Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: അനാരോഗ്യം മൂലം പൊതുപരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ പിന്‍ഗാമിയെ കുറിച്ച് തമിഴകത്ത് ചര്‍ച്ചകള്‍ ഉയരുകയാണ്. അനാരോഗ്യത്തെക്കുറിച്ച് വന്ന വാര്‍ത്തകളും ഡിഎംകെയുടെ വിമര്‍ശനങ്ങളും നിഷേധിച്ച് എഐഎഡിഎംകെ നേതൃത്വം ശക്തമായി രംഗത്ത് വന്നിരുന്നുവെങ്കിലും മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ സംസ്‌കാര ചടങ്ങില്‍ നിന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത വിട്ട് നിന്നതോടെയാണ് തമിഴ് രാഷ്ട്രീയം ഇവരുടെ പിന്‍ഗാമിയെ കുറിച്ച് ചൂടുള്ള ചര്‍ച്ചകള്‍ക്ക് കാരണമാക്കിയിരിക്കുന്നത്.
നേരത്തെ രണ്ട് തവണ അഴിമതി ആരോപണ കേസില്‍പ്പെട്ടപ്പോള്‍ ജയലളിതക്ക് പകരം മുഖ്യമന്ത്രിയായിരുന്ന, വിശ്വസ്തനായ പനീര്‍ ശെല്‍വം ജയലളിതയുടെ പിന്‍ഗാമിയാകുമെന്ന വാർത്തകൾ ഉയർന്നിരുന്നു.എന്നാൽ അതിന് സാധ്യത വളരെക്കുറവാണ് എന്നാണ് ഇപ്പോൾ അറിയുന്നത്.നിലവില്‍ സംസ്ഥാന ധനകാര്യ മന്ത്രിയാണ് അദ്ദേഹം. ബാംഗ്ലൂര്‍ കോടതി ജയലളിതയെ തടവിന് ശിക്ഷിച്ചപ്പോള്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത പനീര്‍ ശെല്‍വത്തെ ജയലളിത കാണാന്‍ കൂട്ടാക്കാതിരുന്നത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.തന്നെ കാണാന്‍ വരാതെ ഭരണകാര്യങ്ങള്‍ നോക്കാനായിരുന്നു ജയലളിതയുടെ നിര്‍ദ്ദേശം.
സിനിമയും രാഷ്ട്രീയവും ഇഴചേര്‍ന്ന തമിഴകത്ത്, സിനിമാരംഗത്ത് നിന്നുതന്നെ ജയലളിതയ്ക്ക് പിന്‍ഗാമി ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ജയലളിതയുമായി ഏറെ അടുപ്പമുള്ള നടന്‍ അജിത്തിന്റെ പേരാണ് സിനിമാരംഗത്ത് നിന്ന് ജയലളിതയുടെ പിന്‍ഗാമിയായി ഇപ്പോള്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. തമിഴകത്ത് ശക്തമായ ഫാന്‍സ് ക്ലബ്ബുള്ള അജിത്തിന്റെ ആരാധകരില്‍ നല്ലൊരു പങ്കും എഐഎഡിഎംകെ അനുഭാവികളാണ്.
നേരത്തെ ജയലളിതയുമായി ഏറെ അടുപ്പമുണ്ടായിരുന്ന നടന്‍ ഇളയ ദളപതി വിജയ് സ്വന്തമായി പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലിറങ്ങുമെന്ന പ്രചാരണം നിലനില്‍ക്കുന്നതില്‍ ഭാവിയിലെ വെല്ലുവിളി കൂടി പരിഗണിച്ച് ‘തല’ എന്ന് തമിഴ് മക്കള്‍ വിളിക്കുന്ന അജിത്തിന് നറുക്ക് വീഴുമോയെന്ന ആകാംക്ഷയിലാണ് എഐഎഡിഎംകെ അണികള്‍. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ പിന്‍ഗാമിയായി സൂപ്പര്‍സ്റ്റാര്‍ പട്ടം അലങ്കരിച്ച ശേഷം ഇളയ ദളപതി വിജയ് രാഷ്ട്രീയത്തിലിറങ്ങുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും കണക്ക് കൂട്ടുന്നത്.
Leave a Reply