Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 16, 2024 7:18 pm

Menu

Published on December 6, 2018 at 9:00 am

കുറഞ്ഞ വിലയ്ക്ക് മികച്ച ഫീച്ചറുകൾ ഉള്ള 5 സ്മാർട് ഫോണുകൾ

top-five-smartphone-in-lowest-price

നിരവധി മോഡൽ സ്മാര്‍ട് ഫോണുകള്‍ ലഭ്യമായ ഇന്ത്യന്‍ വിപണിയില്‍ നിങ്ങള്‍ക്ക് യോജിക്കുന്ന, പ്രശ്നമാകാത്ത, മൂല്യം നല്‍കുന്ന ഒരു ഫോണ്‍ തിരഞ്ഞെടുക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഗണ്യമായ ഡിമാന്റുള്ള ഒരു വിഭാഗമാണ് 10,000 രൂപയില്‍ താഴെയുള്ള സ്മാര്‍ട് ഫോണുകള്‍. മികച്ച ഫീച്ചറുകളും പ്രീമിയം ഡിസൈന്‍ പ്രത്യേകതകളുമുള്ള സ്മാര്‍ട് ഫോണുകള്‍ കമ്പനികള്‍ ഈ വിഭാഗത്തില്‍ വാഗ്ദാനം ചെയ്യുന്നു. ഷവോമി, റിയല്‍മി തുടങ്ങി കമ്പനികള്‍ക്ക് പുറമെ അസുസ് പോലും 10,000 രൂപയ്ക്ക് താഴെ മികച്ച ഫീച്ചറുകൾ വാഗ്ദാനം നൽകുന്നതില്‍ ഏറെ ശ്രദ്ധിക്കുന്നുണ്ട്.

റിയല്‍മി 2

പണത്തിനൊത്ത മൂല്യം നല്‍കുന്ന, 10,000 രൂപയില്‍ താഴെ വിലയ്ക്ക് ലഭിക്കുന്ന സ്മാര്‍ട് ഫോണുകളില്‍ പരിഗണിക്കാവുന്ന ഒന്നാണ് റിയല്‍മി 2. ഓഗസ്റ്റില്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്ത ഈ സ്മാര്‍ട് ഫോണ്‍ 9,499 രൂപയ്ക്കാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഫേസ് അണ്‍ലോക്ക്, റിയര്‍ ഫിംഗര്‍പ്രിന്റ്‌ സെന്‍സര്‍, 4230 എംഎഎച്ച് ബാറ്ററി, 4ജി വോള്‍ട്ട് പിന്തുണ, നോച്ച് ഡിസ്പ്ലേ, ഇരട്ട ക്യാമറ, 4 ജിബി റാം എന്നിവയാണ് ഈ ഡിവൈസിന്റെ പ്രധാന സവിശേഷതകള്‍.

ബാറ്ററിയുടെ പ്രകടനം തന്നെയാണ് ഈ സ്മാര്‍ട് ഫോണിന്റെ എടുത്ത് പറയേണ്ട സവിശേഷത. എച്ച്ഡി വിഡിയോ ലൂപ് ടെസ്റ്റില്‍ 17 മണിക്കൂര്‍ 30 മിനിറ്റ് ബാറ്ററി ബാക്കപ്പ് ആണ് റിയല്‍ മി 2 നല്‍കിയത്. സാധാരണ ഉപയോഗത്തില്‍ ഒരു ദിവസം അവസാനിക്കുമ്പോള്‍ 40 മുതല്‍ 50 ശതമാനം വരെ ബാറ്ററിചാര്‍ജ് മിച്ചമുണ്ടാകും. ഈ വില വിഭാഗത്തില്‍ പ്രതീക്ഷിക്കാവുന്നത് പോലെ ക്യാമറയുടെ ശരാശരിയാണ്.

8,990 രൂപയ്ക്ക് ഇന്ത്യയില്‍ ലോഞ്ച് ചെയ്ത റിയല്‍മി 3ജിബി റാം/ 32 ജിബി സ്റ്റോറേജ് പതിപ്പിന് അടുത്തിടെയാണ് 9,499 രൂപയായി വര്‍ധിപ്പിച്ചത്. 4 ജിബി റാം/64 ജിബി സ്റ്റോറേജ് വേരിയന്റ് 10,999 രൂപയ്ക്കും ലഭ്യമാണ്. ഡയമണ്ട് ബ്ലാക്ക്, ഡയമണ്ട് റെഡ്, ഡയമണ്ട് ബ്ലൂ നിറങ്ങളില്‍ ഫ്ലിപ്കാര്‍ട്ട്‌ വഴിയാണ് ഈ സ്മാര്‍ട് ഫോണ്‍ ലഭ്യമാകുന്നത്.

ഇൻഫിനിക്സ് നോട്ട് 5

ഓഗസ്റ്റില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ഈ സ്മാര്‍ട് ഫോണ്‍, ആന്‍ഡ്രോയ്ഡ് വണ്‍ പദ്ധതിയുടെ ഭാഗമായി, ഇന്ഫിനിക്സ് പുറത്തിറക്കിയ ആദ്യത്തെ ഫോണാണ്. സ്റ്റോക്ക് ആന്‍ഡ്രോയ്ഡ് അനുഭവത്തിന് പുറമേ, കൃത്യസമയത്തുള്ള ആന്‍ഡ്രോയ്ഡ് അപ്ഡേറ്റുകളും ഇതിന്റെ പ്രത്യേകതയാണ്. ഫുള്‍ എച്ച്ഡി+ ഫുള്‍ വ്യൂ ഡിസ്പ്ലേ, മീഡിയടെക് ഹീലിയോ പി23 SoC പ്രോസസര്‍, റിയര്‍ ഫിംഗര്‍പ്രിന്റ്‌ സെന്‍സര്‍, 4500 എംഎഎച്ച് ബാറ്ററി, 16 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ എന്നിവയാണ് ഈ സ്മാര്‍ട് ഫോണിന്റെ പ്രധാന ഫീച്ചറുകള്‍. ആന്‍ഡ്രോയ്ഡ് വണ്ണിന്റെ ഭാഗമായി രണ്ട് വര്‍ഷത്തേക്ക് സ്ഥിരമായ സോഫ്റ്റ്‌വെയര്‍, സെക്യുരിറ്റി അപ്ഡേറ്റുകളും ഈ സ്മാര്‍ട് ഫോണ്‍ ഉറപ്പുനല്‍കുന്നുണ്ട്.

അതേസമയം, ഈ പട്ടികയിലുള്ള മാറ്റ്‌ ഫോണുകളെ പോലെ തന്നെ ക്യാമറയുടെ പ്രകടനം ശരാശരിയാണ്. ഫിംഗര്‍പ്രിന്റ്‌ സ്കാനറും വിശ്വാസ യോഗ്യമല്ലാത്തതാണ്. ഇന്‍ഫിനിക്സ് നോട്ട് 5 ന്റെ 3ജിബി റാം/32 ജിബി സ്റ്റോറേജ് പതിപ്പിന്റെ വില 9,999 രൂപയാണ്. 4 ജിബി റാം/64 ജിബി സ്റ്റോറേജ് പതിപ്പ് 11,999 രൂപയ്ക്കും ലഭ്യമാണ്. ഫ്ലിപ്പ്കാര്‍ട് വഴി വിൽപ്പന നടത്തുന്ന ഈ സ്മാര്‍ട് ഫോണ്‍, ഐസ് ബ്ലൂ, മിലാന്‍ ബ്ലാക്ക്, ബെര്‍ലിന്‍ ഗ്രേ എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ ലഭിക്കുന്നു.

ഷവോമി റെഡ്മി വൈ2

പുറകില്‍ ഇരട്ട ക്യാമറ സംവിധാനത്തോടെയാണ് ഷവോമി റെഡ്മി വൈ2 വരുന്നത്. 16 മെഗാപിക്സല്‍ സെല്‍ഫി എഐ ക്യാമറ, ഫെയ്സ്അണ്‍ലോക്ക്, 18:9 ഡിസ്പ്ലേ എന്നിവ ഇതിന്റെ സവിശേഷതകളാണ്. ഫോണിന് കരുത്ത് പകരുന്ന ഒക്ടാ-കോര്‍ ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 625 SoC പ്രോസസര്‍ അഡ്രിനോ 506 ജിപിയുമായും 3 ജിബി / 4 ജിബി റാമുമായും പെയര്‍ ചെയ്തിരിക്കുന്നു. 32 ജിബി അല്ലെങ്കില്‍ 64 ജിബി സ്റ്റോറേജ് ഓപ്ഷനുകള്‍ ലഭ്യമാണ്. സെല്‍ഫി ക്യാമറയുടെ പ്രകടനം മികച്ചതാണ്.

അതേസമയം, ഫെയ്സ് റെക്കഗ്നിഷന്‍ സംവിധാനത്തിന് വേഗം കുറവാണ്. കുറഞ്ഞ വെളിച്ചത്തില്‍ ക്യാമറയുടെ പ്രകടനവും ശരാശരിയാണ്. റെഡ്മി വൈ 2 വിന്റെ 3 ജിബി റാം/ 32 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് പതിപ്പിന്റെ വില 9,999 രൂപയാണ്. 4 ജിബി റാം/ 64 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് പതിപ്പിന് 12,999 രൂപയുമാണ് വില. ഡാര്‍ക്ക് ഗ്രേ, ഗോള്‍ഡ്‌, റോസ് ഗോള്‍ഡ്‌ നിറങ്ങളില്‍ ആമസോണ്‍ ഇന്ത്യ, എംഐ ഡോട്ട് കോം, എംഐ ഹോം സ്റ്റോറുകള്‍ വഴിയും ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ വഴിയും ഈ സ്മാര്‍ട് ഫോണ്‍ ലഭ്യമാണ്.

ഷവോമി റെഡ്മി 6

സെപ്റ്റംബറിലാണ് ഷവോമി റെഡ്മി 6 ഇന്ത്യയില്‍ അവതരിപ്പിച്ചത്. എഐ പിന്തുണയോടെയുള്ള ഫെയ്സ് അണ്‍ലോക്ക്, ഡുവല്‍ 4ജി വോള്‍ട്ട്, പ്രത്യേകം മൈക്രോ എസ്ഡി കാര്‍ഡ്‌ സ്ലോട്ട്, ഇരട്ട പിന്‍ക്യാമറ എന്നിവ ഈ സ്മാര്‍ട് ഫോണിന്റെ പ്രധാന ഫീച്ചറുകളാണ്. അടുത്തിടെ ഇതിന് MIUI 10 ന്റെ ഗ്ലോബല്‍ സ്റ്റേബിള്‍ റോം അപ്ഡേറ്റ് ലഭിച്ചിരുന്നു. നല്ല ഹാര്‍ഡ്‌വെയറും, ഭേദപ്പെട്ട പ്രോസസറുമാണ് ഈ ഡിവൈസിനുള്ളത്. പക്ഷേ, കുറഞ്ഞ വെളിച്ചത്തിലുള്ള ക്യാമറ പ്രകടനം ശരാശരിയാണ്. കൂടാതെ MIUI യുടെ ബ്ലോട്ടുകളും പരസ്യങ്ങളും ഒരു തലവേദനയായി മാറും. അതുകൊണ്ട് ഇക്കാര്യങ്ങള്‍ മനസ്സില്‍ വച്ചിരിക്കണം.

ഷവോമി റെഡ്മി 6 ന്റെ 3 ജിബി റാം/ 32 ജിബി സ്റ്റോറേജ് വേരിയന്റ് 7,999 രൂപയ്ക്കും 3 ജിബി റാം/ 64 ജിബി വേരിയന്റ് 9,499 രൂപയ്ക്കുമാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. അതേസമയം, കമ്പനി അടുത്തിടെ 3 ജിബി റാം/ 32 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 8,499 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. 64 ജിബി വേരിയന്റിന്റെ വിലയില്‍ മാറ്റമില്ല. ഫ്ലിപ്കാര്‍ട്ട് വഴിയും എംഐ ഡോട്ട് കോം വഴിയും ഈ സ്മാര്‍ട് ഫോണ്‍ വാങ്ങാം.

ഓണര്‍ 7 സി

മേയില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ഓണര്‍ 7 സി സ്മാര്‍ട് ഫോണ്‍, ന്യായമായ വിലയില്‍ മെറ്റല്‍ ബോഡി, ഇരട്ട ക്യാമറ, റിയര്‍ ഫിംഗര്‍ പ്രിന്റ്‌ സെന്‍സര്‍ എന്നീ സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു. ഇതിന് സ്നാപ്ഡ്രാഗണ്‍ 450 SoC പ്രോസസര്‍ കരുത്ത് പകരുന്നു. 3 ജിബി, 4 ജിബി റാം ഓപ്ഷനുകള്‍ ലഭ്യമാണ്. 3000 എംഎച്ച് ആണ് ബാറ്ററി. മികച്ച ഡിസൈനും ഭേദപ്പെട്ട ബില്‍ഡ് ക്വാളിറ്റിയുമുള്ള ഈ സ്മാര്‍ട് ഫോണിന്റെ ഫെയ്സ്അണ്‍ലോക്ക് വേഗമാര്‍ന്നതും കൃത്യവുമാണ്. അതേസമയം, ക്യാമറകള്‍ ശരാശരിയും, ഫോണ്‍ യുഐ ചില സമയങ്ങളില്‍ ലാഗും ഉണ്ടാക്കുന്നുണ്ട്.

ഓണര്‍ 7സിയുടെ 3 ജിബി റാം, 32 ജിബി സ്റ്റോറേജ് പതിപ്പിന്റെ വില 9,999 രൂപയും 4 ജിബി റാം, 64 ജിബി സ്റ്റോറേജ് പതിപ്പിന്റെ വില 11,999 രൂപയുമാണ്. ആമസോണ്‍ ഇന്ത്യയിലൂടെ മാത്രം ലഭ്യമാകുന്ന ഈ സ്മാര്‍ട് ഫോണ്‍ കറുപ്പ്, നീല, ഗോള്‍ഡ്‌ നിറങ്ങളിലാണ് എത്തുന്നത്.

അസുസ് സെന്‍ഫോണ്‍ മാക്സ് പ്രൊ 1, മോട്ടോ എക്സ് 4, റിയല്‍ മി 1 എന്നിവയും 10,000 രൂപയോടൊപ്പം അൽപം തുക കൂടി മുടക്കിയാല്‍ ലഭിക്കുന്ന മികച്ച ഫോണുകളാണ്.

Loading...

Leave a Reply

Your email address will not be published.

More News