Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തടി എപ്പോഴും ഒരു പ്രശ്നം തന്നെയാണ്… തടി കുറച്ച് സുന്ദരിയും സുന്ദരനും ആകുവാനാഗ്രഹിക്കാത്ത ഒറ്റ ആളുകൾ പോലും ഉണ്ടാവില്ല. പ്രത്യേകിച്ച് പറയുകയാണെങ്കിൽ മലയാളികൾക്കിടയിലുള്ള എറ്റവും വലിയ ഒരു സൗന്ദര്യ -ആരോഗ്യ പ്രശ്നം തന്നെയാണ് അമിതവണ്ണം. തടി കുറയ്ക്കാൻ ആഗ്രഹമുണ്ടെങ്കിലും എല്ലാവരെയും പിന്നിലോട്ട് വലിക്കുന്ന ഒരു കാര്യമാണ് ഭക്ഷണം ഒഴിവാക്കണമല്ലോ വ്യായാമം ചെയ്യണമല്ലോ എന്നുള്ള ചിന്തകൾ. സമയക്കുറവു മൂലമാണ് പലർക്കും വ്യായാമം ഒരു കീറാ മുട്ടിയാകുന്നത്. അതെല്ലാം ഓർക്കുമ്പോൾ എല്ലാരും കരുതും.. തടി അല്ലെ… ഓ അത് സാരമില്ല എന്ന്. എന്നാലും പുതിയ വസ്ത്ര പരീക്ഷണങ്ങൾ നടത്തുമ്പോൾ കണ്ണാടിക്ക് മുൻപിൽ വിഷമ ഭാവത്തോടെ നിൽക്കുന്ന ആളുകൾ കുറച്ചൊന്നും അല്ല.. അപ്പൊ പറയും “ഛെ, എന്റെ ഒരു തടി… എന്ത് ബോർ ആണ് കാണാൻ….”.
എന്നാൽ ഇനി അങ്ങനെ ഒരു വിഷമം ആർക്കും വേണ്ട. തടി കുറയ്ക്കാൻ ഇതാ ചില എളുപ്പ വഴികൾ… പേടിക്കേണ്ട.. ഭക്ഷണം കഴിക്കാതെ അല്ല.. ഭക്ഷണം കഴിച്ചു കൊണ്ട് തന്നെ തടി കുറയ്ക്കാൻ ഉള്ള മാർഗ്ഗങ്ങൾ കിട്ടിയാൽ എന്താ.. ഒന്ന് ട്രൈ ചെയ്തു നോക്കികൂടെ…?? അതിനുള്ള ചില വിദ്യകളാണ് ഇന്നത്തെ ടിപ്സിൽ…
–
–
ഭക്ഷണം ഒഴിവാക്കാതെ തടി കുറയ്ക്കാം എന്ന് പറഞ്ഞു കേട്ട ഉടനെ ഒരു പ്ലേറ്റിൽ കൂമ്പാരം പോലെ ചോറും മീന പൊരിച്ചതും കരിച്ചതും ഒന്നും എടുക്കാൻ പോകേണ്ട…. കഴിക്കാം പക്ഷെ അത് ഇതുവരെ കഴിച്ച പോലെ വാരി വലിച്ച് കഴിക്കാൻ അല്ല. പകരം ഭക്ഷണ ശീലങ്ങളിലുള്ള നിയന്ത്രണമാണ് ആദ്യം വേണ്ടത്.
ആദ്യമായി…
*ധാരാളം വെള്ളം കുടിക്കുക. നമ്മൾ സാധാരണയായി ദാഹിക്കുമ്പോൾ മാത്രം വെള്ളം കുടിക്കുന്ന ആൾക്കാരാണ്. ആ ശീലം മാറ്റി ഒരു നിശ്ചിത അളവിൽ വെള്ളം കുടിക്കുന്നത് ശീലമാക്കുക. അത് മഴക്കാലമായാലും ശരി. അതേപോലെ എപ്പോഴും വിശക്കുന്ന സമയത്ത് ഭക്ഷണം കഴിക്കാതെ വെള്ളം കുടിക്കാൻ ശ്രമിക്കുക. കാരണം ആ വിശപ്പ് എന്ന വികാരം ചിലപ്പോൾ ശരീരത്തിൽ ആവശ്യത്തിന് വെള്ളം ഇല്ല എന്നതിന്റെ അലാറം ആകാം. അതിനെ വിശപ്പായി തെറ്റിദ്ധരിച്ച് ഭക്ഷണം കഴിക്കുന്നത് വിപരീത ഫലം ആകും നൽകുക. ഭക്ഷണത്തിന് മുൻപായി ഒന്നോ രണ്ടോ ഗ്ലാസ് നിറയെ വെള്ളം കുടിക്കുന്നത് ഒരു ശീലമാക്കുക.അതിനു ശേഷം മാത്രം ഭക്ഷണം കഴിക്കാൻ തുടങ്ങുക.
–
–
* നിങ്ങളുടെ ഭക്ഷണക്രമം 3 നേരത്തിൽ നിന്ന് 5 നേരമായി കൂട്ടുക. കൌതുകം തോന്നുന്നുണ്ടല്ലേ. എന്നാൽ ഇത് അമിത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കും. ഇടയ്ക്കുള്ള രണ്ടു സമയവും ഒന്നുകിൽ ഫ്രൂട്സ് അല്ലെങ്കിൽ വെജിറ്റബിൾ സലാഡ് മാത്രം കഴിക്കുക. സലാഡിൽ തൈര് ഉപയോഗിക്കരുത്. പകരം നാരങ്ങാനീര് ഒഴിക്കുക.
* തൈര്, വെണ്ണ എന്നിവ തടി കൂടാൻ കാരണമാകുമ്പോൾ തേൻ, ഒലിവ് ഓയിൽ, ഗ്രീൻ ടീ ഇവയൊക്കെ തടി കുറയാൻ സഹായിക്കും.
*നിങ്ങളിൽ മാറ്റേണ്ട ഒരു പ്രധാന ശീലം എന്തെന്നാൽ ടി വി യുടെ മുന്നിൽ ഇരുന്നുള്ള ഭക്ഷണം കഴിക്കലാണ്. ഭക്ഷണം നിർബന്ധമായും തീൻമേശയിൽ വെച്ച് സാധനങ്ങൾ നോക്കി ആസ്വദിച്ച് വളരെ സാവകാശം ചവച്ചരച്ചു കഴിക്കുക. രുചിയറിയാതെ യാന്ത്രികമായി ഒരു ഭക്ഷണവും കഴിക്കരുത്. അതുപോലെ വയർ മുഴുവനായി നിറഞ്ഞു എന്ന് തോന്നുന്നതിന് മുൻപായി നിർത്തുക. കാരണം വയർ നിറഞ്ഞു എന്ന് നമ്മുടെ ബ്രെയിൻ മനസിലാക്കാൻ ചുരുങ്ങിയത് 15 മിനുട്ട് സമയം എടുക്കും എന്നാണ് കണക്ക്. അതിനാൽ നിറഞ്ഞു എന്ന തോന്നൽ നമുക്ക് ഉണ്ടാവുമ്പോഴേക്ക് നമ്മൾ കൂടുതൽ കഴിച്ചിട്ടുണ്ടാവും എന്നർത്ഥം.
–
–
*രാവിലെ പ്രഭാത കൃത്യങ്ങൾക്ക് ശേഷം ഒരു ഗ്ലാസ് ഇളനീർ അല്ലെങ്കിൽ തേങ്ങാവെള്ളം കുടിച്ചു കൊണ്ടു ദിവസം ആരംഭിക്കുന്നത് വളരെ ഗുണം ചെയ്യും. ബ്രേക്ക് ഫാസ്റ്റിനോടൊപ്പമോ അല്ലാതെയോ ചായ/കാപ്പി കുടിക്കുന്ന ശീലം ഉണ്ടെങ്കിൽ അതു മാറ്റി പകരം ഗ്രീൻ-ടീ ശീലമാക്കുക.
–
–
* ബ്രേക്ക്ഫാസ്റ്റ് ഒരു കാരണവശാലും ഒഴിവാക്കരുത്. മാത്രമല്ല അത് രാവിലെ കൃത്യമായി കഴിക്കുകയും വേണം.
* ബ്രേക്ക് ഫാസ്റ്റ് വൈകി കഴിച്ച് ഉച്ച ഭക്ഷണം ഒഴിവാക്കുന്നത് തടി കൂടാനേ കാരണമാകൂ എന്നറിയുക. ഉച്ചഭക്ഷണം കഴിക്കുന്നതിനു മുൻപായും ഒരു ഗ്ലാസ് വെള്ളം കുടിക്കുകയും പച്ചക്കറികൾ ചോറിനെക്കാളും കൂടുതൽ കഴിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. സോസ് കഴിക്കുന്നത് ഒഴിവാക്കുക. മാംസാഹാരം നിർബന്ധമാണെങ്കിൽ ഇറച്ചി ഒഴിവാക്കി മത്സ്യം കഴിക്കുന്നതാണ് നല്ലത്.
* കേക്ക്, ചോക്ലേറ്റ്, ഐസ്ക്രീം ഇവയൊക്കെ കഴിച്ചോളൂ. പക്ഷെ ഇവ മാത്രമാകരുത് ഭക്ഷണം.
–
–
* സോഡാ, ടിൻഡ് അല്ലെങ്കിൽ പായ്ക്ക്ഡ് ഫുഡ്, സോഫ്റ്റ്ഡ്രിങ്ക്സ്, കോളാ എന്നിവയെല്ലാം നിർത്തണം. അതിൽ അടങ്ങിയിരിക്കുന്ന സോഡിയം തടി കൂടാൻ കാരണമാകും. പകരം നല്ല ഫ്രഷ് ജ്യൂസ് ഉണ്ടാക്കി കഴിച്ചു നോക്ക്…നിങ്ങളുടെ സൗന്ദര്യമൊക്കെ ഇങ്ങു പോരും… ഓറഞ്ച്, മുസംബി, കാരറ്റ് എന്നിവയുടെ ജ്യൂസ് മറ്റു ഫ്രൂട്സ് ജ്യൂസ്നെക്കാളും ഗുണം ചെയ്യും.
–
–
*ഉപ്പ് കൂടുതൽ ഉള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കാതിരിക്കുക. ഇതിലും സോഡിയത്തിന്റെ അളവ് കൂടുതലാണ്.
* വൈകുന്നേരങ്ങളിൽ ചായയും എണ്ണ പലഹാരവും കഴിക്കുന്നത് നിർത്തുക. അത് നിങ്ങളിൽ ഒരു ഗുണവും ഉണ്ടാക്കുന്നില്ലെന്ന സത്യം നിങ്ങൾ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. അതിന് പകരം ഒരു ആപ്പിൾ അല്ലെങ്കിൽ തണ്ണിമത്തൻ കഴിക്കുന്നത് നല്ലതായിരിക്കും. ഇനി ചായ ഒഴിവാക്കാൻ സാധിക്കില്ലെങ്കിൽ കൂടെ ചെറുപഴം കഴിക്കുക. പഞ്ചസാര അല്ലെങ്കിൽ മധുര പലഹാരങ്ങൾ ഇവ തടികൂടുന്നതിന് കാരണമാണ്.
–
–
* എറ്റവുമധികം ശ്രദ്ധിക്കേണ്ടത് രാത്രി ഭക്ഷണമാണ്. എല്ലാവരും ചെയ്യുന്ന തെറ്റായ ഒരു രീതി പ്രഭാതഭക്ഷണവും, ഉച്ചഭക്ഷണവും ശരിയായി കഴിക്കാതെ രാത്രി അതിനും മാത്രം വലിച്ചുവാരി കഴിക്കുക എന്നതാണ്. ഇതാണ് തടി കൂടാനുള്ള എറ്റവും വലിയ കാരണം.
–
–
*രാത്രിയിൽ അരിഭക്ഷണം കഴിവതും ഒഴിവാക്കുക. ഗോതമ്പ്. ഓട്സ് മുതലായവ കൊണ്ടുണ്ടാക്കുന്ന ഭക്ഷണമാണ് രാത്രിയിൽ എറ്റവും നല്ലത്. ഇത് തടി കുറയ്ക്കുക മാത്രമല്ല. അമിത വയർ കുറക്കുന്നതിനും ഗുണം ചെയ്യുമെന്നൊർക്കുക.
*രാത്രിയിൽ ചെറിയ അളവിൽ മാത്രം ഭക്ഷണം കഴിക്കുക. കിടക്കാറാകുമ്പോൾ വിശപ്പ് മാറിയില്ല എന്ന് തോന്നുന്നെങ്കിൽ ഒരു ഗ്ലാസ് പാൽ അല്ലെങ്കിൽ കുറച്ച് ഫ്രൂട്സ് കഴിക്കുക.
* രാത്രിയിൽ ഫോണിലും കളിച്ച് പ്രണയ സല്ലാപങ്ങളിൽ മുഴുകി ആവശ്യത്തിന് ഉറങ്ങാതെ പകൽ കിടന്നുറങ്ങുന്നത് തടി കൂടാൻ കാരണമാകും.
–
–
തടി കൂടുന്നത് വെറും സൗന്ദര്യ പ്രശ്നം മാത്രമായി തള്ളിക്കളയണ്ട. ഇത് ഒരു വലിയ ആരോഗ്യ പ്രശ്നമായി മാറുമെന്നു മനസിലാക്കുന്നത് നിങ്ങളിലെ ലക്ഷ്യ ബോധത്തെ തീർച്ചയായും ഉണർത്തും. പിന്നെ തടി അല്ല… അതിനപ്പുറം വരെ നിങ്ങൾ ചെയ്യും. എപ്പോൾ ഒരു സന്തോഷം തോന്നുന്നില്ലേ…?? തടി കുറക്കാൻ ഭക്ഷണം ഒഴിവാക്കേണ്ട യാതൊരു ആവശ്യവും ഇല്ല. പകരം ഭക്ഷണം ക്രമീകരിച്ചാൽ മാത്രം മതി എന്ന് മനസിലായാലോ… എന്നാൽ മിഷൻ ‘തടി കുറയ്ക്കൽ’ തുടങ്ങിക്കോളു…..
Leave a Reply