Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 10:14 am

Menu

Published on November 12, 2015 at 12:34 pm

മോഷ്ടാക്കളെ സൂക്ഷിക്കുക…ടെയ്‌നില്‍ പുതിയ തന്ത്രങ്ങളുമായി മോഷ്ടാക്കൾ…!

train-robbery

കൊച്ചി: ട്രെയ്ന്‍ യാത്രക്കിടെ ഉണ്ടാകുന്ന തട്ടിപ്പും കവര്‍ച്ചയും നമ്മൾ ഓരോരുത്തരും നിരവധി തവണ കേട്ടതാണ്. ഇന്നലെയും ട്രെയിനില്‍വച്ച് യാത്രക്കാരനെ ബോധരഹിതനാക്കി ഒരുലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ച്ച ചെയ്തു. ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കേരള എക്‌സ്പ്രസില്‍ ആലപ്പുഴ പൂങ്കാവ് സ്വദേശി വര്‍ഗീസാണ്(52) കവര്‍ച്ചക്കിരയായത്. വര്‍ഗീസ് അണിഞ്ഞിരുന്ന രണ്ട് മോതിരങ്ങളും ഒരു മാലയുമടക്കം എട്ടുപവന്റെ സ്വര്‍ണാഭരണങ്ങളും പേഴ്‌സിലുണ്ടായിരുന്ന എണ്ണായിരം രൂപയും മൊബൈല്‍ ഫോണും എ ടി എം കാര്‍ഡുകളും കവര്‍ച്ച ചെയ്യപ്പെട്ടു. എ ടി എം കാര്‍ഡ് ഉപയോഗിച്ച് ലക്‌നൗവില്‍ നിന്ന് മുപ്പതിനായിരം രൂപയും മോഷ്ടാക്കള്‍ പിന്‍വലിച്ചു. മൊബൈല്‍ ഫോണില്‍ സേവ് ചെയ്തിരുന്ന എ ടി എം പിന്‍നമ്പര്‍ ഉപയോഗിച്ചായിരുന്നു കവര്‍ച്ച.

രാജസ്ഥാനില്‍ താമസിക്കുന്ന റിട്ട. മിലിട്ടറി ഉദ്യോഗസ്ഥനായ വര്‍ഗീസ് തിങ്കളാഴ്ച ഉച്ചക്ക് കേരളത്തിലേക്ക് പുറപ്പെട്ട ട്രെയിനില്‍ ഒന്നാം ക്ലാസ് എ സി കംപാര്‍ട്ട്‌മെന്റിലാണ് യാത്ര ചെയ്തത്. തിങ്കളാഴ്ച വൈകീട്ട് ട്രെയിന്‍ ഉത്തര്‍പ്രദേശിലെ ആഗ്ര സ്‌റ്റേഷന്‍ വിട്ടപ്പോഴാണ് കവര്‍ച്ച നടന്നത്. കംപാര്‍ട്ട്‌മെന്റില്‍ കയറിയ ഹിന്ദി സംസാരിക്കുന്ന രണ്ടു മൂന്നു പേര്‍ കുപ്പി പൊലുള്ള എന്തോ പൊട്ടിക്കുകയും അതില്‍ നിന്ന് പാനീയം പോലുള്ള എന്തോ വസ്തു വര്‍ഗീസിന്റെ ദേഹത്ത് വീഴുകയും ചെയ്തു. ഇത് തുടച്ചുകൊടുക്കാനെന്ന പേരില്‍ അടുത്തെത്തി മയക്കുന്നതിനുള്ള എന്തോ രാസവസ്തു പ്രയോഗിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് മുതല്‍ ചൊവ്വാഴ്ച രാവിലെ വരെ ട്രെയിനില്‍ അബോധാവസ്ഥയില്‍ കിടന്ന വര്‍ഗീസ് ബോധം തിരിച്ചുകിട്ടിയപ്പോഴാണ് കവര്‍ച്ചക്കിരയായ വിവരം അറിയുന്നത്. അപ്പോഴേക്കും ട്രെയിന്‍ രണ്ടു സംസ്ഥാനങ്ങള്‍ കൂടി പിന്നിട്ടിരുന്നു. കര്‍ട്ടന്‍ വലിച്ചിട്ടിരുന്നതിനാല്‍ മോഷണ വിവരം മറ്റ് യാത്രക്കാര്‍ അറിഞ്ഞില്ല. മോഷ്ടാക്കളില്‍ രണ്ടു പേര്‍ ഝാന്‍സി സ്‌റ്റേഷനില്‍ ഇറങ്ങുന്നതു കണ്ടവരുണ്ട്.

എറണാകുളം ജംക്ഷനില്‍ വരെ ടിക്കറ്റെടുത്തിരുന്ന വര്‍ഗീസ് ഇവിടെ ഇറങ്ങി സൗത്ത് റെയില്‍വെ പോലീസില്‍ പരാതി നല്‍കി. പരാതി ആഗ്ര പോലീസിന് അയച്ചുകൊടുക്കുമെന്നും ആഗ്ര പോലീസാണ് തുടരന്വേഷണം നടത്തുകയെന്നും സൗത്ത് റെയില്‍വെ പോലീസ് അറിയിച്ചു.
കേരള എക്‌സ്പ്രസില്‍ മോഷണം വ്യാപകമാണെങ്കിലും പലപ്പോഴും ട്രെയിനുകളില്‍ പൊലീസോ ആര്‍പിഎഫോ ഉണ്ടാകാറില്ല. മോഷണം ഭയന്ന് പലരും ഉറങ്ങാറില്ലെന്നും യാത്രക്കാര്‍ പറയുന്നു. ഡല്‍ഹി മുതല്‍ തമിഴ്‌നാട് അതിര്‍ത്തിയായ ജോലാര്‍പ്പേട്ട വരെ ട്രെയിനില്‍ സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടാകാറില്ല. മഹാരാഷ്ട്ര, യു പി, ഗോവ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം ട്രെയിന്‍ കവര്‍ച്ച നടക്കുന്നത്. നിരവധി മലയാളികളാണ് അടുത്ത കാലത്ത് കവര്‍ച്ചയ്ക്ക് ഇരയായിട്ടുള്ളത്.

Loading...

Leave a Reply

Your email address will not be published.

More News