Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:36 am

Menu

Published on December 30, 2018 at 9:00 am

2018ൽ വാട്‌സാപ്പില്‍ വന്ന പുതിയ ഫീച്ചറുകള്‍

whatsapp-new-features-in-2018

വാട്‌സാപ്പ് തുരുതുരാ ഫീച്ചറുകള്‍ അവതരിപ്പിച്ച വര്‍ഷമാണ് 2018. ഗ്രൂപ്പ് വീഡിയോ കോളിങ്, സ്റ്റിക്കര്‍ എന്നിവ അതില്‍ പ്രധാനപ്പെട്ടതാണ്. വ്യാജവാര്‍ത്തകള്‍, നിയമവിരുദ്ധ ഉള്ളടക്കങ്ങളുടെ പ്രചാരണം പോലുള്ളവ വാട്‌സാപ്പിന് വെല്ലുവിളിയായി മാറിയതും പോയ വര്‍ഷമാണ്. ഫോര്‍വേഡഡ് ലേബല്‍, സസ്പീഷ്യസ് ലിങ്ക് എന്നിവ അവതരിപ്പിച്ചതും ഒറ്റത്തവണ ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കുന്ന സന്ദേശങ്ങളുടെ എണ്ണം വെട്ടിക്കുറച്ചതും ഈ വര്‍ഷം വാട്‌സാപ്പില്‍ വന്ന ചില സുപ്രധാന അപ്‌ഡേറ്റുകളാണ്. വാട്‌സാപ്പിന്റെ ഐഒഎസ് ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ എത്തിയ ചില ഫീച്ചര്‍ അപ്‌ഡേറ്റുകളാണ് താഴെ.

വാട്‌സാപ്പ് സ്റ്റിക്കര്‍

ദീപാവലിയോട് അനുബന്ധിച്ചാണ് ഇന്ത്യയില്‍ വാട്‌സാപ്പ് സ്റ്റിക്കര്‍ അവതരിപ്പിച്ചത്. വളരെ വേഗം തന്നെ വാട്‌സാപ്പ് സ്റ്റിക്കറുകള്‍ക്ക് ജനസ്വീകാര്യത ലഭിച്ചു. പുറത്തുനിന്നുള്ള ഡെവലപ്പര്‍മാര്‍ക്ക് സ്റ്റിക്കറുകള്‍ നിര്‍മിക്കാനും അവ വാട്‌സാപ്പ് ചാറ്റുകളില്‍ പങ്കുവയ്ക്കാനുമുള്ള അവസരം ലഭിച്ചതോടെ വ്യത്യസ്തങ്ങളായ സ്റ്റിക്കറുകള്‍ നിര്‍മിച്ച് പങ്കുവയ്ക്കാനുള്ള അവസരം ഉപയോക്താക്കള്‍ക്ക് ലഭിച്ചു. 14 സ്റ്റിക്കര്‍ പായ്ക്കുകളാണ് വാട്‌സാപ്പ് നല്‍കുന്നത്. അവ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഇതിന് പുറമെയാണ് മറ്റുള്ള ആപ്ലിക്കേഷനുകളില്‍ നിന്നും സ്റ്റിക്കറുകള്‍ നല്‍കാനുള്ള സൗകര്യമുള്ളത്.

വാട്‌സാപ്പ് ഫോര്‍വേഡ് പരിധി അഞ്ച് ആക്കി കുറച്ചു

വ്യാജ വാര്‍ത്തകളുടെ പ്രചാരണം നിയന്ത്രിക്കുന്നതിനായാണ് വാട്‌സാപ്പ് ഫോര്‍വേഡ് സന്ദേശങ്ങളുടെ എണ്ണം അഞ്ച് ആക്കി കുറച്ചത്. ഒരു സന്ദേശം ഒരു തവണ ഫോര്‍വേഡ് ചെയ്യുമ്പോള്‍ അഞ്ച് കോണ്‍ടാക്റ്റുകളിലേക്ക് മാത്രമേ അയക്കാന്‍ സാധിക്കൂ. ഇതുവഴി സന്ദേശങ്ങള്‍ അനാവശ്യമായി ഒരുപാട് പേരിലേക്ക് അയക്കുന്നതില്‍ നിന്നും ഉപയോക്താക്കളെ നിരുത്സാഹപ്പെടുത്താന്‍ ഫെയ്‌സ്ബുക്ക് ശ്രമിക്കുന്നു. ഐഓഎസ്, ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ ഈ നിയന്ത്രണം ഉണ്ട്.

വാട്‌സാപ്പ് ഫോര്‍വേഡ് ലേബല്‍

സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്തുവരുന്നവയാണെന്ന് തിരിച്ചറിയുന്നതിനുള്ള അടയാളമാണിത്. ലഭിക്കുന്ന സന്ദേശങ്ങളുടെ ആധികാരികത ഉറപ്പുവരുത്താനും അതിനെ കുറിച്ച് ബോധവാന്മാരാക്കുന്നതിനും ഫോര്‍വേഡ് ലേബല്‍ ഉപകരിക്കുന്നു.

വാട്‌സാപ്പ് സസ്പീഷ്യസ് ലിങ്ക് ഡിറ്റക്ഷന്‍

സംശയാസ്പദമായ വെബ്‌സൈറ്റുകളെ കുറിച്ചുള്ള മുന്നറിയിപ്പ് തരുന്നതിനാണ് ഈ ഫീച്ചര്‍. വ്യാജവാര്‍ത്തകളുടെ പ്രചരണം തടയുന്നതിനാണ് ഈ സംവിധാനവും ഒരുക്കിയിട്ടുള്ളത്. ചില ലിങ്കുകള്‍ വ്യാജ വെബ്‌സൈറ്റുകളിലേക്ക് ആളുകളെ കൊണ്ടുപോവാറുണ്ട്. ഇത്തരം വെബ്‌സൈറ്റ് ലിങ്കുകളെ തിരിച്ചറിയാന്‍ ഈ ഫീച്ചര്‍ സഹായിക്കും. വാട്‌സാപ്പില്‍ അത്തരത്തിലുള്ള ലിങ്കുകള്‍ സന്ദേശങ്ങള്‍ വരുമ്പോള്‍, ആ സന്ദേശങ്ങള്‍ക്ക് മുകളില്‍ ചുവന്ന നിറത്തില്‍ സസ്പീഷ്യസ് ലിങ്ക് ഇന്‍ഡിക്കേറ്റര്‍ കാണാം. അത് തുറക്കണോ വേണ്ടയോ എന്ന് അപ്പോള്‍ തീരുമാനിക്കാം.

വാട്‌സാപ്പ് പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ്

വാട്‌സാപ്പില്‍ സന്ദേശമായി ലഭിക്കുന്ന യൂട്യൂബ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയില്‍ നിന്നുള്ള വീഡിയോ ലിങ്കുകള്‍ വാട്​സാപ്പിൽ നിന്നും പുറത്തുപോവാതെ തന്നെ പ്ല ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറാണിത്. ഈ ലിങ്കുകള്‍ തുറക്കുമ്പോള്‍ ഒരു വീഡിയോ പ്ലെയര്‍ വിന്‍ഡോ തുറന്നുവരും. വീഡിയോ കണ്ടുകൊണ്ടു തന്നെ ചാറ്റിങ് തുടരാന്‍ ഉപയോക്താക്കള്‍ക്കാവും.

വാട്‌സാപ്പ് ഗ്രൂപ്പ് കോളിങ്

വാട്‌സാപ്പ് ഓഡിയോ വീഡിയോ ഗ്രൂപ്പ് കോളിങ് സൗകര്യമാണ് പോയവര്‍ഷം അവതരിപ്പിച്ച പ്രധാനപ്പെട്ട ഫീച്ചറുകളിലൊന്ന്. നാല് പേര്‍ക്ക് ഒരേ സമയം വീഡിയോകോള്‍ ചെയ്യാനും ഓഡിയോ കോള്‍ ചെയ്യാനും ഇതുവഴി സാധിക്കും. ആന്‍ഡ്രോയിഡിലും ഐഓഎസിലും ഈ ഫീച്ചര്‍ ലഭ്യമാണ്. കോളുകളെല്ലാം എന്റ് റ്റു എന്റ് എന്‍ക്രിപ്റ്റ് ചെയ്തതാണ്.

Loading...

Leave a Reply

Your email address will not be published.

More News