Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 12, 2024 10:24 am

Menu

Published on May 10, 2013 at 6:34 am

ഗോളിലാറാടി റയല്‍

rayal-goal

മഡ്രിഡ്: രണ്ടിനെതിരെ ആറു ഗോളുകള്‍ക്ക് മലാഗയെ തകര്‍ത്തുവിട്ട റയല്‍ മഡ്രിഡ് സ്പാനിഷ് ലീഗില്‍ ബാഴ്സലോണയുടെ കിരീടധാരണം വീണ്ടും നീട്ടി. മലാഗക്കെതിരെ റയല്‍ ജയിച്ചിരുന്നില്ലെങ്കില്‍ ബാഴ്സ കിരീടം ഉറപ്പിക്കുമായിരുന്നു. ജയത്തോടെ 35 കളികളില്‍ 80 പോയന്‍റുമായി രണ്ടാം സ്ഥാനത്തുള്ള റയലിന് എട്ടു പോയന്‍റ് പിന്നിലാണ് മൂന്നാമതുള്ള അത്ലറ്റികോ മഡ്രിഡ് ടീം. ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണക്ക് 34 കളികളില്‍ 88 പോയന്‍റാണ് സമ്പാദ്യം.
നൂ കാംപിലെ സ്വന്തം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആറു വ്യത്യസ്ത താരങ്ങളാണ് റയലിനായി വല കുലുക്കിയത്. ഇരുപകുതികളിലായി രണ്ടുപേര്‍ ചുകപ്പുകാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് ഒമ്പതു പേരുമായാണ് റയല്‍ കളി അവസാനിപ്പിച്ചത്. തീര്‍ത്തും ഏകപക്ഷീയമായ മത്സരത്തിന്‍െറ 26ാം മിനിറ്റില്‍ വല കുലുക്കിയ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മഡ്രിഡിനുവേണ്ടി 197 മത്സരങ്ങളില്‍ 200 ഗോള്‍ തികച്ചു.
മൂന്നാം മിനിറ്റില്‍ റൗള്‍ ആല്‍ബിയോളിന്‍െറ ഗോളില്‍ റയലാണ് മുന്നിലെത്തിയത്. ലൂക്കാ മോഡ്രിച്ചിന്‍െറ കോര്‍ണര്‍ കിക്കില്‍ ഹെഡറുതിര്‍ത്തായിരുന്നു റൗളിന്‍െറ ഗോള്‍. കളി കാല്‍മണിക്കൂറാകവേ, ആതിഥേയ പ്രതിരോധത്തിന്‍െറ കെട്ടുപൊട്ടിച്ചു ചാടിയ പരഗ്വെ സ്ട്രൈക്കര്‍ റോക്ക് സാന്‍റാ ക്രൂസ് മലാഗയെ ഒപ്പമെത്തിച്ചു. ഇരുനിരും ഒപ്പത്തിനൊപ്പം മുന്നേറിയ മത്സരത്തില്‍ മലാഗ മാനസികമായി തളര്‍ന്നത് 21ാം മിനിറ്റിലാണ്. റൊണാള്‍ഡോയെ വീഴ്ത്തിയതിന് ഡിഫന്‍ഡര്‍ സെര്‍ജിയോ സാഞ്ചസ് ചുകപ്പുകാര്‍ഡ് കണ്ട് പുറത്തായതിനു പുറമെ റയലിന് പെനാല്‍റ്റി കിക്കും ദാനമായിക്കിട്ടി. എന്നാല്‍, റൊണാള്‍ഡോയുടെ കിക്ക് എതിര്‍ഗോളി വിലി കബാല്ലെറോ കാലുകൊണ്ട് തടഞ്ഞിട്ടു.
ഈ പിഴവിന് നാലു മിനിറ്റിനകം പോര്‍ചുഗീസുകാരന്‍ പ്രായശ്ചിത്തം ചെയ്തു. ഇന്‍ഡയറക്ട് ഫ്രീകിക്കില്‍നിന്നായിരുന്നു റൊണാള്‍ഡോയുടെ ഗോള്‍. 33ാം മിനിറ്റില്‍ ഗോണ്‍സാലോ ഹിഗ്വെ്ന്‍ നല്‍കിയ ത്രൂബാളില്‍ മെസൂത് ഒസീല്‍ ലീഡുയര്‍ത്തി. ആളെണ്ണം കുറഞ്ഞിട്ടും പൊരുതിക്കളിച്ച സന്ദര്‍ശകര്‍ മൂന്നു മിനിറ്റിനുശേഷം അന്‍റ്യൂണെസിലൂടെ ഒരുഗോള്‍ തിരിച്ചടിച്ചു. ആദ്യപകുതി അവസാനിക്കാനിരിക്കേ ഫ്രീകിക്കില്‍നിന്ന് കരീം ബെന്‍സേമയും വല കുലുക്കിയതോടെ മലാഗക്കുമേല്‍ റയല്‍ പിടിമുറുക്കി.
രണ്ടാം പകുതിയിലും മേധാവിത്വം തുടര്‍ന്ന റയല്‍ ഗോളിനുവേണ്ടി പരിശ്രമിച്ചെങ്കിലും പ്രതിരോധം ശക്തമാക്കി 20 മിനിറ്റോളം മലാഗ പിടിച്ചുനിന്നു. 64ാം മിനിറ്റില്‍ മോഡ്രിച്ചാണ് ഗോളിലേക്ക് വീണ്ടും വല കുലുക്കിയത്. റൊാണാള്‍ഡോയെ വീഴ്ത്തിയതിന് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് 73ാം മിനിറ്റില്‍ മാര്‍ട്ടിന്‍ ഡെമിഷലിസും പുറത്തായതോടെ മലാഗക്ക് കാര്യങ്ങള്‍ കൂടുതല്‍ കഠിനമായി. പകരക്കാരനായിറങ്ങിയ ഏയ്ഞ്ചല്‍ ഡി മരിയ ഇഞ്ചുറി ടൈമില്‍ നിലംപറ്റെയുള്ള ഡ്രൈവിലൂടെ ആതിഥേയരുടെ ഗോള്‍നേട്ടം അരഡസനാക്കി ഉയര്‍ത്തി.
35 കളിയില്‍ 53 പോയന്‍റുമായി മലാഗ ആറാം സ്ഥാനത്താണിപ്പോള്‍. റയല്‍ സൊസീഡാഡിന് 58ഉം വലന്‍സിയക്ക് 56ഉം പോയന്‍റുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News