Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 8:30 pm

Menu

Published on May 6, 2013 at 6:03 am

റയലിന് ജയം; ബാഴ്‌സയ്ക്ക് കിരീടം വൈകും

rayal-won

മാഡ്രിഡ്:ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ബയറണ്‍ മ്യൂണിക്കിനോടേറ്റ തോല്‍വിക്ക് ലാ ലീഗ കിരീടമുയര്‍ത്തി ആശ്വാസംകൊള്ളാമെന്ന ബാഴ്‌സലോണയുടെ മോഹം സഫലമാകാന്‍ സമയമെടുക്കും. ശനിയാഴ്ച നടന്ന പോരാട്ടത്തില്‍ റയല്‍ വയ്യാഡോളിഡിനെ 4-3 ന് തകര്‍ത്തതോടെയാണ് ഈയാഴ്ച കിരീടത്തില്‍ മുത്തമിടാമെന്ന കാറ്റലന്‍ സിംഹങ്ങളുടെ സ്വപ്നം പൊലിഞ്ഞത്. മത്സരത്തില്‍ ഇരട്ട ഗോളുകള്‍ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയലിനുവേണ്ടി 200 ഗോളുകള്‍ നേടുന്ന താരമായി.

റയല്‍ തോറ്റാല്‍ ഞായറാഴ്ച റയല്‍ ബെറ്റിസിനെ കീഴടക്കുക വഴി ബാഴ്‌സയ്ക്ക് കിരീടം ഉറപ്പാക്കാമായിരുന്നു. ക്രിസ്റ്റ്യാനോയുടെ നേതൃത്വത്തില്‍ മികച്ച പ്രകടനത്തിലൂടെ ജയം നേടിയ റയല്‍ ബാഴ്‌സയുടെ കിരീടനേട്ടം താത്കാലികമായി തടഞ്ഞു.

മത്സരത്തില്‍ റയലിനെതിരെ ഇരട്ടഗോളുകള്‍ നേടിയ ഒസ്‌കാര്‍ ഗോണ്‍സാലസ് ഏഴാം മിനിറ്റില്‍ വയ്യാഡോളിഡിന് ലീഡ് നല്കി (0-1). എന്നാല്‍ 26-ാം മിനിറ്റില്‍ ഏഞ്ചല്‍ ഡി മരിയയുടെ ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കിയുള്ള അടി വയ്യാഡോളിഡിന്റെ മാര്‍ക് വാലിയെന്‍േറയുടെ ദേഹത്ത് തട്ടി വയ്യാഡോളിഡ് പോസ്റ്റില്‍ കയറിയതോടെ സെല്‍ഫ് ഗോളില്‍ റയല്‍ സമനില നേടി(1-1). ഏഞ്ചല്‍ ഡി മരിയയുടെ ക്രോസില്‍ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ 32-ാം മിനിറ്റില്‍ വയ്യാഡോളിഡ് വലയില്‍ പന്തെത്തിച്ച ക്രിസ്റ്റ്യാനോ റയലിന് ലീഡ് നല്കി(2-1). മൂന്ന് മിനിറ്റിനുള്ളില്‍ തിരിച്ചടിച്ച വയ്യാഡോളിഡ് സാവി ഗുയേരയിലൂടെ സമനില പിടിച്ചു(2-2).

ഇടവേളയ്ക്കുശേഷം 48-ാം മിനിറ്റില്‍ കക്കയും 69-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോയും സ്‌കോര്‍ ചെയ്തതോടെ റയലിന്റെ ലീഡ് 4-2 ആയി. മെസ്യൂട്ട് ഓസിലിന്റെ ക്രോസില്‍ ക്രിസ്റ്റ്യാനോ ഹെഡ്ഡറിലൂടെ നേടിയ രണ്ടാം ഗോള്‍ റയലിനുവേണ്ടി 196 മത്സരങ്ങള്‍ കളിച്ച താരത്തിന്റെ 200-ാം ഗോളുമായി. 87-ാം മിനിറ്റില്‍ വയ്യാഡോളിഡിനുവേണ്ടി മത്സരത്തിലെ രണ്ടാം ഗോള്‍ നേടിയ ഓസ്‌കര്‍ പരാജയഭാരം കുറച്ചു(4-3).

ജയത്തോടെ 34 കളികളില്‍ നിന്ന് റയലിന് 77 പോയന്‍റായി. ലീഗില്‍ മൂന്നാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡിന് ദുര്‍ബലരായ ഡിപ്പോര്‍ട്ടീവോ ലാ കൊരൂണയോട് ഗോള്‍രഹിത സമനില വഴങ്ങേണ്ടി വന്നത് തിരിച്ചടിയായി. ഇതോടെ 34 കളികളില്‍ നിന്ന് അത്‌ലറ്റിക്കോയ്ക്ക് 69 പോയന്‍റായി.

നാലാം സ്ഥാനത്തുള്ള റയല്‍ സോസിഡാഡിനെ(58) പിന്നിലാക്കി ചാമ്പ്യന്‍സ് ലീഗ് പട്ടികയില്‍ ഇടം പിടിക്കാനുള്ള വലന്‍സിയയുടെ പോരാട്ടം തുടരുകയാണ്. ശനിയാഴ്ച ഒസാസുനയെ 4-0 ത്തിനാണ് വലന്‍സിയ തകര്‍ത്തത്. റോബര്‍ട്ടോ സോള്‍ഡാഡോ(39), റിക്കാര്‍ഡോ കോസ്റ്റ(44), എവര്‍ബനേഗ(60), ജോനാസ്(903പെനാല്‍ട്ടി) എന്നിവര്‍ വലന്‍സിയയ്ക്കുവേണ്ടി ഗോള്‍ നേടി. 36 കളികളില്‍ നിന്ന് 56 പോയന്‍റുമായി വലന്‍സിയ അഞ്ചാം സ്ഥാനത്താണ്.

ഒഡിയൊണ്‍ ഇഗ്ഹാലോ(28)യുടെ ഗോളില്‍ മലാഗയ്‌ക്കെതിരെ 1-0 ജയം നേടിയ ഗ്രനാഡയും ലീഗില്‍ നില മെച്ചപ്പെടുത്തി 35 പോയന്‍റുമായി 15-ാം സ്ഥാനത്തെത്തി.

Loading...

Leave a Reply

Your email address will not be published.

More News