Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 1:46 pm

Menu

Published on April 29, 2013 at 5:46 am

വെറ്ററിനറി സര്‍വകലാശാലാ കോഴ്സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

application-for-veterinary-course

ഡോ. ടി പി സേതുമാധവന്‍ കേരള വെറ്ററിനറി അനിമല്‍ സയന്‍സസ് സര്‍വകലാശാല 2013-14 വര്‍ഷത്തേക്കുള്ള ബിരുദാനന്തര, ഡിപ്ലോമ, ഡോക്ടറല്‍, വിദൂര വിദ്യാഭ്യാസ പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. നേരിട്ട് തൊഴിലും ഉപരിപഠന, ഗവേഷണ സാധ്യതകളുമുള്ളതാണ് വെറ്ററിനറി സര്‍വകലാശാലയുടെ കോഴ്സുകള്‍. മികച്ച ഭൗതിക-ഗവേഷണ സൗകര്യങ്ങള്‍, വിദേശ സര്‍വകലാശാലകളുമായുള്ള സഹകരണം, അക്കാദമിക് മികവിന് അസിസ്റ്റന്റ്ഷിപ്പ് മുതലായവ വെറ്ററിനറി സര്‍വകലാശാലയുടെ കോഴ്സുകള്‍ക്ക് മികവേകുന്നു. ബയോസ്റ്റാറ്റിസ്റ്റിക്സ്, ക്വാളിറ്റി സിസ്റ്റംസ് ഇന്‍ ഡെയ്റി പ്രോസസിങ്, ബയോ കെമിസ്ട്രി ആന്‍ഡ് മോളിക്കുലാര്‍ ബയോളജി, അപ്ലൈഡ് മൈക്രോ ബയോളജി, അനിമല്‍ ബയോടെക്നോളജി, അനിമല്‍ സയന്‍സ് എന്നിവയില്‍ ദ്വിവത്സര എംഎസ്സി പ്രോഗ്രാമുകളും വന്യജീവി പഠനത്തില്‍ എംഎസ് പ്രോഗ്രാമുകളുമുണ്ട്.

ബയോസ്റ്റാറ്റിസ്റ്റിക്സ് കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഗവേഷണ, ഐടി, വ്യവസായ മേഖലകളില്‍ രാജ്യത്തിനകത്തും വിദേശത്തും മികച്ച തൊഴില്‍ ലഭിക്കും. ലോകത്തില്‍ വെച്ചേറ്റവും കൂടുതല്‍ പാലുല്‍പാദിപ്പിക്കുന്ന ഇന്ത്യയില്‍ ക്ഷീരമേഖലയില്‍ നടപ്പിലാക്കുന്ന ദേശീയ ക്ഷീര മിഷനും ലോക ബാങ്കിന്റെ സഹായത്തോടെയുള്ള പുത്തന്‍ പദ്ധതികളും പാല്‍ സംസ്കരണം, ഗുണനിലവാര മേഖലയില്‍ പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ക്കാര്‍, സഹകരണ വ്യവസായ മേഖലകളില്‍ രാജ്യത്തിനകത്തും, മധ്യ പൂര്‍വേഷ്യന്‍ രാജ്യങ്ങളിലും തൊഴില്‍ ലഭിക്കും.

എംഎസ്സി ബയോ കെമിസ്ട്രി ആന്‍ഡ് മോളിക്കുലാര്‍ ബയോളജി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ദേശീയ, അന്താരാഷ്ട്ര ഗവേഷണ കേന്ദ്രങ്ങള്‍, രോഗനിര്‍ണയ ലാബുകള്‍, ബയോടെക് കമ്പനികള്‍, സര്‍വകലാശാലകള്‍ എന്നിവയില്‍ ഗവേഷണ, തൊഴില്‍ സാധ്യതകളുണ്ട്. എംഎസ്സി അപ്ലൈഡ് മൈക്രോബയോളജി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍, ഗവേഷണ സ്ഥാപനങ്ങള്‍, ഡയഗ്നോസ്റ്റിക്ക് ലാബുകള്‍, ഭക്ഷ്യസുരക്ഷിതത്വ സ്ഥാപനങ്ങള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കാം. എംഎസ്സി അനിമല്‍ ബയോടെക്നോളജി പൂര്‍ത്തിയാക്കിയവര്‍ക്ക് രാജ്യത്തിനകത്തും വിദേശത്തുമുള്ള ബയോടെക് കമ്പനികളില്‍ ഗവേഷണ-തൊഴില്‍ സാധ്യതകളുണ്ട്. എംഎസ്സി അനിമല്‍ സയന്‍സ് പൂര്‍ത്തിയാക്കിയവര്‍ക്ക് വ്യാവസായികാടിസ്ഥാനത്തിലുള്ള ഫാമുകള്‍, തീറ്റ നിര്‍മ്മാണ കമ്പനികള്‍, ഭക്ഷ്യസംസ്കരണ മേഖല എന്നിവയില്‍ തൊഴില്‍നേടാം. രാജ്യത്തിനകത്തും വിദേശത്തും ഗവേഷണ സാധ്യതകളുമുണ്ട്. എംഎസ് വന്യജീവി പഠനം സന്നദ്ധസംഘടനകള്‍, സുവോളജിക്കല്‍ പാര്‍ക്കുകള്‍, ഗവേഷണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ മികച്ച തൊഴില്‍ ലഭിക്കാന്‍ സഹായിക്കും.

പൗള്‍ട്രി സയന്‍സ്, ഡെയ്റി സയന്‍സ്, ലാബോറട്ടറി സാങ്കേതിക വിദ്യ എന്നിവയിലെ ഡിപ്ലോമ പ്രോഗ്രാമുകള്‍ പ്ലസ്ടു, വിഎച്ച്എസ്സി വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടുള്ളതാണ്. പൗള്‍ട്രി സയന്‍സ്, ഡെയ്റി സയന്‍സ ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്ക് യഥാക്രമം നേരിട്ട് കോഴിഫാമുകള്‍, തീറ്റക്കമ്പനികള്‍, ക്ഷീരമേഖല, ഡെയ്റിപ്ലാന്റുകള്‍ എന്നിവയില്‍ തൊഴില്‍ ലഭിക്കും. മുന്‍ വര്‍ഷത്തെ പൗള്‍ട്രി സയന്‍സ് ഡിപ്ലോമ പൂര്‍ത്തിയാക്കിയവരില്‍ 80 ശതമാനത്തിനും ക്യാംമ്പസ് റിക്രൂട്ട്മെന്റിലൂടെ തൊഴില്‍ ലഭിച്ചു. രണ്ടുവര്‍ഷത്തെ ഡെയ്റി സയന്‍സ് ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്ക് ക്ഷീരവ്യവസായ, സംസ്കരണ മേഖലകളില്‍ പ്രവര്‍ത്തിക്കാം. ഒരു വര്‍ഷത്തെ ലബോറട്ടറി സാങ്കേതികവിദ്യ പൂര്‍ത്തിയാക്കിയവര്‍ക്ക് രോഗനിര്‍ണയ ലാബുകളില്‍ തൊഴില്‍ ചെയ്യാം. ഇവര്‍ക്ക് സ്വയം തൊഴില്‍ സംരംഭമായി ലാബുകള്‍ തുടങ്ങാം. വെറ്ററിനറി, ഡെയ്റി സയന്‍സ് ബിരുദധാരികള്‍ക്ക് രണ്ടു വര്‍ഷത്തേക്കുള്ള എംവിഎസ്സി, എംടെക് പ്രോഗ്രാമിനും വെറ്ററിനറി സയന്‍സില്‍ മൂന്നു വര്‍ഷത്തെ ഡോക്ടറല്‍ പഠനത്തിനും അപേക്ഷിക്കാം.

ഡെയ്റി സയന്‍സ്, വെറ്ററിനറി സയന്‍സ്, മൈക്രോബയോളജി, കെമിസ്ട്രി, സുവോളജി, ബോട്ടണി, ബയോടെക്നോളജി ആന്‍ഡ് ബയോകെമിസ്ട്രി ബിരുദധാരികള്‍ക്ക് എംഎസ്സി പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാം. ബയോ സ്റ്റാറ്റിസ്റ്റിക്സിന് മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നിവ ബിരുദതലത്തില്‍ പഠിച്ചിരിക്കണം.് ബോട്ടണി, സുവോളജി, വെറ്ററിനറി സയന്‍സ്, ഫോറസ്ട്രി, കൃഷി തുടങ്ങിയ ബിരുദധാരികള്‍ക്ക് എംഎസ് വന്യജീവി പഠനത്തിന് അപേക്ഷിക്കാം. പ്ലസ്ടു, വിഎച്ച്എസ്സി ലൈവ്സ്റ്റോക്ക് മാനേജ്മെന്റ്/ഡെയ്റി ഹസ്ബന്‍ഡ്രി/ ഡെയ്റിയിങ് കഴിഞ്ഞവര്‍ക്ക് ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. ബിരുദധാരികളെ ലക്ഷ്യമിട്ടുള്ള 11 മാസത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഓഫീസ് മാനേജ്മെന്റ് സര്‍ക്കാര്‍, പൊതുമേഖല ഓഫീസുകള്‍, ബാങ്കുകള്‍, കമ്പനികള്‍ എന്നിവയില്‍ മികവുറ്റ ഓഫീസ് ജോലികള്‍ ലഭിക്കാന്‍ യുവാക്കളെ പ്രാപ്തരാക്കും. വിവര സാങ്കേതിക വിദ്യയിലൂന്നിയുള്ള വിദൂര കോഴ്സുകള്‍ക്ക് വെറ്ററിനറി സര്‍വകലാശാലയില്‍ അപേക്ഷിക്കാം. ബിരുദധാരികള്‍ക്കും തൊഴിലുള്ളവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന കോഴ്സുകളാണിവ.

അപേക്ഷിക്കേണ്ട രീതി:- ഓണ്‍ലൈന്‍ വഴിയാണ് വെറ്ററിനറി സര്‍വകലാശാലയുടെ കോഴ്സുകള്‍ക്ക് അപേക്ഷിക്കേണ്ടത്. പിഎച്ച്ഡി ക്ക് 1250 രൂപയും ബിരുദാനന്തര ബിരുദത്തിന് 1000 രൂപയും ഡിപ്ലോമയ്ക്കും സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമിനും 500 രൂപയുമാണ് അപേക്ഷാഫീസ്. പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പിഎച്ച്ഡിക്ക് 750 രൂപയും ബിരുദാനന്തര ബിരുദത്തിന് 500 രൂപയും ഡിപ്ലോമയ്ക്ക് 250 രൂപയുമാണ് ഫീസ്. അപേക്ഷാഫീസ് ഫെഡറല്‍ ബാങ്കിന്റെ എല്ലാ ശാഖയിലും അടക്കാം. അപേക്ഷ ംംം.സ്മൌ.മര.ശി എന്ന വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാം. ഓണ്‍ലൈനായി അയക്കുമ്പോള്‍ ഫെഡറല്‍ ബാങ്കില്‍നിന്ന് ലഭിക്കുന്ന രശീതി നമ്പറും തിയതിയും അപേക്ഷയില്‍ ചേര്‍ത്തിരിക്കണം. ഫോട്ടോ, ഒപ്പ് എന്നിവ അപ്ലോഡ് ചെയ്യണം. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുതിന് മുമ്പ് ഒരു പകര്‍പ്പ് തപാല്‍ വഴി ഡയറക്ടര്‍, അക്കാദമിക്സ് ആന്‍ഡ് റിസര്‍ച്ച്, കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റി, പൂക്കോട്, ലക്കിടി പി.ഒ, വയനാട് 673 576 എന്ന വിലാസത്തില്‍ അയക്കണം. സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകളും സമര്‍പ്പിക്കണം.

ഫെഡറല്‍ ബാങ്കിന്റെ ശാഖ ഇല്ലാത്ത അന്യസംസ്ഥാനങ്ങളില്‍ നിന്ന് അപേക്ഷാ ഫീസ്് ഫിനാന്‍സ് ഓഫീസറുടെ പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, കല്‍പ്പറ്റ ബ്രാഞ്ചില്‍ മാറാവുന്ന രീതിയില്‍ ഡിമാന്റ് ഡ്രാഫ്റ്റെടുത്ത് അപേക്ഷാ പകര്‍പ്പിനൊപ്പം അയക്കണം. യോഗ്യതാ പരീക്ഷയിലെ മാര്‍ക്കും പ്രവേശന പരീക്ഷയുടെയും ഇന്റര്‍വ്യൂവിയെും അടിസ്ഥാനത്തിലാണ് ബിരുദാനന്തര കോഴ്സുകള്‍ക്ക് അഡ്മിഷന്‍ നല്‍കുന്നത്. ഡിപ്ലോമക്ക് പ്രവേശന പരീക്ഷ യേയുള്ളൂ. വിദൂരവിദ്യാഭ്യാസ കോഴ്സുകള്‍ക്ക് പ്രവേശന പരീക്ഷയില്ല. പ്രവേശന പരീക്ഷ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലായി ജൂണ്‍ 30 ന് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kvasu.ac.in സന്ദര്‍ശിക്കുക. അപേക്ഷ ഫീസ് ജൂണ്‍ 16 വരെ സ്വീകരിക്കും. ഓണ്‍ലൈന്‍ വഴി അപേക്ഷ ജൂണ്‍ 18 വരെ സ്വീകരിക്കും.

Loading...

Leave a Reply

Your email address will not be published.

More News