Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വഡോദര: ഷാരൂഖ് ഖാനെ കാണാനെത്തിയ ജനക്കൂട്ടം വഡോദര റയില്‍വേ സ്റ്റേഷനില്‍ അക്രമാസക്തമായതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചു. മറ്റൊരാളുടെ നില ഗുരുതരകമായി തുടരുകയാണ്. സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

റിലീസാകാനിരിക്കുന്ന തന്റെ പുതിയ ചിത്രം ‘റയീസി’ന്റെ പ്രചരണാര്‍ത്ഥം ആഗസ്റ്റ് ക്രാന്തി രാജധാനി എക്സ്പ്രസില്‍ മുംബൈയില്‍നിന്ന് ഡല്‍ഹിയിലേയ്ക്കുള്ള യാത്രയിലായിരുന്നു ഷാരൂഖ് ഖാന്‍. ഇതിനിടെ ഓരോ സ്‌റ്റേഷനിലും ഉച്ചഭാഷിണിയിലൂടെ ഷാരൂഖ് ജനങ്ങളെ അഭിസംബോധന ചെയ്യാനായിരുന്നു പരിപാടി. ഇതിനിടയില്‍ ട്രെയിന്‍ വഡോദരയിലെത്തിയപ്പോഴാണ് സംഭവം.

തിങ്കളാഴ്ച രാത്രി 10.30തോടെ ട്രെയിന്‍ വഡോദര സ്റ്റേഷന്റെ ആറാമത്തെ പ്ലാറ്റ്ഫോമിലെത്തിയപ്പോഴായിരുന്നു സംഭവം. ഷാരൂഖിനെ കാണാന്‍ നൂറുകണക്കിന് ആരാധകരാണ് സ്റ്റേഷനില്‍ തടിച്ചുകൂടിയത്. ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്തിയ ഉടന്‍ ഷാരൂഖ് യാത്രചെയ്തിരുന്ന കോച്ചിനു സമീപം തടിച്ചുകൂടിയ ആരാധകര്‍ കോച്ചിന്റെ ജനാല ചില്ലില്‍ ഇടിക്കാനും ബഹളം കൂട്ടാനും തുടങ്ങി.
പത്തു മിനിറ്റോളം സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിന്‍ വീണ്ടും നീങ്ങിത്തുടങ്ങിയപ്പോള്‍ ജനങ്ങള്‍ പിന്നാലെ ഓടാന്‍ തുടങ്ങുകയായിരുന്നു. ഈ തിക്കിലും തിരക്കിലും പെട്ട് പലര്‍ക്കും പരിക്കേറ്റു. ഈ തിരക്കിനിടയില്‍ പെട്ട് ശ്വാസം മുട്ടിയാണ് ഒരാള്‍ മരിച്ചത്. ജനങ്ങളെ നിയന്ത്രിക്കാന്‍ പൊലീസ് ചെറിയ രീതിയില്‍ ലാത്തി വീശുകയുമുണ്ടായി. ഇതിനിടയിലാണ് രണ്ടു പൊലീസുകാര്‍ക്ക് പരിക്കേറ്റത്.

പ്രാദേശിക രാഷ്ട്രീയപ്രവര്‍ത്തകനായ ഫര്‍ഹീദ് ഖാന്‍ പത്താന്‍ എന്നയാളാണ് മരിച്ചതെന്ന് പോലീസ് വ്യക്തമാക്കി. വീണുകിടന്ന ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ക്രിക്കറ്റ് താരങ്ങളായ ഇര്‍ഫാന്‍ പത്താന്‍, യൂസഫ് പത്താന്‍ എന്നിവര്‍ ഷാരൂഖാനെ സന്ദര്‍ശിക്കാന്‍ സ്റ്റേഷനിലെത്തിയിരുന്നു.
Leave a Reply