Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബിരുദാനന്തര ബിരുദവും ബി.എഡ് യോഗ്യതയുമുള്ള ഒരു പെണ്‍കുട്ടിക്ക് ലഭിച്ച സര്‍ക്കാര്‍ ജോലി കക്കൂസ് കഴുകല്‍! കാരണം മറ്റൊന്നുമല്ല താഴ്ന്ന ജാതിയില്‍ ജനിച്ചു എന്നതു തന്നെ.
ഇത്തരത്തില്‍ തമിഴ്‌നാട്ടിലെ ജാതിയുടെ പേരിലുള്ള വിവേചനത്തിന്റെ നേരനുഭവം പങ്കുവെക്കുകയാണ് നിഷ പൊന്തത്തില്‍ എന്ന മാധ്യമപ്രവര്‍ത്തക. ഒരു ട്രെയിന്‍ യാത്രയിലാണ് നിഷ പൂങ്കൊടി എന്ന തമിഴ് പെണ്‍കുട്ടിയെ കണ്ടു മുട്ടുന്നത്. അരുന്ധതിയാര്‍ എന്നറിയപ്പെടുന്ന ദളിത് വിഭാഗത്തില്‍പെട്ടവര്‍ തമിഴ്‌നാട്ടില്‍ അനുഭവിക്കുന്ന വിവേചനം ഞെട്ടിക്കുന്നതാണെന്ന് നിഷ പറയുന്നു.
നിഷയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം………….
‘ഒരു ട്രെയിന്‍ യാത്രയിലാണ് അവളെ ആദ്യമായി കാണുന്നത്. ഒറ്റനോട്ടത്തില്‍ തന്നെ ഒരു തമിഴ് യുവതിയാണെന്നു വിളിച്ചു പറയുന്ന ആഭരണങ്ങളും വേഷവിധാനങ്ങളും. അറിയാവുന്ന തമിഴില്‍ പരിചയപ്പെട്ടു. പേര് പൂങ്കൊടി. വയസ്സ് ഇരുപത്തെട്ട്. വിദ്യാഭ്യാസ യോഗ്യത എം എ, ബി. എഡ്. ജോലി കോയമ്പത്തൂര്‍ കോര്‍പറേഷനില്‍ അക്കൗണ്ട്‌സ് വിഭാഗത്തില്‍. ഭര്‍ത്താവു ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. ട്രെയിന്‍ കോയമ്പത്തൂര്‍ എത്താറായപ്പോഴേക്കും ഭര്‍ത്താവിന്റെ ഫോണ്‍ കോളുകള്‍ കൂടിക്കൂടി വന്നു. മുഖത്ത് ചെറിയൊരു നാണത്തോടെ, സംഭാഷണം മുറിച്ചു കടന്നു വന്ന കോളുകള്‍ക്ക് ക്ഷമ പറഞ്ഞു അവള്‍ പറഞ്ഞു, വിവാഹം കഴിഞ്ഞിട്ട് ആറുമാസമേ ആയുള്ളൂ.
ഞാന്‍ ഒരു ജേര്‍ണലിസ്‌റ് ആണെന്ന് പരിചയപ്പെടുത്തിയപ്പോള്‍ ഉടന്‍ വന്നു ചോദ്യം, ‘ദിവ്യ ഭാരതിയെ അറിയുമോ?’. അവള്‍ ഉദേശിച്ചത് ‘കക്കൂസ്’ എന്ന ഡോക്യുമെന്ററി സിനിമയെടുത്ത ദിവ്യയെക്കുറിച്ചാണെന്നു മനസിലായി. ദിവ്യ വളരെ അടുത്ത സുഹൃത്താണെന്നും പലപ്പോളും എന്റെ വീട്ടില്‍ താമസിച്ചിട്ടുണ്ടെന്നും പറഞ്ഞപ്പോള്‍ അവള്‍ക്കെന്തോ എന്നോട് പറയാനുള്ളതായി തോന്നി. ചോദിച്ചപ്പോള്‍ പറഞ്ഞു, ‘എന്റെ ജോലിയെക്കുറിച്ചു ഞാന്‍ നിങ്ങളോടു പറഞ്ഞത് കള്ളത്തരമാണ്’.
ഒന്ന് നിര്‍ബന്ധിച്ചപ്പോള്‍ അവള്‍ തുടര്‍ന്നു. തമിഴ്‌നാട്ടില്‍ അരുന്ധതിയാര്‍ എന്നറിയപ്പെടുന്ന ദളിത് വിഭാഗത്തില്‍പെട്ടതാണ് അവളുടെ കുടുംബം. ദളിതര്‍ക്കിടയില്‍ തന്നെ ഏറ്റവും താഴെത്തട്ടില്‍ ആണ് അരുന്ധതിയാറിന്റെ സ്ഥാനം. കക്കൂസ് വൃത്തിയാക്കാലും ഓട വൃത്തിയാക്കലും മാലിന്യ ശേഖരണവും കുലത്താഴിലായി ചെയ്തു പോരുന്ന, അരികുവല്‍ക്കരിക്കപ്പെട്ട, അടിസ്ഥാന അവകാശങ്ങള്‍ പോലും കാലങ്ങളായി നിഷേധിക്കപ്പെട്ട ഒരു വിഭാഗം. കോര്പറേഷനില്‍ തൂപ്പു ജോലിക്കാരനായിരുന്നു അവളുടെ അച്ഛന്. 2013 ജനുവരി 13 ന് ഒരു ഹാര്‍ട്ട് അറ്റാക്ക് വന്നു അച്ഛന്‍ മരിച്ചു. കുടുംബം പട്ടിണിയാകുമെന്ന അവസ്ഥയില്‍ ഇരിക്കുമ്പോളാണ് ജോലിയിലിരിക്കെ മരിച്ച ആളുടെ ആശ്രിതന് ജോലി കിട്ടുമെന്നറിഞ്ഞത്.
ഒരുപാടു സന്തോഷത്തോടെ 2015 സെപ്തംബര്‍ ഇരുപത്തെട്ടിന് അപ്പോയ്ന്റ്‌മെന്റ് ഓര്‍ഡര്‍ വാങ്ങി വായിച്ചു നോക്കിയ പൂങ്കൊടി തളര്‍ന്നു പോയി. എം എ, ബി. എഡ് ബിരുദധാരിക്ക് കിട്ടിയ തസ്‌കിത സാനിറ്ററി വര്‍ക്കര്‍.
‘ഞാന്‍ ഒരു അരുന്ധതിയാര്‍ വിഭാഗത്തിപെട്ട ആളായതുകൊണ്ടു മാത്രമാണ് എനിക്ക് ഈ പോസ്റ്റ് കിട്ടിയത്. എന്റെ വിദ്യാഭ്യാസ യോഗ്യതയല്ല അവര്‍ കാണക്കാക്കിയത്, പകരം ജാതി. മൂന്നാക്ക ജാതിയിപ്പെട്ട ഒരാള്‍ക്കും അവര്‍ ഈ തസ്തിക കൊടുക്കില്ല. ഞങ്ങള്‍ എത്ര പഠിച്ചിട്ടും എന്ത് കാര്യം തീട്ടം കോരാനും, കക്കൂസ് കഴുകാനും തന്നെ ഞങ്ങളുടെ വിധി’.
ആ ജോലിക്കു പോകില്ല എന്ന് തീരുമാനിച്ചു അവള്‍ വീട്ടിലെത്തി. പക്ഷെ, വീട്ടിലെ ദാരിദ്ര്യത്തെക്കുറിച്ചും അനുജത്തിമാരുടെ ഭാവിയെക്കുറിച്ചും പറഞ്ഞു അമ്മ അവളുടെ മനസ്സ് മാറ്റിയെടുത്തു. മനസ്സില്ല മനസ്സോടെ അവള്‍ ജോലിയില്‍ ചേര്‍ന്ന്. എന്നിട്ടു ധൈര്യം സംഭരിച്ചു നേരെ ഡെപ്യൂട്ടി കമ്മിഷണറെ കണ്ടു കാര്യം പറഞ്ഞു. മനസ്സലിവ് തോന്നിയിട്ടോ എന്തോ അവളോട് അക്കൗണ്ട്‌സ് സെക്ഷനില്‍ ജോലി ചെയ്‌തോളാന്‍ പറഞ്ഞു. ഏകദേശം 5 പേര്‍ ഒഴിവുള്ള ഒരു തസ്‌കിതയില്‍ ജോലി ആരംഭിച്ചു. പക്ഷെ, വര്‍ഷം 2 ആകാറായിട്ടും ഇന്നും പൂങ്കൊടിയുടെ തസ്‌കിത സാനിറ്ററി വര്‍ക്കര്‍. ശമ്പളം 15,000 രൂപ തന്നെ.
പൂങ്കൊടിയോളം ധൈര്യമില്ലാത്ത ഉന്നത വിദ്യാഭ്യാസമുള്ള അനേകം ദളിത് പുരുഷന്മാരും സ്ത്രീകളും ഇന്നും സാനിറ്ററി വര്‍കേഴ്‌സ് ആയിത്തന്നെ ജോലി ചെയ്തു പോരുന്ന ഒരു കോര്‍പറേഷനാണു കോയമ്പത്തൂര്‍ കോര്‍പറേഷന്‍ എന്ന് അന്വേഷണത്തില്‍ നിന്നും മനസിലായി. ഈ ഉന്നത ബിരുദധാരികളെ സൂപ്പര്‍വൈസ് ചെയ്യുന്ന പലരും വെറും 8 ക്ലാസ് വിജയികളെന്നു തിരിച്ചറിയുമ്പോളാണ് ഒരു സംസ്ഥാനം അതിന്റെ സര്‍ക്കാരിലൂടെ എങ്ങനെയാണ് ജാതീയത നിലനിര്‍ത്തിപോരുന്നത് എന്ന് മനസിലാവുന്നത്.
*പൂങ്കൊടി എന്നത് അവളുടെ ശരിയായ പേരല്ല. ഐഡന്റിറ്റി പുറത്തു വന്നാല്‍ അവള്‍ക്കു സമാധാനമായി ജോലി ചെയ്യാന്‍ കഴിയില്ല എന്ന് പറഞ്ഞതിനാല്‍ പേര് മാറ്റിയതാണ്.’
Leave a Reply