Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊല്‍ക്കത്ത: മെല്‍സിഡസിനും ബി.എം.ഡബ്ലൂവിനും ഔഡിക്കും ഒക്കെ മുന്‍പ് പ്രൗഡിയുടെയും ആഡംബരത്തിന്റെയും അവസാനവാക്കായി ഒടുവില്‍ നിരത്തുകളില്‍ നിന്ന് അപ്രത്യക്ഷമായ അംബാസഡര്‍ തിരിച്ചുവരുന്നു.
പ്രധാനമന്ത്രി മുതല്‍ സാധാരണക്കാര്‍ക്കൊപ്പം വരെ നിരത്തുകളില്‍ ഓടിയിരുന്ന അംബാസഡറിന് മാരുതിയുടെ വരവാണ് ഏറ്റവും ക്ഷീണം ചെയ്തത്. മറ്റു കമ്പനികള്‍ സാങ്കേതിക വിദ്യയിലും മറ്റും ഏറെ മുന്നേറി വാഹനങ്ങളിറക്കാന്‍ തുടങ്ങിയപ്പോള്‍ അംബാസഡറിന് പിടിച്ചു നില്‍ക്കാനായില്ല.
![]()
എന്നാലിപ്പോഴിതാ യൂറോപ്പിലെ പ്രമുഖ വാഹന നിര്‍മ്മാണ കമ്പനിയായ ഫ്രാന്‍സിലെ പ്യൂഷെ, ഇന്ത്യയുടെ സി.കെ. ബിര്‍ള ഗ്രൂപ്പിന്റെ അഭിമാനമായിരുന്ന ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്റെ അംബാസഡറിനെ സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യയില്‍ വില്‍ക്കുന്ന കാറുകളില്‍ പ്യൂഷെ അംബാസഡര്‍ ബ്രാന്‍ഡ് ഉപയോഗിക്കുമോയെന്ന കാര്യം വ്യക്തമല്ല.
80 കോടി രൂപയ്ക്കാണ് അംബാസഡറിനെ പ്യൂഷെ വാങ്ങിയത്. ട്രേഡ് മാര്‍ക്ക് ഉള്‍പ്പെടെയാണ് വില്‍പ്പന. മൂന്ന് വര്‍ഷം മുന്‍പ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് അംബാസഡര്‍ കാറുകളുടെ നിര്‍മ്മാണം അവസാനിപ്പിച്ചിരുന്നു.
2014 മെയ് മാസത്തിലായിരുന്നു ഇത്. വില്‍പ്പന വന്‍തോതില്‍ കുറഞ്ഞതിനെ തുടര്‍ന്ന് നഷ്ടം സഹിച്ച് മുന്നോട്ടുപോകാന്‍ കഴിയാതെവന്ന സാഹചര്യത്തിലാണ് പ്ലാന്റുകള്‍ അടച്ചത്.
ഒരു കാലത്ത് ഇന്ത്യന്‍ നിരത്തുകളിലെ ആഡംബരത്തിന്റെ അടയാളമായിരുന്ന അംബാസഡറിനെ ഇന്നും കൈവിടാന്‍ മനസുവരാത്ത ഉടമകളുണ്ട്. 1958-ല്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് മോറിസ് ഓക്‌സ്ഫഡ് രണ്ടാം സീരീസ് (ലാന്‍ഡ് മാസ്റ്റര്‍) ചെറിയ പരിഷ്‌കാരങ്ങളോടെ അവതരിപ്പിക്കുന്നതോടെയാണ് അംബാസഡറിന്റെ വരവ്. 1980-ല്‍ വര്‍ഷം 24,000 യൂണിറ്റ് വരെ വില്‍പ്പനയുണ്ടായിരുന്നു.
![]()
അതേസമയം ഇന്ത്യയില്‍ 1990-ന്റെ പകുതിയില്‍ മൂന്നുവര്‍ഷത്തെ മാത്രം പ്രവൃത്തിപരിചയമുള്ള പ്യൂഷെ ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ്. ഇതിനു മുന്നോടിയായി ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്റെ ചെന്നൈ പ്ലാന്റ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സി.കെ ബിര്‍ള ഗ്രൂപ്പുമായി സഹകരിക്കാനും പ്യൂഷെ ധാരണയുണ്ടാക്കിയിട്ടുണ്ട്.
Leave a Reply