Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ബാറില്‍ വെച്ച് ‘ആവി’ പറക്കുന്ന മദ്യം ആവേശപൂര്‍വ്വം കഴിച്ച ഡല്‍ഹി യുവാവിന്റെ ആമാശയത്തില്‍ തുളവീണു. യുവാവ് കഴിച്ച മദ്യത്തിലെ നൈട്രജന്‍ ദ്രാവകം ആമാശയത്തിനുള്ളില്‍ പ്രവേശിച്ച് വികസിച്ചതാണ് തുളവീഴാന്‍ കാരണം.
ബാറിലെ ആകര്‍ഷകമായ ഇനമാണ് വെള്ള പുക ഉയരുന്ന കോക്ക്ടെയില്‍. ഈ കോക്ക്ടെയിലിലെ പുക പൂര്‍ണ്ണമായും പുറത്തു പോയ ശേഷം മാത്രമേ സാധാരണ അത് കഴിക്കാന്‍ പാടുള്ളൂ. എന്നാല്‍ ഇതറിയാതെ 30 കാരനായ യുവാവ് കോക്കടെയില്‍ കിട്ടിയ പാടെ കഴിച്ചതാണ് അപകടത്തിന് കാരണമായത്.
തുടര്‍ന്ന് കടുത്ത വേദനയും ശ്വാസതടസ്സവും വയറ് വീര്‍ക്കലും അനുഭവപ്പെട്ട യുവാവിനെ ഉടനടി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഉടന്‍ തന്നെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു.
ശസ്ത്രക്രിയക്കിടെ യുവാവിന്റെ ആമാശയം തുറന്ന പുസ്തകം പോലെയായിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. പൊതുവെ അരിമ്പാറകളും മറ്റും നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയകള്‍ക്കും ഐസ്‌ക്രീം അതിവേഗം കട്ടയാക്കാനും ആണ് നൈട്രജന്‍ ദ്രാവകം ഉപയോഗിച്ചു വരുന്നത്. നിറമില്ലാത്ത ഈ ദ്രാവകം കമ്പ്യൂട്ടറുകള്‍ തണുപ്പിക്കാനും ചില വൈദ്യ ആവശ്യങ്ങള്‍ക്കായി കോശങ്ങള്‍ തണുപ്പിക്കാനും ഉപയോഗിച്ചു വരുന്നു.
കാന്‍സര്‍ ബാധിതമായ കോശങ്ങള്‍, അരിമ്പാറകള്‍ എന്നിവ ഐസ്പോലെ തണുപ്പിച്ചുകൊണ്ടുള്ള ശസ്ത്രക്രിയ ആവശ്യങ്ങള്‍ക്കും നൈട്രജന്‍ ദ്രാവകം ഉപയോഗിക്കാറുണ്ട്. അതേസമയം ശീതള പാനീയങ്ങളിലും കോക്ക്‌ടെയിലുകളിലും മറ്റും ഇവ ഉപയോഗിക്കുമ്പോള്‍ ദ്രാവകത്തിലടങ്ങിയ നൈട്രജന്‍ പൂര്‍ണമായും വാതകമായി പോയിത്തീര്‍ന്ന ശേഷം മാത്രമേ കഴിക്കാന്‍ പാടുള്ളൂ. ഇതറിയാതെയാണ് യുവാവ് കോക്ക്‌ടെയില്‍ അകത്താക്കിയത്.
ഒരു ലിറ്റര്‍ നൈട്രജന്‍ ദ്രാവകത്തിന് 20 ഡിഗ്രി സെല്‍ഷ്യസില്‍ 694 ലിറ്ററായി വികസിക്കാനുള്ള കഴിവുണ്ട്. നീരാവിയായി പുറത്തു പോവുന്ന ഈ നൈട്രജന് ചുറ്റിലുമുള്ളവയെ തണുപ്പിക്കാനും കഴിയും. എന്നാല്‍ ആമാശയത്തില്‍ എത്തിയ നീരാവിക്ക് പുറത്ത പോവാന്‍ കഴിയാതെ വന്നതിനാലാണ് തുളവീണത്.
തുന്നിച്ചേര്‍ക്കാന്‍ കഴിയാത്ത വിധം ആമാശയം പുസ്തകം പോലെ തുറന്നു പോയിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. അതിനാല്‍ ആമാശയത്തിന്റെ ഒരു ഭാഗം നീക്കം ചെയ്യേണ്ടതായി വന്നു. സംഭവം നടന്ന് രണ്ടുമാസമായി, എന്നാല്‍ യുവാവ് ആരോഗ്യ നില വീണ്ടെടുത്ത് വരുന്നതേയുള്ളൂ.
Leave a Reply