Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗൂഗിളിന്റെ സൗണ്ട് ആംപ്ലിഫയര്‍ ആപ്പ് ആന്‍ഡ്രോയിഡ് 6.0 മാര്‍ഷമലോ ഫോണുകള്‍ മുതലുള്ള ഫോണുകളില്‍ ലഭ്യമാവും. ഭാഗികമായി കേള്‍വിക്ക് തകരാറുള്ളവരെ സഹായിക്കാനാണ് സൗണ്ട് ആംപ്ലിഫയര്‍ ആപ്പ്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് സൗണ്ട് ആംപ്ലിഫയര്‍ ഗൂഗിള്‍ അവതരിപ്പിച്ചത്. ഇതുവരെ ആന്‍ഡ്രോയിഡ് 9.0 പൈ പതിപ്പില്‍ മാത്രമാണ് ഈ സേവനം ലഭ്യമായിരുന്നത്. എന്നാല്‍ ഇനിമുതല്‍ കൂടുതല്‍ ആളുകള്‍ക്ക് ഇത് ഉപയോഗിക്കാനാവും.
രൂപത്തില്‍ പുതിയ മാറ്റങ്ങളുമായാണ് സൗണ്ട് ആംപ്ലിഫയറിന്റെ പുതിയ അപ്‌ഡേറ്റ് വന്നിരിക്കുന്നത്. ഓഡിയോ വിഷ്വലൈസേഷന്‍ ഫീച്ചര്‍ ആണ് ഇതില്‍ പ്രധാനം. സൗണ്ട് ആംപ്ലിഫയര്‍ ഉപയോഗിക്കാന്‍ നിങ്ങള്‍ ആദ്യം ഫോണില്‍ ഹെഡ്‌ഫോണ്‍ ബന്ധിപ്പിക്കണം.
ശേഷം സൗണ്ട് ആംപ്ലിഫയര്‍ ആപ്പ് തുറക്കുക. നിങ്ങള്‍ക്ക് ആവശ്യമായ ശബ്ദങ്ങളുടെ ഫ്രീക്വന്‍സി തീരുമാനിക്കാം. അതായത് നിങ്ങള്‍ക്കൊപ്പമുള്ളയാളുകളുടെ ശബ്ദം, പശ്ചാത്തലത്തില്‍ നിന്നുള്ള ശബ്ദം എന്നിവ ക്രമീകരിക്കാം. ഇതുവഴി ബഹളമുള്ളയിടങ്ങളിലും നിങ്ങള്‍ക്കൊപ്പമുള്ളയാളുടെ ശബ്ദം കേള്‍ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. കൂടാതെ ടിവികാണുന്ന സമയത്ത് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ നിങ്ങള്‍ക്ക് അനുയോജ്യമായ വിധം ടിവിയില്‍ നിന്നുള്ള ശബ്ദം ക്രമീകരിക്കാന്‍ സൗണ്ട് ആംപ്ലിഫയര്‍ സഹായിക്കും.
നിങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്ന ശബ്ദം കൂട്ടാനും കുറയ്ക്കാനും പശ്ചാത്തലത്തിലുള്ള ബഹളം ഒഴിവാക്കി കേള്‍ക്കേണ്ട ശബ്ദത്തിന് പ്രാധാന്യം നല്‍കാനും സൗണ്ട് ആംപ്ലിഫയര്‍ നിങ്ങളെ സഹായിക്കും. ഹെഡ്‌സെറ്റ് കൂടെയുണ്ടെങ്കില്‍ ഭാഗികമായി കേള്‍വിക്കുറവുള്ളവര്‍ക്ക് ചെറിയൊരളവില്‍ സഹായകമാണ് ഈ ആപ്ലിക്കേഷന്‍. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും സൗണ്ട് ആംപ്ലിഫയര്‍ ഡൗണ്‍ലോഡ് ചെയ്യാനാവും.
Leave a Reply