Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 1:03 am

Menu

Published on May 6, 2013 at 6:00 am

സൂപ്പര്‍ കിങ്‌സ് മുട്ടുകുത്തി

super-kings-failed

മുംബൈ: തുടരെ ഏഴു വിജയങ്ങളുമായെത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഐ.പി.എല്‍. ആറാം സീസണിലെഏറ്റവും മോശം സ്‌കോറിന് (79 റണ്‍സ്) പുറത്താക്കി ആതിഥേയരായ മുംബൈ ഇന്ത്യന്‍ ഉജ്വല വിജയം നേടി. ചെന്നൈയെ 60 റണ്‍സിന് തകര്‍ത്ത മുംബൈ ഏഴാം വിജയത്തോടെ പോയന്റു പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കു കയറി. ഒരോവറില്‍ മൂന്നു വിക്കറ്റ് വീഴ്ത്തി ചെന്നൈയുടെ അടിവേരറുത്ത മുംബൈയുടെ ഇടങ്കയ്യന്‍ പേസ് ബൗളര്‍ മിച്ചല്‍ ജോണ്‍സണാണ് കളിയിലെ കേമന്‍. സ്‌കോര്‍: മുംബൈ 20 ഓവറില്‍ 5ന് 139; ചെന്നൈ 15.2 ഓവറില്‍ 79ന് പുറത്ത്.

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ചെന്നൈ 100ല്‍ താഴെ റണ്‍സിന് പുറത്താവുന്നത് ആദ്യമാണ. ഹൈദരാബാദ് സണ്‍റൈസേഴ്‌സ് ശനിയാഴ്ച ഡല്‍ഹിയെ 80 റണ്‍സിന് പുറത്താക്കിയതായിരുന്നു ഈ സീസണിലെ ഏറ്റവും ചെറിയ സ്‌കോര്‍. ടൂര്‍ണമെന്റിലെ ഫോം ടീമായ ചെന്നൈ ഇത്രപെട്ടെന്ന് തകര്‍ന്നടിയുമെന്ന് ആരും കരുതിയിരുന്നില്ല. ഒരാള്‍ അല്ലെങ്കില്‍ മറ്റൊരാള്‍ ചെന്നൈയുടെ രക്ഷക്കെത്തുന്ന കാഴ്ചയാണ് ഇതുവരെ കണ്ടുവന്നത്. എന്നാല്‍ വാംഖഡെയില്‍ അതുണ്ടായില്ല. സ്വന്തം തട്ടകത്തിലെ അജയ്യത കാത്ത മുംബൈ വമ്പന്‍ വിജയത്തോടെ അടുത്ത റൗണ്ടിലേക്കുള്ള പ്രതീക്ഷകള്‍ സജീവമാക്കി.

ടോസ് നേടി ബാറ്റു ചെയ്ത് മുംബൈ ഉയര്‍ത്തിയ 139 റണ്‍സ് ആഴമേറിയ ബാറ്റിങ്ങുള്ള ചെന്നൈയ്ക്ക് ഒരു കടമ്പയാവുമെന്ന് തോന്നിയതേയില്ല. എന്നാല്‍ അച്ചടക്കത്തോടെ പന്തെറിഞ്ഞ മുംബൈ ബൗളര്‍മാര്‍ എതിരാളികള്‍ക്ക് ഒരു പഴുതുമനുവദിച്ചില്ല. മിച്ചല്‍ ജോണ്‍സണ്‍ എറിഞ്ഞ ആദ്യ ഓവറിലെ അവസാന മൂന്നു പന്തുകളിലും മൈക്ക് ഹസ്സി നല്കിയ ക്യാച്ച് മുംബൈ നിരയിലെ ഏറ്റവും മികച്ച ഫീല്‍ഡറായ കൈറണ്‍ പൊള്ളാര്‍ഡ് വിട്ടുകളഞ്ഞ കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. എന്നാല്‍, ഈ പിഴവിന് കോട്ടം തീര്‍ത്ത് രണ്ടാം ഓവറില്‍ ജോണ്‍സണ്‍ ആഞ്ഞടിച്ചു. ഓപ്പണര്‍ മുരളിയെ ക്ലീന്‍ബൗള്‍ ചെയ്ത് ആദ്യ വിക്കറ്റെടുത്ത ജോണ്‍സണ്‍ അടുത്ത പന്തില്‍ റെയ്‌നയെയും മടക്കി. ഹസ്സിയുടെ ക്യാച്ചുകള്‍ വിട്ടുകളഞ്ഞ പൊള്ളാര്‍ഡ് ആ തെറ്റിന് പ്രായശ്ചിത്തം ചെയ്യുന്ന ക്യാച്ചിലൂടെയാണ് റെയ്‌നയെ മടക്കിയത്. ഇതോടെ ഹാട്രിക്കിന്റെ വക്കിലായി ജോണ്‍സണ്‍. ബദരിനാഥ് (0) ഹാട്രിക് നിഷേധിച്ചെങ്കിലും ഇതേ ഓവറിലെ അഞ്ചാം പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങിയതോടെ മൂന്നിന് ഒമ്പത് എന്ന നിലിയലേക്ക് ചെന്നൈ കൂപ്പുകുത്തി. ഈ പ്രഹരത്തില്‍ നിന്നും അവര്‍ക്ക് കരകയറാനായില്ല.

ഏഴാം ഓവറില്‍ അഞ്ചിന് 34 എന്ന നിലയിലേക്ക് വഴുതിയ ചെന്നൈയ്ക്ക് 12.4 ഓവറില്‍ 54 റണ്‍സെടുക്കുമ്പോഴേക്കും ഒമ്പത് വിക്കറ്റു നഷ്ടപ്പെട്ടിരുന്നു. ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മോശം സ്‌കോറിന് പുറത്താവുമെന്ന ഭീഷണിയും ചെന്നൈയ്ക്കു മുന്നിലുയര്‍ന്നു. എന്നാല്‍ അവസാന വിക്കറ്റില്‍ രവീന്ദ്ര ജഡേജയും ലാഫ്‌ലിനും ചേര്‍ന്ന് അത്തരമൊരു നാണക്കേടില്‍ നിന്നും ടീമിനെ രക്ഷിച്ചെങ്കിലും സീസണിലെ ഏറ്റവും മോശം സ്‌കോറിനുടമയെന്ന ചീത്തപ്പേരില്‍ നിന്നും കരകയറാനായില്ല. മുംബൈയ്ക്കു വേണ്ടി ജോണ്‍സണു പുറമെ ഇടങ്കയ്യന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജയും മൂന്നു വിക്കറ്റെടുത്തു. ലസിത് മലിംഗ രണ്ടു വിക്കറ്റെടുത്തപ്പോള്‍ പവന്‍ സുയലിനും ഹര്‍ഭജനും ഓരോ വിക്കറ്റു കിട്ടി.

മുംബൈയും തകര്‍ച്ചയോടെ തുടങ്ങിയ ശേഷം കരകയറുകയായിരുന്നു. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ 15.1 ഓവറില്‍ 5ന് 82 എന്ന നിലയിലായിരുന്നു ആതിഥേയര്‍. എന്നാല്‍ പിരിയാത്ത ആറാം വിക്കറ്റില്‍ 4.5 ഓവറില്‍ 57 റണ്‍സ് വാരിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (30 പന്തില്‍ പുറത്താവാതെ 39) ഹര്‍ഭജന്‍ സിങ്ങും (11 പന്തില്‍ പുറത്താവാതെ 25) ചേര്‍ന്നാണ് പൊരുതാവുന്ന സ്‌കോറിലേക്ക് ടീമിനെ എത്തിച്ചത്. രോഹിത് മൂന്നു ബൗണ്ടറിയും ഒരു സിക്‌സറുമടിച്ചപ്പോള്‍ ഹര്‍ഭജന്‍ രണ്ടു സിക്‌സറും രണ്ടു ബൗണ്ടറിയുമടിച്ചു.

Loading...

Leave a Reply

Your email address will not be published.

More News