Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രവർത്തികളിലും ചിന്തയിലുമുള്ള തിന്മകളെ കരിച്ചുകളഞ്ഞ് നന്മയിലേക്കുള്ള പ്രയാണമാണ് ഓരോ റംസാൻ മാസവും. ലോകത്തെങ്ങുമുള്ള വിശ്വാസികള്‍ സല്‍പ്രവൃത്തികൾ മാത്രം ചെയ്യാനാഗ്രഹിക്കുന്ന പുണ്യ മാസം. വിവിധ രൂപഭാവങ്ങളോടെയാണെങ്കിലും എല്ലാ മതങ്ങളിലും വ്രതാനുഷ്ഠാനം നമുക്ക് കാണാന്‍ കഴിയും. എല്ലാ വിശ്വാസ പ്രമാണങ്ങളുടെയും പ്രഭവ കേന്ദ്രം ഒന്നാണെന്ന് സാക്ഷ്യപ്പെടുത്തുക കൂടിയാണിത് ചെയ്യുന്നത്. ഒരു മാസത്തെ വ്രതം പതിനൊന്ന് മാസം എങ്ങനെ ജീവിക്കണം എന്നതിന്‍റെ ഒരു പരിശീലനം കൂടിയാണ്.
വിശുദ്ധ ഖുര്‍ആന്‍ ഇറക്കപ്പെട്ടതും ഇതേ മാസത്തില്‍ തന്നെയാണ്. കേവലം ഒരു അനുഷ്ഠാന കര്‍മമെന്ന രീതിയില്‍ അനുഷ്ഠിച്ച് പോകാനുള്ള ആചാരമായി റംസാനിനെ കണ്ടുകൂടാ. പ്രഭാതം മുതല്‍ പ്രദോഷം വരെ പട്ടിണി കിടക്കലാണ് നോമ്പെന്ന ധാരണയാണ് പലരിലും. പക്ഷെ മനസിന്‍റെ ശുദ്ധീകരണമാണ് ഈ പ്രക്രിയയിലൂടെ ഇസ്ലാം കാംക്ഷിക്കുന്നത്. മുന്‍ കഴിഞ്ഞവര്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കിയത് പോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു എന്നാണ് ഖുര്‍ആന്‍ നോമ്പിനെക്കുറിച്ച് പറയുന്നത്.
ക്രമം തെറ്റിയ ഭക്ഷണ രീതികള്‍ കൊണ്ടും അമിതമായ ഭക്ഷണോപഭോഗം കൊണ്ടും നിരവധി രോഗങ്ങളാണ് മനുഷ്യ ശരീരത്തെ അലട്ടിക്കൊണ്ടിരിക്കുന്നത്. രോഗാതുരമായ ഈ അവസ്ഥയില്‍ നിന്ന് ശരീരത്തിന് വ്രതാനുഷ്ഠാനം മുക്തി നല്‍കുന്നു. ഭക്ഷ്യ പദാര്‍ഥങ്ങളും അന്നപാനീയങ്ങളും സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ ഉപേക്ഷിക്കുന്നതിലൂടെ പട്ടിണിയുടെയും വിശപ്പിന്‍റെയും രുചിയെന്തെന്ന് മാത്രമല്ല ഭക്ഷണത്തിന്റെ യദാർധ മൂല്യം എന്താണെന്ന് കൂടി ഓരോ നോമ്പുകാരനും അറിയുന്നുണ്ട്. ഇതും നോമ്പിന്‍റെ ലക്ഷ്യങ്ങളില്‍ പ്രധാനമെത്രെ. ആത്മീയ-ഭൗതിക തലങ്ങള്‍ ഇസ്്ലാമിന്‍റെ അനുഷ്ഠാന കര്‍മ്മങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാനാകും. വയറിന്‍റെ വിശപ്പ് പോലെ തന്നെ പ്രധാനമാണ് ആത്മാവിന്‍റെ വിശപ്പും.
ആത്മീയതയും ഭൗതികതയും പരസ്പരം നിഷേധിച്ച് വിരുദ്ധ വഴികളിലൂടെ പോകേണ്ടവയല്ല. അവ സമാന്തരമായി യാത്ര ചെയ്യേണ്ടവയാണ്. ഇസ്ലാം എന്ന വാക്കിന്‍റെ അര്‍ഥം സമാധാനം എന്നാണ്. ദൗര്‍ഭാഗ്യവശാല്‍ ആ കേവല അര്‍ഥത്തിന്‍റെ സാധുത പോലും പല മുസ്ലിം സമൂഹങ്ങളിലും കാണാന്‍ കഴിയുന്നില്ലെന്നത് ഏറെ ഖേദകരമാണ്. ഏറ്റവും അധികം ക്ഷമാശീലത്തോടെ ഒരു പ്രകോപന പ്രലോഭനങ്ങള്‍ക്കും അടിമപ്പെടാതെ ഒരു വിശ്വാസി ജീവിക്കേണ്ട മാസമാണ് ഈ വ്രതാനുഷ്ഠാനത്തിന്‍റെ മാസമെന്നിരിക്കെ ഇറാഖില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും ഈജിപ്റ്റില്‍ നിന്നും നാ കേള്‍ക്കുന്ന വെടിയൊച്ചകള്‍ നമ്മെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട്,ഇവിടെ മതത്തിന്റെ മാത്രമല്ല മനുഷ്യത്വത്തിന്റെ കൂടെ വിലയെന്താണെന്ന് പലരും തിരിച്ചറിയാതെ പോവുകയാണ്. വിശ്വാസം തൊലിപ്പുറത്തല്ല വേണ്ടത്. ഹൃദയത്തിനകത്താണ്. അതില്ലെങ്കില്‍ ആത്മാവ് നഷ്ടപ്പെട്ട ജഡതുല്യമായ പ്രമാണങ്ങളാണ് വിശ്വാസികൾ നെഞ്ചേറ്റുന്നതെന്ന് പറയേണ്ടിവരും.
Leave a Reply