെയും ടോയ്ലെറ്റ് സൗകര്യം ലഭ്യമല്ലായിരുന്നെന്നും പറഞ്ഞെങ്കിലും പൊലീസ് വഴങ്ങിയില്ലെന്ന് യുവാക്കളെ ഉദ്ധരിച്ച് ഇറ്റാലിയന്‍ ദേശീയ വാര്‍ത്ത ഏജന്‍സിയായ അന്‍സ റിപ്പോര്‍ട്ടി ചെയ്തു.
ഇറ്റലിയിലെ പൊതുസ്ഥലത്തു ലൈംഗിക പ്രവര്‍ത്തികള്‍ ഉള്‍പ്പെടെയുള്ള മാന്യമല്ലാത്ത പ്രവര്‍ത്തികള്‍ ചെയ്തു പിടിക്കപ്പെട്ടാല്‍, വലിയ തുക പിഴയായി നല്‍കേണ്ടി വരും. നേരത്തെ ജയില്‍ ശിക്ഷ കൂടി അനുഭവിക്കേണ്ടി വരുമായിരുന്നെങ്കിലും, കഴിഞ്ഞ വര്‍ഷം ആദ്യം വരുത്തിയ നിയമ ഭേദഗതി പ്രകാരം, ഇത് ഒഴിവാക്കി പിഴ തുക ഉയര്‍ത്തുകയായിരുന്നു.
Leave a Reply